അബുദാബി - മുസ്‌ലിം ഇതര ആരാധനാലയങ്ങള്‍ സംബന്ധിച്ച കരട് ഫെഡറല്‍ നിയമത്തിന് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ (എഫ്.എന്‍.സി) അംഗീകാരം നല്‍കി. സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് കരട് നിയമം ലക്ഷ്യമിടുന്നത്. ഫ്രീ സോണുകളില്‍ സ്ഥിതി ചെയ്യുന്നവ ഉള്‍പ്പടെ രാജ്യവ്യാപകമായി ഇത്തരം എല്ലാ സ്ഥലങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. അബുദാബി പാര്‍ലമെന്റ് ആസ്ഥാനത്ത് എഫ്.എന്‍.സി സ്പീക്കര്‍ സഖര്‍ ഗോബാഷിന്റെ അധ്യക്ഷതയില്‍ ഇന്ന് നടന്ന സമ്മേളനത്തിലായിരുന്നു നിയമത്തിന് അംഗീകാരം.
രാജ്യത്തെ മുസ്‌ലിം ഇതര വിഭാഗങ്ങളുടെ മതപരമായ പ്രവര്‍ത്തനങ്ങള്‍, ആചാരങ്ങള്‍ എന്നിവ പരിശോധിക്കുന്നതിനും തരംതിരിക്കുന്നതിനും കമ്മിറ്റി രൂപീകരിക്കാനും കരട് നിയമം നിര്‍ദ്ദേശിക്കുന്നു. ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ ശുപാര്‍ശകളെ അടിസ്ഥാനമാക്കി സമിതിയുടെ ഘടന, പ്രവര്‍ത്തന സംവിധാനം, മറ്റ് ഉത്തരവാദിത്തങ്ങള്‍ എന്നിവയെക്കുറിച്ച് യു.എ.ഇ മന്ത്രിസഭ തീരുമാനിക്കും.