തിരുവനന്തപുരം - ബാലരാമപുരം മതപഠന കേന്ദ്രത്തില്‍ വള്ളക്കടവ് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. ബീമാപ്പള്ളി തൈക്കാപ്പള്ളി സലീമ മന്‍സിലില്‍ ഹാഷിം ഖാനെ (20) പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടത്തിയിരുന്നു. ഇതിന് പിന്നാലെ ഹാഷിമിനെതിരെ പോക്‌സോ പ്രകാരം കേസെടുത്ത് പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മതപഠനശാലയിലെ പീഡനമാണ് മരണകാരണമെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്നുള്ള അന്വേഷണത്തിനിടയിലാണ് പെണ്‍കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലിസിന് ലഭിക്കുന്നത്. പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഈ മാസം 13 നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നത്. ഇതിന് ആറുമാസം മുമ്പെങ്കിലും പീഡിപ്പിക്കപ്പെട്ടുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണമാണ് പ്രതി ഹാഷിം ഖാന്റെ അറസ്റ്റിലേക്ക് നയിച്ചത്. പെണ്‍കുട്ടിയുമായി യുവാവ് അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ആത്മഹത്യയുമായി ഇതിന് ബന്ധമുണ്ടോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പോക്സോ കേസ് പൂന്തുറ പോലീസും മതപഠന കേന്ദ്രത്തിലെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസുകള്‍ നെയ്യാറ്റിന്‍കര എ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് അന്വേഷിക്കുന്നത്. മതപഠന കേന്ദ്രത്തിലെ അധ്യാപകരില്‍ നിന്നോ മറ്റ് ജീവനക്കാരില്‍ നിന്നോ പെണ്‍കുട്ടിക്ക് ശാരീരികമോ മാനസികമോ ആയ പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും.