കൊച്ചി- എറണാകുളം മഹാരാജാസ് കോളെജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ അഭിമന്യൂ (20) കുത്തേറ്റു മരിച്ച സംഭവത്തില്‍ എസ്.ഡി.പി.ഐ അനുഭാവികളായ മൂന്നു പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ്, പത്തനംതിട്ട സ്വദേശികളായ ബിലാല്‍, ഫാറൂഖ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൂടാതെ മറ്റു നാലു പേരേയും പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഫാറൂഖ് ഈ വര്‍ഷം കോളെജില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥിയാണ്. മറ്റു രണ്ടു പേരും കോളെജിലെ വിദ്യാര്‍ത്ഥികളല്ല. കൊലയാളി സംഘത്തില്‍ മറ്റു 15 പേര്‍ കൂടി ഉള്ളതായി സംശയിക്കപ്പെടുന്നു. ഇവര്‍ക്കായി പോലീസ് വലവിരിച്ചിരിക്കുകയാണ്.
കത്തിക്കുത്തിനിടെ പരിക്കേറ്റ, അഭിമന്യൂവിനൊപ്പമുണ്ടായിരുന്നു രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥി കെ.വി അര്‍ജുന്‍ കൃഷ്ണയുടെ നില ഗുരുതരമായി തുടരുകയാണ്. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് അര്‍ജുന്‍ ചികിത്സയില്‍ കഴിയുന്നത്.
കത്തിക്കുത്ത് നടന്ന സ്ഥലത്തിനു സമീപത്തുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളില്‍ നിന്ന് ആക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കോളെജിലെ വിദ്യാര്‍ത്ഥിയും ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകനുമായ മുഹമ്മദും ഈ കൂട്ടത്തിലുണ്ട്. ഇയാളും ഒളിവിലാണ്. കോളെജ് മതിലിലെ ചുവരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അഭിമന്യൂവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. എസ്.എഫ്.ഐയും ക്യാംപസ് ഫ്രണ്ടും മത്സരിച്ചാണ് ഈ മതിലില്‍ ചുവരെഴുത്തി നടത്തി വരുന്നത്.