Sorry, you need to enable JavaScript to visit this website.

വാര്‍ത്ത വായിക്കുന്നത് തന്നെയായിരുന്നില്ലേ  വീണക്ക് നല്ല തൊഴിലെന്ന് കെ. മുരളീധരന്‍ 

കൊച്ചി- ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ കടുത്ത ഭാഷയില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വാര്‍ത്ത വായിക്കുന്നത് തന്നെയായിരുന്നില്ലേ നല്ല തൊഴിലെന്നും വീണ ജോര്‍ജിന് മന്ത്രിപ്പണി പറ്റിയതാണോയെന്നും മുരളീധരന്‍ ചോദിച്ചു. കൊച്ചിയിലെ മാലിന്യ പ്രശ്നത്തില്‍ കോര്‍പ്പറേഷന്റെ അനാസ്ഥക്കെതിരെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നടത്തിയ വാഹനജാഥയുടെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍.
അതേസമയം, കെഎംഎസ്സിഎല്‍ തീപിടുത്തത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചിരുന്നു. കോവിഡ് കാലത്ത് വാങ്ങിയ ഒന്നും കത്തിനശിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. സമഗ്ര അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രത്യേക സമിതി അന്വേഷിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷണം ഏകോപിപ്പിക്കും.
'ഇത് സംബന്ധിച്ച് കെഎംഎസ്സിഎല്‍ പ്രാഥമികമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. കെഎംഎസ്സിഎല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രചരിക്കുന്ന വാര്‍ത്തകളോ പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങളിലോ ഒരു വാസ്തവവുമില്ല, കോവിഡുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു വസ്തുവും ഇതുമായി ബന്ധപ്പെട്ട് കത്തിനശിക്കുകയോ കത്തുകയോ ചെയ്തിട്ടില്ല എന്നുള്ളതാണ്. ബാക്കി കാര്യങ്ങള്‍ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അവരുടെ റിപ്പോര്‍ട്ട് വന്നതിന് ശേഷം പറയാം. പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരിക്കും അന്വേഷണം ഏകോപിപ്പിക്കുക''. വീണ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കി.
മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷനിലെ തീപ്പിടുത്തത്തില്‍ ഗുരുതര ആരോപണമുയര്‍ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത് വന്നിരുന്നു. തീപ്പിടിത്തത്തിന് കാരണം ക്ലോറിന്‍ സാന്നിധ്യം കൂടുതലുള്ള ബ്ലീച്ചിങ് പൗഡര്‍ ആണെന്നാണ് വിവരം പുറത്ത് വന്നത്. ഇത് കോവിഡ് കാലത്തെ അഴിമതി ഇടപാടുകളിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ബോധപൂര്‍വ്വം വാങ്ങി സംഭരിച്ചതാണെന്ന സംശയമുണ്ടെന്നാണ് സതീശന്‍ പറഞ്ഞത്.

Latest News