കൊച്ചി - അരിക്കൊമ്പനെ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടു വരഹണമെന്ന ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ച ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. ആനയെ കേരളത്തിലേക്ക് കൊണ്ട് വരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും ഹര്‍ജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നും കോടതി പറഞ്ഞു. ഹര്‍ജിക്കാരന്‍ രാഷ്ട്രീയ പാര്‍ട്ടി നേതാവാണെന്നും ആ ഉത്തരവാദിത്തം കാണിക്കണമെന്നും കോടതി വിമര്‍ശിച്ചു. തമിഴ്നാട്ടില്‍ നടക്കുന്ന കാര്യങ്ങളില്‍ ഹര്‍ജിക്കാരന് പരാതി ഉണ്ടെങ്കില്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കാട്ടാന നിലവില്‍ തമിഴ്നാടിന്റെ ഭാഗത്താണുളളത്. ഉള്‍വനത്തിലേക്ക് ആനയെ അയക്കുമെന്നാണ് തമിഴ്നാട് വനംവകുപ്പ് പറയുന്നത്. തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ എന്തെങ്കിലും തരത്തില്‍ ഉപദ്രവിച്ചതായി തെളിവില്ല. ഈ സ്ഥിതിക്ക് എന്തിന് ആനയെ തിരികെ കൊണ്ട് വരണമെന്ന് കോടതി ചോദിച്ചു. അരിക്കൊമ്പന്‍ ദൗത്യത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചത് 80 ലക്ഷം രൂപയാണ്. മാത്രമല്ല സര്‍ക്കാര്‍ കടബാധ്യതയിലുമാണ്. ഇനി തമിഴ്നാട് സര്‍ക്കാര്‍ ആനയെ മാറ്റാന്‍ തയ്യാറായാല്‍ എല്ലാ ചിലവും സാബു എം.ജേക്കബ്ബ് വഹിക്കുമോയെന്നും കോടതി ചോദിച്ചു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിന് തമിഴ് നാട്ടിലെ വിഷയത്തില്‍ എന്ത് കാര്യമെന്നും ചോദ്യമുയര്‍ത്തി.