Sorry, you need to enable JavaScript to visit this website.

താല്‍ക്കാലിക വി.സിമാരുടെ പട്ടിക ഗവര്‍ണര്‍ മടക്കി; പാനല്‍ നല്‍കണം

തിരുവനന്തപുരം-മഹാത്മാ ഗാന്ധി (എംജി), മലയാളം സര്‍വകലാശാലകളില്‍ താല്‍ക്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിനായി സര്‍ക്കാര്‍ നല്‍കിയ പട്ടിക ഗവര്‍ണര്‍ തള്ളി. രണ്ടു സര്‍വകലാശാലകളിലും നിലവിലുള്ള മൂന്നു വീതം സീനിയര്‍ പ്രൊഫസര്‍മാരുടെ പാനല്‍ നല്‍കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ആവശ്യപ്പെടും.

എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് കഴിഞ്ഞ ശനിയാഴ്ച വിരമിച്ചിരുന്നു. പകരം താത്കാലിക ചുമതല നല്‍കാന്‍ വിരമിച്ച ഡോ. സാബു തോമസ്, പ്രൊഫസര്‍മാരായ അരവിന്ദ് കുമാര്‍, കെ.ജയചന്ദ്രന്‍ എന്നിവരുടെ പാനലാണ് സര്‍ക്കാര്‍ നല്‍കിയത്. വിരമിച്ച വിസിയും താരതമ്യേന ജൂനിയറായ പ്രൊഫസര്‍മാരുമടങ്ങിയ പാനലായതിനാലാണ് ഗവര്‍ണര്‍ അംഗീകരിക്കാത്തത്.

സര്‍ക്കാരിന് താത്പര്യമുള്ളവരുടെ പട്ടികയാണെന്നു വിലയിരുത്തിയ ഗവര്‍ണര്‍ മുതിര്‍ന്ന പ്രൊഫസര്‍മാരടങ്ങിയ പുതിയ പാനല്‍ നല്‍കാന്‍ നിര്‍ദേശിക്കുമെന്ന് പറയുന്നു. സാബു തോമസിന് പുനര്‍നിയമനം നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം നേരത്തേ ഗവര്‍ണര്‍ തള്ളിയിരുന്നു.

 

Latest News