Sorry, you need to enable JavaScript to visit this website.

പോക്സോ നിയമത്തെക്കുറിച്ച് അധ്യാപകര്‍ക്ക് ക്ലാസ്, പ്രീ പ്രൈമറി അധ്യാപകര്‍ക്കും ഇതാദ്യം

മഞ്ചേരി-പ്രവേശനോത്സവത്തിന് മുന്നോടിയായി സബ് ജില്ലയിലെ മുഴുവന്‍ അധ്യാപകര്‍ക്കും പോക്സോ നിയമം സംബന്ധിച്ച് ക്ലാസുകള്‍ സംഘടിപ്പിച്ചു. അഭിഭാഷകര്‍, ശിശുക്ഷേമ സമിതിയംഗങ്ങള്‍, സ്പെഷല്‍ എഡ്യൂക്കേറ്റര്‍മാര്‍ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി. മഞ്ചേരി എച്ച്.എം.വൈ.എച്ച് സ്‌കൂളിലും മലബാര്‍ ടവറിലുമായി നടന്ന ക്ലാസില്‍ ഉപജില്ലയിലെ പ്രീപ്രൈമറി മുതല്‍ പത്താംക്ലാസ് വരെയുള്ള എല്ലാ അധ്യാപകരും പങ്കെടുത്തു.  ഇതാദ്യമായാണ് പോക്സോ നിയമത്തില്‍ അധ്യാപകര്‍ക്ക് പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിച്ചതെന്നു ബി.പി.ഒ  എം.പി സുധീര്‍ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂന്നു ഷിഫ്റ്റുകളിലായി നടന്ന ക്ലാസില്‍ എഴുനൂറോളം അധ്യാപകര്‍ പങ്കെടുത്തു. എസ്ഇആര്‍ടി തയാറാക്കിയ നവീകരിച്ച മൊഡ്യൂള്‍ പ്രകാരമാണ് പരിശീലനം പൂര്‍ത്തിയായത്. പ്രീ പ്രൈമറി അധ്യാപികമാര്‍ക്ക് റസിഡന്‍ഷ്യല്‍ പരിശീലനമാണ് നടന്നത്.
സ്‌കൂളുകള്‍ക്ക് ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയായി. ബ്ലോക്കുതല പ്രവേശനോത്സവം മഞ്ചേരി ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് നടക്കുന്നത്. രാവിലെ 9.30 ന് മുഖ്യമന്ത്രിയുടെ പ്രവേശനോത്സവം ഉദ്ഘാടന ചടങ്ങ് വിദ്യാലയങ്ങളില്‍ പ്രദര്‍ശിപ്പിക്കും. മഞ്ചേരി നിയോജക മണ്ഡലം എം.എല്‍.എ അഡ്വ. യു.എ ലത്തീഫ് മുഖ്യാതിഥിയായിരിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വി.എം. സുബൈദ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.എം അബ്ദുള്‍നാസര്‍, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. പ്രേമരാജീവ് തുടങ്ങിയവര്‍ സംബന്ധിക്കും; വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ ഉണ്ടായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എം.പി സുധീര്‍ബാബു, എഇഒ എസ്.സുനിത, ജിജിഎച്ച്എസ് പ്രിന്‍സിപ്പല്‍ എം. അലി, ഹെഡ്മാസ്റ്റര്‍ കെ. മധുസൂദനന്‍, പി.ടി.എ പ്രസിഡന്റ് എന്‍.ടി ഫാറൂഖ്, പി.ടി.എ വൈസ് പ്രസിഡന്റ് സലാം മഞ്ചേരി, ബിആര്‍സി ട്രെയ്നര്‍മാരായ പി. താജുദ്ദീന്‍, കെ. ബിന്ദു  എന്നിവര്‍ പങ്കെടുത്തു.

 

 

Latest News