അബുദാബി- സാമ്പത്തികരംഗത്ത് ശുദ്ധീകരണ നടപടികളുമായി യു.എ.ഇ. കള്ളപ്പണം വെളുപ്പിക്കലിന് എതിരെയുള്ള നിയമം പാലിക്കാത്ത 137 സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക മന്ത്രാലയം 6.59 കോടി ദിര്‍ഹം പിഴ ചുമത്തി.
റിയല്‍ എസ്‌റ്റേറ്റ് ഏജന്റുമാര്‍, സ്വര്‍ണ, വജ്ര ആഭരണ ഡീലര്‍മാര്‍ തുടങ്ങി ധനവിനിമയ വിഭാഗത്തില്‍പ്പെടാത്ത മറ്റു സ്ഥാപനങ്ങളിലും തൊഴില്‍ മേഖലകളിലെ കമ്പനികളിലും നടത്തിയ പരിശോധനയില്‍ 840 സ്ഥാപനങ്ങള്‍ നിയമം ലംഘിച്ചതായും മന്ത്രാലയം വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ സംഘടനകള്‍ക്ക് ധനസഹായം നല്‍കല്‍ എന്നീ കുറ്റങ്ങള്‍ക്ക് കടുത്ത ശിക്ഷയാണ് യുഎഇ നിഷ്‌കര്‍ഷിക്കുന്നത്.
ഫിനാന്‍ഷ്യല്‍ ആക്?ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) പുറപ്പെടുവിച്ച രാജ്യാന്തര മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. നിയമവിരുദ്ധരുടെ പട്ടികയില്‍ ഉള്ളവരുമായല്ല ഇടപാടുകള്‍ നടത്തുന്നത് എന്ന് ഉറപ്പാക്കുന്നതിനു വേണ്ട നയനിലപാടുകളും സംവിധാനങ്ങളും സജ്ജമാക്കുന്നതില്‍ സ്ഥാപനങ്ങള്‍ പരാജയപ്പെട്ടതായി സാമ്പത്തിക മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അബ്ദുല്ല സുല്‍ത്താന്‍ അല്‍ ഫാന്‍ അല്‍ ഷംസി പറഞ്ഞു.
ഭീകരവാദവും കള്ളപ്പണം വെളുപ്പിക്കുന്നതും ഉന്മൂലനം ചെയ്യുന്നതിനായി ആന്റി മണി ലോണ്ടറിങ്ങ് ആന്‍ഡ് കൗണ്ടറിങ്ങ് ദ് ഫിനാന്‍സിങ് ഓഫ് ടെററിസം എന്ന പേരില്‍ പ്രത്യേക എക്‌സിക്യൂട്ടീവ് ഓഫിസ് രൂപീകരിച്ച് 2021 മാര്‍ച്ചില്‍ യു.എ.ഇ നടപടി ശക്തമാക്കിയിരുന്നു.