കൊച്ചി- ഹജ്ജ് തീര്‍ഥാടകര്‍ക്ക് കൊച്ചി വിമാനത്താവളത്തില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി സിയാല്‍. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നുമുള്ള ഹജ്ജ് തീര്‍ഥാടകരാണ് കൊച്ചിയില്‍ നിന്ന് യാത്ര ചെയ്യുന്നത്. കൊച്ചിയില്‍ നിന്നും സൗദി അറേബ്യയിലേക്കുള്ള ആദ്യ വിമാനം ജൂണ്‍ ഏഴാം തിയ്യതിയാണ് പറക്കുക.
സിയാലിന്റെ ഏവിയേഷന്‍ അക്കാദമിയോട് ചേര്‍ന്നാണ് ഹജ്ജ് ക്യാമ്പ് തയ്യാറാക്കിയത്. 1.3 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള പന്തല്‍, 600 പേര്‍ക്ക് ഇരിക്കാവുന്ന അസംബ്ലി ഹാളും പ്രാര്‍ഥനാ ഹാളും, 60 ടോയ്ലെറ്റ്, 40 ഷവര്‍ മുറി, 152 പേര്‍ക്ക് ഒരേസമയം വുദു ചെയ്യുന്നതിനുള്ള സൗകര്യം, അലോപ്പതി- ഹോമിയോ ആശുപത്രികള്‍, ബാങ്ക് കൗണ്ടറുകള്‍, എയര്‍ലൈന്‍ ഓഫീസ്, പാസ്പോര്‍ട്ട് പരിശോധനാ കേന്ദ്രം, ഹജ്ജ് സെല്‍ ഓഫീസ്, ഹജ്ജ് കമ്മിറ്റി ഓഫീസ് എന്നിവയാണ് ക്യാമ്പിലുള്ളത്. അതോടൊപ്പം രാജ്യാന്തര ടെര്‍മിനലില്‍ ഹാജിമാര്‍ക്കായി പ്രത്യേകം ചെക്ക് ഇന്‍, എമിഗ്രേഷന്‍ കൗണ്ടറുകള്‍, സുരക്ഷാപരിശോധനാ സൗകര്യം, സംസം ജലം സൂക്ഷിക്കാനുള്ള സൗകര്യം എന്നിവയും തയ്യാറാക്കിയിട്ടുണ്ട്.
ജൂണ്‍ ഏഴു മുതല്‍ 21 വരെയാണ് കൊച്ചി വിമാനത്താവളത്തില്‍നിന്ന് സൗദി എയര്‍ലൈന്‍സ് പ്രത്യേക ഹജ്ജ് സര്‍വീസ് നടത്തുന്നത്. ലക്ഷദ്വീപില്‍നിന്നുള്ള 163 തീര്‍ഥാടകര്‍ ഉള്‍പ്പെടെ മൊത്തം 2407 ഹാജിമാര്‍ ഇത്തവണ കൊച്ചി വിമാനത്താവളത്തില്‍നിന്ന് സൗദിയിലേക്ക് പറക്കും.