കണ്ണൂർ - തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥി ഒറ്റ വോട്ടിന് ജയിച്ച വാർഡിൽ യു.ഡി.എഫിന് അട്ടിമറി വിജയം. കണ്ണൂരിലെ ചെറുതാഴം പഞ്ചായത്ത് 16ാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി യു . രാമചന്ദ്രൻ 80 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തത്. ഈ വിജയത്തോടെ പ്രതിപക്ഷമില്ലാത്ത പഞ്ചായത്ത് എന്ന സ്ഥാനവും ഇടതുപക്ഷത്തിന് നഷ്ടമായി.
എൽ.ഡി.എഫിലെ കരുണാകരനെയാണ് രാമചന്ദ്രൻ പരാജയപ്പെട്ടുത്തിയത്. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിൽ ഒരു വോട്ടിനാണ് എൽ.ഡി.എഫിലെ കൃഷ്ണനോട് പരാജയപ്പെട്ടത്. ഇത്തവണ സീറ്റ് നിലനിർത്താൻ വലിയ തയ്യാറെടുപ്പ് ആണ് ഇടതു മുന്നണി നടത്തിയത്. പൊതുതിരഞ്ഞെടുപ്പിലെ പോലെ ചൂടും ചൂരം നിലനിർത്തി നടന്ന ചെറുതാഴം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ ടി.വി.രാജേഷ്, കല്യാശ്ശേരി എം.എൽ.എ എം.വിജിൻ എന്നിവർ പലതവണ വീടുകൾ കയറി പ്രചാരണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ആകെയുള്ള 1282 വോട്ടർമാരിൽ 1098 വോട്ടുകളാണ് പോൾ ചെയ്തത്. പോൾ ചെയ്ത വോട്ടുകളിൽ 589 വോട്ട് നേടിയാണ് യു.ഡി എഫ് സ്ഥാനാർത്ഥി വിജയിച്ചത്. എൽ ഡി.എഫിന്റെ സി.പി.എം. സ്ഥാനാർത്ഥിയായ സി.കരുണാകരൻ 509 വേട്ട് മാത്രമേ നേടാനായുള്ളു. 80 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി എഫ്.സ്ഥാനാർത്ഥിയുടെ വിജയം. സി.പി.എം അംഗമായ കെ.കൃഷ്ണന്റെ മരണത്തേ തുടർന്നാണ് കക്കോണി വാഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.
മൂന്നര പതിറ്റാണ്ടിന് ശേഷമാണ് കമ്യുണിസ്റ്റ് കോട്ടയായ ചെറുതാഴത്ത് ഒരു പ്രതിപക്ഷ അംഗമുണ്ടാവുന്നത്.
ഉപതെരെഞ്ഞെടുപ്പു നടന്ന കണ്ണൂർ കോർപറേഷൻ ഡിവിഷൻ യുഡിഎഫ് നിലനിർത്തി. മുസ്ലിം ലീഗിലെ എ.ഉമൈബ 1015 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിന് വിജയിച്ചു. കഴിഞ്ഞ തവണ 701 വോട്ടായിരുന്നു യുഡിഎഫിന്റെ ഭൂരിപക്ഷം.
എ. ഉമൈബ 2006 വോട്ടും സ്വതന്ത്ര സ്ഥാനാർഥി ടി വി റുക്സാന 991 വോട്ടും ഭാരതീയ ജനതാ പാർട്ടിയുടെ അഡ്വ. ശ്രദ്ധ രാഘവൻ 171 വോട്ടും നേടി.