മലപ്പുറം - സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി ഒന്നര പവന്റെ രണ്ടു സ്വർണമാലയുമായി മുങ്ങി. ഇന്ന് രാവിലെ മലപ്പുറം ചെമ്മാടാണ് സംഭവം. മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
യുവതി വിവിധ മോഡലുകളിലുള്ള മാലകൾ ആവശ്യപ്പെട്ടതനുസരിച്ച് സെയിൽസ്മാൻ അവ എടുത്തുകൊണ്ടുവരുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിനിടിയിലാാണ് യുവതി വിദഗ്ധമായി മാല കൈക്കലാക്കിയത്. തുടർന്ന് യുവതി മാല കയ്യിലെ ബാഗിലേക്ക് മാറ്റുകയായിരുന്നു. ശേഷം സ്വർണം വാങ്ങാതെയായിരുന്നു യുവതിയുടെ മടക്കം. യുവതി പോയശേഷം നടത്തിയ പരിശോധനയിലാണ് രണ്ട് സ്വർണമാലകളുടെ കുറവ് ശ്രദ്ധയിൽ പെട്ടത്. പിന്നാലെ ജ്വല്ലറിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. തുടർന്നാണ് യുവതി മാല മോഷ്ടിച്ചത് വ്യക്തമായത്. തിരൂരങ്ങാടി പോലീസിൽ പരാതി നല്കിയതായി ജ്വല്ലറി ഉടമ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് സി.സി.ടിവി പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.