Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഐ.എസ് ഭീകരരുടെ വിചാരണ തുടങ്ങി; മൂന്ന് പേര്‍ സഹോദരങ്ങള്‍

റിയാദ് - സായുധ സേനാ ഉദ്യോഗസ്ഥന്‍ അബ്ദുല്ല നാസിര്‍ അല്‍റശീദിയെ വെടിവെച്ചു കൊലപ്പെടുത്തിയ ഐ.എസ് ഭീകരരുടെ കേസില്‍ പ്രത്യേക കോടതിയില്‍ വിചാരണ ആരംഭിച്ചു. സൈനിക ഉദ്യോഗസ്ഥനു നേരെ മുപ്പതു തവണ നിറയൊഴിച്ചതായി മുഖ്യ പ്രതിയായ ഭീകരന്‍ കോടതിയില്‍ കുറ്റസമ്മതം നടത്തി. ഹഷീഷും കറുപ്പും ലഹരി ഗുളികകളും ഉപയോഗിച്ചതായും ഭീകരന്‍ കുറ്റസമ്മതം നടത്തി.
പ്രതികളില്‍ ആറു പേര്‍ സൗദികളും ഒരാള്‍ യെമനിയുമാണ്. മുഖ്യപ്രതി അടക്കം സൗദികളില്‍ മൂന്നു പേര്‍ സഹോദരങ്ങളാണ്. 2016 നവംബര്‍ 20 ന് തബൂക്ക് റിംഗ് റോഡിലൂടെ സ്വന്തം കാറോടിച്ചു പോകുന്നതിനിടെയാണ് സൈനിക ഉദ്യോഗസ്ഥനു നേരെ മുഖ്യപ്രതി ആക്രമണം നടത്തിയത്. മുഖ്യ പ്രതിക്ക് വധശിക്ഷ വിധിക്കണമെന്നും മറ്റു പ്രതികള്‍ക്ക് പരമാവധി ശിക്ഷ വിധിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു.
സൈനികരെ ലക്ഷ്യമിട്ട് ആക്രമണം നടത്തണമെന്ന ഐ.എസ് നിര്‍ദേശം പാലിച്ചാണ് മുഖ്യ പ്രതി യൂനിഫോമില്‍ ഡ്യൂട്ടി സ്ഥലത്തേക്ക് പോകുന്നതിനിടെ അബ്ദുല്ല അല്‍റശീദിയെ വധിച്ചത്. ഐ.എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കല്‍, ഐ.എസ് നേതാവ് അബൂബക്കര്‍ അല്‍ബഗ്ദാദിക്ക് അനുസരണ പ്രതിജ്ഞ ചെയ്യല്‍, സൈനിക ഉദ്യോഗസ്ഥരെ അവിശ്വാസികളായി മുദ്ര കുത്തല്‍, പട്രോള്‍ പോലീസുകാരില്‍ നിന്ന് രക്ഷപ്പെടല്‍, ഭരണാധികാരികളെയും പണ്ഡിതരെയും അവിശ്വാസികളായി മുദ്ര കുത്തല്‍, ഭീകരാക്രമണങ്ങള്‍ നടത്തുന്നതിന് മൂന്നു തോക്കുകള്‍ കൈവശം വെക്കല്‍ എന്നീ ആരോപണങ്ങള്‍ ഒന്നാം പ്രതി നേരിടുന്നു.
ഒന്നാം പ്രതിയായ സഹോദരനെ ഒളിച്ചുകഴിയുന്നതിന് സഹായിക്കല്‍, ആയുധങ്ങള്‍ കൈവശം വെക്കല്‍, സുരക്ഷാ സൈനികരില്‍ നിന്ന് രക്ഷപ്പെട്ടത് മുഖ്യ പ്രതിയല്ല താനാണെന്ന് വാദിച്ച് അന്വേഷണോദ്യോഗസ്ഥരെ കബളിപ്പിക്കുന്നതിന് ശ്രമിക്കല്‍, ഹഷീഷ് ഉപയോഗിക്കല്‍ എന്നീ ആരോപണങ്ങള്‍ രണ്ടാം പ്രതിയും സഹോദരന്‍ കൂടിയായ മുഖ്യ പ്രതിയെ ഒളിച്ചുകഴിയുന്നതിന് സഹായിക്കല്‍, മുഖ്യപ്രതിയുടെ കാറില്‍ നിന്ന് തെളിവുകള്‍ നശിപ്പിക്കല്‍, മയക്കുമരുന്ന് ഉപയോഗിക്കല്‍ എന്നീ ആരോപണങ്ങള്‍ മൂന്നാം പ്രതിയും സ്‌പോണ്‍സര്‍ക്കു കീഴിലല്ലാതെ സ്വന്തം നിലക്ക് ജോലി ചെയ്യല്‍, ഒന്നും രണ്ടും മൂന്നും പ്രതികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന കാര്യം അറിഞ്ഞിട്ടും അതേ കുറിച്ച് സുരക്ഷാ വകുപ്പുകളെ അറിയിക്കാതിരിക്കല്‍, ഐ.എസ് അനുകൂലിയായ ഒന്നാം പ്രതിയെ കുറിച്ച് സുരക്ഷാ വകുപ്പുകളെ അറിയിക്കാതിരിക്കല്‍, ഉപയോക്താവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യാത്ത സിം കാര്‍ഡ് ഒന്നാം പ്രതിക്ക് സംഘടിപ്പിച്ചു നല്‍കല്‍ എന്നീ ആരോപണങ്ങള്‍ നാലാം പ്രതിയായ യെമനിയും നേരിടുന്നു.
ഒന്നാം പ്രതിയുടെ കാറില്‍ നിന്ന് തെളിവുകള്‍ നശിപ്പിക്കുന്നതിന് കൂട്ടുനില്‍ക്കല്‍, ഒന്നാം പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്ന കാര്യം അറിഞ്ഞിട്ടും അതേക്കുറിച്ച് സുരക്ഷാ വകുപ്പുകളെ അറിയിക്കാതിരിക്കല്‍ എന്നീ ആരോപണങ്ങളാണ് അഞ്ചും ആറും ഏഴും പ്രതികള്‍ നേരിടുന്നത്. സൈനിക ഉദ്യോഗസ്ഥനെ വധിക്കുന്നതിന് മുഖ്യ പ്രതി ഉപയോഗിച്ച ജീപ്പും പ്രതിയുടെ മൊബൈല്‍ ഫോണും കണ്ടുകെട്ടുന്നതിനും വിധിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. 

Latest News