ലിസ്ബണ്‍- ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പാസഞ്ചര്‍ ജെറ്റ് നിര്‍മ്മാതാവായ എംബ്രയര്‍ തങ്ങളുടെ ചുവടുകള്‍ ഇന്ത്യയില്‍ ഉറപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി ടാറ്റ, മഹീന്ദ്ര ഗ്രൂപ്പുകളുമായി വിമാന നിര്‍മ്മാണ പങ്കാളിത്ത ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബ്രസീല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് എംബ്രയര്‍.
എയര്‍ബസും ബോയിംഗും പോലെയുള്ള വലിയ വിമാനങ്ങളില്‍ തുടക്കം കുറിക്കാാണ് ആഗ്രഹിക്കുന്നതെന്ന് ടാറ്റ അറിയിച്ചതായി എംബ്രയര്‍ പ്രതിനിധി പറഞ്ഞു. അതിനുശേഷം വിപണി സാധ്യതയുള്ളിടങ്ങളില്‍ കൂടുതല്‍ പ്രാദേശിക വിമാനങ്ങള്‍ നോക്കുമെന്ന് എംബ്രയര്‍ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഫ്രാന്‍സിസ്‌കോ ഗോമസ് നെറ്റോ പറഞ്ഞു.
പ്രാദേശിക വ്യോമയാനരംഗത്ത് മുന്‍നിരയിലുള്ള കമ്പനിയാണ് എംബ്രയര്‍. 2023 അവസാനത്തോടെ പ്രതിരോധ വിമാന നിര്‍മാണത്തിനുള്ള ഇന്ത്യന്‍ പങ്കാളിയുമായുള്ള കരാര്‍ അന്തിമമായി ഉറപ്പിക്കാമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ഫെബ്രുവരിയില്‍ ബെംഗളൂരുവില്‍ നടന്ന എയ്‌റോ ഇന്ത്യ 2023-ല്‍ ഉത്പന്നം പ്രദര്‍ശിപ്പിച്ച എംബ്രയര്‍ ഓര്‍ഡറിനായി തങ്ങളുടെ ഏറ്റവും പുതിയ പ്രതിരോധ ഉത്പന്നമായ സി-390 മില്ലേനിയം മള്‍ട്ടി മിഷന്‍ ടാക്റ്റിക്കല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ് പുറത്തിറക്കിയിരുന്നു.