മലപ്പുറം - സാമൂഹ്യ പ്രവർത്തകൻ റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യക്കു പിന്നാലെ വിവാദ മാലിന്യ പ്ലാന്റ് പൂട്ടണമെന്ന ജനകീയ ആവശ്യത്തിൽ ഗത്യന്തരമില്ലാതെ പ്രതികരിച്ച് സി.പി.എമ്മും രംഗത്ത്. കൊട്ടപ്പുറത്തെ വിവാദ ഫാക്ടറിക്കു മുന്നിൽ ഇന്ന് സി.പി.എമ്മും കൊടി കെട്ടി ഫാക്ടറി പൂട്ടണമെന്ന ബോർഡ് സ്ഥാപിക്കുകയായിരുന്നു. സി.പി.എം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു ഫാക്ടറിക്ക് മുന്നിൽ കൊടിനാട്ടിയത്.
ഫാക്ടറിക്കെതിരെ സി.പി.എം ഭരിക്കുന്ന പുളിക്കൽ ഗ്രാമ പഞ്ചായത്ത് നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സി.പി.എം പ്രവർത്തകൻ കൂടിയായ റസാഖ് പഞ്ചായത്ത് ഓഫീസിൽ ആത്മഹത്യ ചെയ്തത്. അധികൃതർക്കു നൽകിയ പരാതിയുടെ കോപ്പികൾ കഴുത്തിൽ തൂക്കിയായിരുന്നു ആത്മഹത്യ. അപ്പോഴും പരാതിക്കാരനെ ആക്ഷേപിക്കുന്ന രീതിയിലായിരുന്നു പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതികരണം. സംഭവത്തിൽ യു.ഡി.എഫ് ഉൾപ്പെടെ ജനങ്ങൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രശ്‌നത്തെ സമീപിച്ചപ്പോൾ സി.പി.എമ്മും ഇടപെടാൻ നിർബന്ധിതമാവുകയായിരുന്നു.
ഫാക്ടറിക്കെതിരായ സമരം ശക്തമാക്കുമെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി വ്യക്തമാക്കി. ലോക്കൽ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് ഇവിടെ കൊടികുത്തിയതെന്നും സെക്രട്ടറി വ്യക്തമാക്കി. എന്നാൽ സി.പി.എം നടത്തിയത് കപടസമരമെന്നാണ് യു.ഡി.എഫ് വിമർശം.
റസാഖിന്റെ മരണത്തിന് പിന്നാലെ കുടുംബം പാർട്ടിക്കെതിരെ രൂക്ഷ വിമർശവുമായി രംഗത്ത് വന്നിരുന്നു. പ്ലാന്റ് ഉടമ പാർട്ടിക്ക് പണം നൽകിയതിന് പിന്നാലെ നിർലോഭമായ സഹായം പാർട്ടി ഭരിക്കുന്ന പുളിക്കൽ പഞ്ചായത്ത് നൽകിയെന്നായിരുന്നു ആരോപണം. റസാഖ് പല തവണ പരാതിപ്പെട്ടിട്ടും സിപിഎം നേതൃത്വം ഇതൊന്നും ചെവിക്കൊള്ളാൻ തയ്യാറായില്ലെന്നും റസാഖിന്റെ സഹോദരൻ ആരോപിച്ചിരുന്നു.