അല്‍ബാഹ - ഓഫര്‍ വ്യവസ്ഥകള്‍ പാലിക്കാതെ വാണിജ്യ വഞ്ചനാ വിരുദ്ധ നിയമം ലംഘിച്ചതിന് വ്യാപാര സ്ഥാപനത്തിന് അല്‍ബാഹ ക്രിമിനല്‍ കോടതി പിഴ ചുമത്തിയതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. ബല്‍ജുര്‍ഷി മാളില്‍ പ്രവര്‍ത്തിക്കുന്ന കമാല്‍ ഉസ്മാന്‍ ജംജൂം ട്രേഡിംഗ് കമ്പനി സ്ഥാപനത്തിനാണ് പിഴ ചുമത്തിയത്. അത്തറുകളും സൗന്ദര്യവര്‍ധക വസ്തുക്കളും വില്‍പന നടത്തുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഓഫര്‍ വ്യവസ്ഥകള്‍ ലംഘിക്കുകയായിരുന്നു. വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് സ്ഥാപനത്തില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് സ്ഥാപനത്തിനെതിരായ കേസ് നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. സ്ഥാപനം നടത്തിയ നിയമ ലംഘനവും അതിനുള്ള ശിക്ഷയും സ്ഥാപനത്തിന്റെ സ്വന്തം ചെലവില്‍ രണ്ടു പ്രാദേശിക പത്രങ്ങളില്‍ പരസ്യം ചെയ്യുന്നതിനും വിധിയുണ്ട്.