Sorry, you need to enable JavaScript to visit this website.

സഹകരണ ബാങ്ക് തട്ടിപ്പ്: മുൻ പ്രസിഡന്റ് റിമാൻഡിൽ, സെക്രട്ടറിയുടെ ജാമ്യപേക്ഷ തള്ളി

കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം സുൽത്താൻബത്തേരി കോടതി വളപ്പിൽ.

പുൽപള്ളി-സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.കെ.അബ്രഹാം റിമാൻഡിൽ. ബുധനാഴ്ച രാത്രി റിമാൻഡിലായ ബാങ്ക്  മുൻ സെക്രട്ടറി കെ.ടി.രമാദേവിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.  അബ്രഹാമിനെ മാനന്തവാടി ജില്ലാ ജയിലിലേക്കാണ് സുൽത്താൻബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) റിമാൻഡ് ചെയ്തത്. ഇതേ കോടതിയാണ് രമാദേവിയുടെ ജാമ്യാപേക്ഷ തള്ളിയത്. 
രണ്ടു കേസുകളിലാണ് അബ്രഹാമിന്റെ അറസ്റ്റ്. പുൽപള്ളിയിലെ ഡാനിയേൽ-സാറാക്കുട്ടി ദമ്പതികളുടെ പരാതിയിൽ 2022 ഒക്‌ടോബറിൽ രജിസ്റ്റർ ചെയ്തതാണ് കേസുകളിൽ ഒന്ന്. കേളക്കവല ചെമ്പകമൂലയിലെ കർഷകൻ കിഴക്കേഇടയിലത്ത് രാജേന്ദ്രൻ നായരെ(55) ആത്മഹത്യക്കു പ്രേരിപ്പിച്ചുവെന്നതാണ് രണ്ടാമത്തേത്. രാജേന്ദ്രൻ നായരുടെ മകന്റെ പരാതിയിലാണ് ആത്മഹത്യ പ്രേരണയ്ക്കു കേസ്. 
ഡാനിയേൽ-സാറാക്കുട്ടി ദമ്പതികളുടെ പരാതിയിൽ രജിസ്റ്റർ കേസിലാണ് രമാദേവിക്കെതിരം നടപടി. ഇവരുടെ പേരിൽ ആത്മഹത്യ പ്രേരണയ്ക്കു കേസെടുത്തിട്ടില്ല. അനുവദിച്ച വായ്പ തുക നൽകാതെ  കബളിപ്പിച്ചുവെന്നാണ്  ഡാനിയേൽ-സാറാക്കുട്ടി ദമ്പതികളുടെ പരാതി. പുൽപള്ളി സ്വദേശി കൊല്ലപ്പള്ളി സജീവനും  ഈ കേസിൽ പ്രതിയാണ്. വഞ്ചന അടക്കം കുറ്റങ്ങൾക്കാണ് മൂവർക്കുമെതിരേ കേസ്. 
രാജേന്ദ്രൻ നായരുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച അർധരാത്രിയോടെ വീട്ടിൽനിന്നാണ്   അബ്രഹാമിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ എത്തിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ട അബ്രഹാമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില മെച്ചപ്പെടാത്ത സാഹചര്യത്തിൽ പുലർച്ചെ സുൽത്താൻബത്തേരി താലൂക്ക് ഗവ.ആശുപത്രിയിലെ  അത്യാഹിത വിഭാഗത്തിലേക്കു മാറ്റി. പിന്നീട് കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്കും ഉച്ചകഴിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. ചികിത്സയിലിരിക്കെ അബ്രഹാമിനെ പുൽപള്ളി പോലീസ്  ഇൻസ്‌പെക്ടർ രാത്രി വൈകി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയാണ് അറസ്റ്റുചെയ്തത്. 
പുലർച്ച പുൽപള്ളി പോലീസ് സ്റ്റേഷനിൽ എത്തിച്ച  അബ്രഹാമിനെ രാവിലെ എട്ടരയോടെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ എത്തിച്ചെങ്കിലും കേസ് ഓപ്പൺ കോർട്ടിലാണ് കേട്ടത്. അബ്രഹാമിനെതിരായ കേസിനൊപ്പമാണ് രമാദേവിയുടെ ജാമ്യാപേക്ഷയും പരിഗണിച്ചത്. അബ്രഹാമിനുവേണ്ടി ബത്തേരി ബാറിലെ ടി.വി.അരുണും രമാദേവിക്കുവേണ്ടി കൽപറ്റ ബാറിലെ പി.ബി.വിനോദ്കുമാറും ഹാജരായി. 2022ൽ രജിസ്റ്റർ ചെയ്തതാണ് അബഹാമിന്റെ അറസ്റ്റിനു കാരണമായ കേസുകളിൽ ഒന്നെന്നു അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഈ കേസിനെക്കുറിച്ചു തന്റെ കക്ഷി അറിഞ്ഞിരുന്നില്ലെന്നു പറഞ്ഞ അഭിഭാഷകൻ അത്മഹത്യ പ്രേരണക്കുറ്റത്തിനു കേസെടുത്തതിൽ അനൗചിത്യം ഉണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും വാദിച്ചു. എന്നാൽ പുൽപള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പ ഇടപാടുകളുമായി ബന്ധപ്പെട്ട വിജിലൻസ് കേസിനും ഡാനിയേൽ-സാറാക്കുട്ടി ദമ്പതികളുടെ പരാതിയും രാജേന്ദ്രൻ നായരുടെ മരണവുമായി ബന്ധപ്പെട്ട കേസും ബന്ധപ്പെട്ടുകിടക്കുന്നതാണെന്നും ജാമ്യം നിഷേധിക്കണമെന്നുമാണ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചത്. പോലീസ് നടപടിയെ ചോദ്യം ചെയ്തായിരുന്നു അഡ്വ.പി.ബി.വിനോദ്കുമാറിന്റെ വാദം. 
പ്രതിഭാഗം വാദം കേട്ട കോടതി  കേസുകളിലെ നടപടിക്രമങ്ങൾ താത്കാലികമായി നിർത്തിവച്ച് മറ്റു കേസുകൾ കേട്ടു. ഇതിനുശേഷം ചേംബറിലേക്ക് പോയ മജിസ്‌ട്രേറ്റ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട് ഉൾപ്പെടെ രേഖകൾ വിശദമായി പരിശോധിച്ചശേഷമാണ് ജാമ്യപേക്ഷകൾ തള്ളിയത്. മജിസ്‌ട്രേറ്റ് പി. നൂറുന്നിസ  ആരാഞ്ഞപ്പോൾ രോഗങ്ങൾ അലട്ടുന്നുണ്ടെന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്നാണ് പോലീസ് അറസ്റ്റുചെയ്തതെന്നും അബ്രഹാം പറഞ്ഞു. 
കേസുകളെ നിയമപരമായി നേരിടുമെന്നും ജാമ്യത്തിനു മേൽക്കോടതിയെ സമീപിക്കുമെന്നും കോടതി വളപ്പിൽ അബ്രഹാം മാധ്യമപ്രവർത്തകരോടു പറഞ്ഞു. അബ്രഹാം ഹൈക്കോടതിയിലും രമേദേവി ജില്ലാ കോടതിയിലും അടുത്ത ദിവസം ജാമ്യാപേക്ഷ നൽകുമെന്നാണ് സൂചന. 

 

Latest News