യുഎഇ ജലപ്രശ്‌നം പരിഹരിക്കാന്‍ അന്റാര്‍ട്ടിക്കയില്‍ നിന്ന് മഞ്ഞുമല മുറിച്ചെടുത്ത് കെട്ടിവലിച്ച് കൊണ്ടുവരും. യുഎഇയിലെ സ്വകാര്യ കമ്പനിയായ ദി നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് ആണ് പദ്ധതി നടപ്പാക്കുന്നത്. വെള്ളത്തിന് വേണ്ടി പുതിയ വഴിയായിട്ടാണ് ഈ പദ്ധതിയെ കാണുന്നത്. 2020ന്റെ തുടക്കത്തില്‍ മഞ്ഞുമല യുഎഇയിലെത്തിക്കും. ആറ് കോടി ഡോളറാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം പരീക്ഷണ അടിസ്ഥാനത്തില്‍ മഞ്ഞുമല കൊണ്ടുവരും. ഓസ്‌ട്രേലിയയിലെ പെര്‍ത്തിലേക്കോ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലേക്കോ ആയിരിക്കും പരീക്ഷണ അടിസ്ഥാനത്തില്‍ മഞ്ഞുമല കൊണ്ടുവരിക. പരീക്ഷണം വിജയിച്ചാല്‍ തൊട്ടടുത്ത വര്‍ഷം തന്നെ യുഎഇയിലേക്ക് എത്തിക്കും.
ചെലവ് കുറഞ്ഞ രീതിയില്‍ മഞ്ഞുമല മുറിച്ചെടുത്ത് എത്തിക്കാന്‍ എങ്ങനെ സാധിക്കുമെന്നാണ് കമ്പനി നോക്കുന്നത്. അതിന് വേണ്ട സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണ്. മാത്രമല്ല, കൊണ്ടുവരുന്ന വേളയില്‍ ഐസ് ഉരുകിപോകാനും പാടില്ല. ഏറെ ദൂരം സഞ്ചരിക്കാനുള്ളത് കൊണ്ട് ഐസ് ഉരുകാനുള്ള സാധ്യത കൂടുതലാണ്.
മഞ്ഞുമല എത്തിക്കാന്‍ സാധിച്ചാല്‍ കുടിവെള്ള പ്രതിസന്ധി തീരുക മാത്രമല്ല, വിനോദസഞ്ചാര മേഖലയ്ക്കും ഗുണം ചെയ്യുമെന്നും യുഎഇ കരുതുന്നു. മഞ്ഞുമലകള്‍ കപ്പലില്‍ കെട്ടി വലിച്ചു കൊണ്ടു വരാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. യുഎഇ എമിറേറ്റ്‌സ് ആയ ഫുജൈറയില്‍ നിന്നു 12600 കിലോമീറ്റര്‍ ദൂരമുണ്ട് അന്റാര്‍ട്ടിക്കന്‍ മഞ്ഞുമലകളിലേക്ക്. നല്ല കുടിവെള്ളം യുഎഇയില്‍ വിതരണം ചെയ്യുകയാണ് നാഷണല്‍ അഡൈ്വസര്‍ ബ്യൂറോയുടെ ലക്ഷ്യം.