Sorry, you need to enable JavaScript to visit this website.

ഷാഹുൽ ഹമീദിന്റെ  റഷ്യൻ വിശേഷങ്ങൾ

ഷാഹുൽ ഹമീദ് മോസ്‌കോയിലെ സ്റ്റേഡിയത്തിൽ. 

മലപ്പുറം- ലോകകപ്പിന്റെ ഏതാനും മത്സരങ്ങൾ നേരിൽ കണ്ട് റഷ്യയിൽനിന്ന് മടങ്ങിയെത്തിയ മലപ്പുറം ഹാജിയാർപള്ളി ഷാഹുൽ ഹമീദിന് ഇത് സ്വീകരണങ്ങളുടെ കാലമാണ്. നാട്ടുകാരുടെ ചോദ്യങ്ങൾ, അഭിനന്ദനങ്ങൾ.. ഫാൻസുകാരുടെ സ്വീകരണം അങ്ങിനെ തിരക്കിലാണ് ഷാഹുൽ ഹമീദ്. വൈവിധ്യമാർന്ന അനുഭവങ്ങളും വിവിധ രാജ്യങ്ങളിൽനിന്നുള്ളവരുമായി ഉണ്ടാക്കിയ സൗഹൃദവും റഷ്യൻ യാത്രയുടെ നേട്ടമായി ഷാഹുൽ ഹമീദ് വിലയിരുത്തുന്നു. റഷ്യ, ബംഗ്ലാദേശ്, ജർമനി, ശ്രീലങ്ക, സ്വീഡൻ, മൊറോക്കോ, ഇറാൻ, സൗദി അറേബ്യ, ഈജിപ്ത്, പോർച്ചുഗൽ, അർജന്റീന, എതോപ്യ, മെക്‌സിക്കോ, ലൈബീരിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം സൗഹൃദ വലയങ്ങളായി. എല്ലാവരും അവരുടെ രാജ്യങ്ങൾ സന്ദർശിക്കാൻ ക്ഷണിക്കുന്നതായി ഷാഹുൽ ഹമീദ് പറഞ്ഞു.
ലോകകപ്പ് ടിക്കറ്റിനുവേണ്ടി ഫിഫയുടെ വെബ്‌സൈറ്റിൽ ഏഴ് മാസം മുമ്പ് യു.എ.ഇയിൽവെച്ച് ഓൺലൈനായി ഫാൻ ഐ.ഡി പ്രകാരം ബുക്ക് ചെയ്തിരുന്നു. ടിക്കറ്റ് ലഭിക്കാൻ നാലു ഘട്ടങ്ങളാണ്. അതിൽ ഒരു ഘട്ടമാണ് റാൻഡം സെലക്ഷൻ ഡ്രോ. ഈ ഘട്ടത്തിൽ പങ്കെടുക്കണമെങ്കിൽ  കളിക്കുന്ന ഏതെങ്കിലും രാജ്യത്തിന്റെ ഫാൻ ആയിരിക്കണം. വിമാന ടിക്കറ്റും മാച്ച് ടിക്കറ്റും എല്ലാ ചെലവുകളും അടക്കം മൂന്ന് ലക്ഷം രൂപയാണ് ചെലവായത്. എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നു. കോഴിക്കോട്‌നിന്നു ദുബായ്. അവിടെനിന്ന് മോസ്‌കോ. തിരിച്ചും അപ്രകാരം തന്നെ. ആകെ 13 മണിക്കൂർ യാത്ര.


മോസ്‌കോയിൽ തണുപ്പ്  പ്രതീക്ഷിച്ചാണ് പോയത്. എന്നാൽ മോസ്‌കോയിൽ  വേനലിൽ നല്ല ചൂടാണ്. 25-26 ഡിഗ്രി ചൂട് വരും, കൂടുതൽ നേരം കൊണ്ടാൽ അസ്വസ്ഥത തോന്നും. നമ്മുടെ നാട്ടിലെ പോലെ തന്നെ ഫുട്‌ബോൾ ഭ്രാന്തൻമാരാണ് ഇവിടെയും. പക്ഷേ നാട്ടിലെപോലെ കൂറ്റൻ ഫഌക്‌സുകളോ ബാനറുകളോ കാണാനാകില്ല. ടിക്കറ്റ് ലഭിക്കാത്തവർക്ക് ഗ്രൗണ്ടുകളുടെ പുറത്ത് ഫിഫ തന്നെ ബിഗ് സ്‌ക്രീനിൽ കളി പ്രദർശിപ്പിക്കുകയും ഫാൻസ് ഫെസ്റ്റ് നടത്തുകയും ചെയ്യുന്നുണ്ട്. 
ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളാണ് റഷ്യയിലേത്. അർധരാത്രിയിലും വൈകുന്നേരത്തിന്റെ പ്രതീതിയുള്ള വൈറ്റ്‌നൈറ്റ് പ്രതിഭാസം റഷ്യയുടെ പ്രത്യേകതയാണ്. ലോകത്തിലെ ഏറ്റവും വലിയ മെട്രോയും റഷ്യയിലാണ്. ഇത് വൻ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. രാപ്പകൽ ഭേദമില്ലാതെ ജനങ്ങളുടെ ഒഴുക്കാണിവിടെ. തെരുവുകൾ മുഴുവൻ ആഘോഷ തിമിർപ്പിലാണ്. റഷ്യയിലെ പബ്ലിക് ട്രാൻസ്‌പോർട്ടേഷൻ വികസിതമാണ്.
മോസ്‌കോയിൽ മെട്രോ ട്രെയിനുകളും ബസും എല്ലാ പ്രദേശങ്ങളിലും എത്തുന്നു. 13 വ്യത്യസ്ത ലൈനുകളിലായി 245 മെട്രോ സ്റ്റേഷനുകൾ മോസ്‌കോയിലുണ്ട്. ഒരു യാത്രയുടെ ടിക്കറ്റ് നിരക്ക് 55 റൂബിൾ ആണ്. മെട്രോക്ക് കാർഡ് എടുത്താൽ ചിലവ് വളരെ കുറയും. ദീർഘദൂര യാത്രക്ക്  ട്രെയിനുകളെ ആശ്രയിക്കാം. ഇഷ്ട ടീമായ അർജന്റീന,  ക്രൊയേഷ്യ, നൈജീരിയ എന്നിവയുടെ മത്സരം കാണാൻ സാധിച്ചു. ഇഷ്ടതാരം ലിയണൽ മെസ്സിയെ നേരിൽ കാണാനായതും ഭാഗ്യമായി കാണുന്നതായി ഷാഹുൽ ഹമീദ് പറഞ്ഞു.

 

 

 

Latest News