കൂത്താട്ടുകുളം- ഇറച്ചിക്കടയിലെ സഹതൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ കൂടെ താമസിച്ച തമിഴ്‌നാട് സ്വദേശി പിടിയില്‍. തിരുവനന്തപുരം തേക്കുപാറ അമ്പൂരി സ്വദേശി ബിനു എന്ന രാധാകൃഷ്ണന്‍ (47) ഇറച്ചിക്കട ഉടമയുടെ പഴയ വീട്ടില്‍ കൊല ചെയ്യപ്പെട്ട സംഭവത്തിലാണ് തെങ്കാശി ജില്ല കടയം സ്വദേശി അര്‍ജുന്‍ എന്ന നാഗാര്‍ജുനന്‍ അറസ്റ്റിലായത്. തെങ്കാശിയില്‍ നിന്നാണ് അര്‍ജുനെ കേരള പോലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലപ്പെട്ട ബിനുവും അര്‍ജുനനും ഉടമയുടെ പഴയ വീട്ടില്‍ താമസിക്കവെ ഉപയോഗിച്ചിരുന്ന ടോയ്‌ലറ്റ് അര്‍ജുന്റെ മുറിയില്‍ അറ്റാച്ച്ഡ് ആയിരുന്നു. ബിനു പലപ്പോഴും ടോയ് ലറ്റില്‍ പോകുന്നതിന് വരുമ്പോള്‍ അര്‍ജുന്‍ മുറി അകത്തു നിന്നും പൂട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് കൊല്ലപ്പെട്ടത് എന്നാണ് സംശയിക്കുന്നത്. തര്‍ക്കത്തെ തുടര്‍ന്നുള്ള വിരോധത്തില്‍ രാത്രി കൊലപാതകം നടത്തിയ അര്‍ജുന്‍ തെങ്കാശിയിലേക്ക് രക്ഷപ്പെടുകയായിരുന്നു.
തെന്മല എസ്. ഐ സുബിന്‍ തങ്കച്ചന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ തെങ്കാശി പോലീസിന്റെയും തമിഴ്‌നാട് സ്‌പെഷല്‍ ബ്രാഞ്ചിന്റെയും ക്യു ബ്രാഞ്ചിന്റെയും സഹായത്തോടെ തെങ്കാശി ബസ് സ്റ്റാന്റില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
പുത്തന്‍കുരിശ് ഡിവൈ എസ്. പി ടി. ബി വിജയന്‍, പിറവം പോലീസ് ഇന്‍സ്‌പെക്ടര്‍ ഇന്ദ്രരാജ് ഡി. എസ്, കൂത്താട്ടുകുളം എസ്. ഐ എബി എം. പി, പിറവം എസ്. ഐ ആനന്ദ എം. എ, എസ്. ഐ രാജേഷ് വി, എ. എസ്. ഐമാരായ രാജൂ പോള്‍, രാജേഷ് തങ്കപ്പന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മനോജ് കെ. വി, സിവില്‍ പോലീസ് ഓഫീസര്‍മാരായ മനോജ് പി. കെ, രജീഷ് ആര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.