തിരുവനന്തപുരം- ജില്ലകളില്‍ പത്ര ഏജന്റുമാരെ ഫോണില്‍ വിളിച്ച് പത്രങ്ങളുടെ സര്‍ക്കുലേഷന്റെ കണക്കെടുത്ത് പോലീസ്. ഏതൊക്കെ പത്രങ്ങളുടെ എജന്‍സിയുണ്ട്, എത്ര പത്രം വീതം വിതരണം ചെയ്യുന്നുണ്ട് എന്നിവയാണ് ചോദിക്കുന്നത്. സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നാണെന്ന് പറഞ്ഞാണ് കണക്കെടുപ്പ്. പത്രങ്ങളിലെ സര്‍ക്കുലേഷന്‍ വിഭാഗത്തിലെ ജീവനക്കാരെ വിളിച്ചും കണക്കെടുപ്പ് നടത്തുന്നുണ്ട്. ഒരു പത്രത്തിന്റെ സര്‍ക്കുലേഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പോലീസിന്റെ വിവരശേഖരണമെന്നാണ് സൂചന.
സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പത്രങ്ങളുടെ കണക്കെടുക്കുന്നില്ലെന്ന് ഇന്റലിജന്‍സ് നേതൃത്വം അറിയിച്ചു. കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലെ ഏജന്റുമാരെയാണ് കൂടുതലും വിളിക്കുന്നത്. വിജിലന്‍സ് വിഭാഗത്തിന്റെ ആവശ്യത്തിനാണെന്നും ചില ഏജന്റുമാരോട് പറയുന്നുണ്ട്. എന്നാല്‍ ഇത്തരം വിവരശേഖരണമില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കി. പോലീസ് ആസ്ഥാനവും കണക്കെടുപ്പ് നിഷേധിച്ചു. ഇത്തരം വിളികളുണ്ടായാല്‍ വിവരങ്ങള്‍ നല്‍കേണ്ടെന്നും പോലീസ് ഉന്നതര്‍ പറയുന്നു. എന്നാല്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് തയ്യാറായില്ല. പോലീസിനെ ഉപയോഗിച്ച് ഒരു പത്രത്തിനായി, മറ്റു പത്രങ്ങളുടെ കണക്കെടുപ്പ് നടത്തുകയാണെന്നാണ് ആരോപണം. മറ്റ് പത്രങ്ങള്‍ വരുത്തുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താനും ഏജന്റുമാരെ വിരട്ടാനും പോലീസിനെ ഉപയോഗിക്കുന്നതായും ആക്ഷേപമുണ്ട്. പത്രങ്ങളുടെ സര്‍ക്കുലേഷന്‍ മാനേജര്‍മാരെ സമീപിച്ചും വിവരങ്ങള്‍ തേടുന്നുണ്ട്.