കോഴിക്കോട്- വനിതാ ഹാജിമാര്‍ക്കായി വനിതകള്‍ പറത്തുന്ന വിമാനം ഫ്‌ളാഗ് ഓഫ് ചെയ്യാന്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയെത്തുമെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ എട്ടിനാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് 145 വനിത തീര്‍ഥാടകര്‍ മാത്രമായി ഹജ്ജ് വിമാനം പുറപ്പെടുക. ഇതില്‍ പുരുഷ തീര്‍ഥാടകരുണ്ടാവില്ല. ഈ വിമാനത്തിന്റെ പൈലറ്റും ഫസ്റ്റ് ഓഫിസറും ക്രൂ അംഗങ്ങളും വനിതകളായിരിക്കും.
കരിപ്പൂരില്‍ വനിതകള്‍ക്ക് മാത്രമായി ഹജ്ജ് ഹൗസ് നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം ജൂണ്‍ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഇവിടെ 500 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
കരിപ്പൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ജൂണ്‍ മൂന്ന് മുതല്‍ ഹജ്ജ് ക്യാമ്പിന് തുടക്കമാവും. കണ്ണൂരിലാണ് ഇത്തവണ ഹജ്ജ് ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം. ജൂണ്‍ നാലിന് പുലര്‍ച്ചെ 1.45നാണ് കണ്ണൂരില്‍നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. രണ്ടാമത്തെ ഹജ്ജ് വിമാനം അന്ന് തന്നെ പുലര്‍ച്ചെ 4.25ന് പുറപ്പെടും. ജൂണ്‍ ഏഴ് മുതലാണ് കൊച്ചിയില്‍നിന്നുള്ള ഹജ്ജ് വിമാന സര്‍വിസ്.