തിരുവനന്തപുരം - പ്രവാസി വ്യവസായിയുടെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും ഒരു ലക്ഷവും രൂപയും മോഷണം പോയതായി പരാതി. സിംഗപൂരിൽ ബിസിനസുകാരനായ ആറ്റിങ്ങൽ അഴൂർ മുട്ടപ്പലം തെക്കെവിളാകത്ത് സാബുവിന്റെ വീട്ടിലാണ് കവർച്ച നടന്നത്.
വീട്ടിനുള്ളിൽ ബാഗിലും അലമാരയിലുമായി സൂക്ഷിച്ചിരുന്ന 30 പവനോളം സ്വർണാഭരണങ്ങളും 85000 രൂപയും വില കൂടിയ ഫോണുമാണ് നഷ്ടപ്പെട്ടത്.
സാബുവും ഭാര്യയും കഴിഞ്ഞ വ്യാഴാഴ്ചയാണ് ബന്ധുവിന്റെ വിവാഹത്തിനായി നാട്ടിലെത്തിയത്. ചൊവ്വാഴ്ച്ച വിവാഹത്തിൽ പങ്കെടുത്ത ശേഷം രാത്രി വൈകിയാണ് വീട്ടിലെത്തിയത്. ബുധനാഴ്ച രാവിലെ വീടിന്റെ പിൻവാതിൽ തുറന്ന് കിടക്കുന്നത് കണ്ട് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കവർച്ച ശ്രദ്ധയിൽ പെട്ടത്. അടുക്കള ഭാഗത്തെ കതക് പൊളിച്ചാണ് മോഷ്ടാക്കൾ വീടിനുളളിൽ പ്രവേശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വീടിനുള്ളിലെത്തിയ മോഷ്ടാക്കൾ മേശപ്പുറത്തുണ്ടായിരുന്ന ഹാൻബാഗിൽ നിന്നും ഡയമണ്ട് ആഭരണങ്ങൾ, സ്വർണ്ണമാല, വള എന്നിവ എടുക്കുകയായിരുന്നു. എന്നാൽ, ബാഗിലുണ്ടായിരുന്ന സിംഗപൂർ ഐ.ഡി കാർഡ്, എ.ടി.എം എന്നിവ അവിടെ തന്നെ വെച്ചു. റൂമിലെ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന മാലയും വളയും കവർന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടക്കുകയാണെന്ന് ചിറയിൻകീഴ് പോലീസ് പറഞ്ഞു.