Sorry, you need to enable JavaScript to visit this website.

65 കാരന്റെ രണ്ടു ലക്ഷം തട്ടി; ആലിപ്പറമ്പിലെ ഹണിട്രാപ്പ് കേസില്‍ യുവതി അറസ്റ്റില്‍

പെരിന്തല്‍മണ്ണ-അറുപത്തിയഞ്ചുകാരനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ പരാതിയില്‍ യുവതിയെ പെരിന്തല്‍മണ പോലീസ് അറസ്റ്റ് ചെയ്തു. ആലിപ്പറമ്പ്  മേലേകാപ്പുപറമ്പിലെ   37 കാരിയാണ് അറസ്റ്റിലായത്. ഈ കേസില്‍ ആലിപ്പറമ്പ് വട്ടപറമ്പ് പീറാലി വീട്ടില്‍ ഷബീറലി (37), താഴെക്കോട് ബിടത്തി  ജംഷാദ് (21)  എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.  ആലിപ്പറമ്പ് സ്വദേശിയായ മധ്യവയസ്‌കനില്‍ നിന്നു രണ്ടു ലക്ഷം രൂപ തട്ടിയെടുത്തതിനാണ് യുവതിക്കും
മറ്റ് അഞ്ചു പേര്‍ക്കുമെതിരേ ഇയാള്‍ പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കിയത്.  യുവതി മൊബൈല്‍ ഫോണിലൂടെ വിളിച്ച് ബന്ധം സ്ഥാപിച്ച്  മാര്‍ച്ച് 18-ന് രാത്രി വീട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. രാത്രി സ്ത്രീയുടെ വീടിനു പുറത്തെത്തിയപ്പോഴേക്കും അഞ്ചു പേരടങ്ങിയ സംഘമെത്തി ഇയാളെ തടഞ്ഞു വച്ചു. തുടര്‍ന്നു  മൊബൈല്‍ ഫോണില്‍ വീഡിയോയും ദൃശ്യങ്ങളും പകര്‍ത്തിയശേഷം  ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പെരിന്തല്‍മണ്ണ സിഐ പ്രേംജിത്ത്, എസ്‌ഐ ഷിജോ സി. തങ്കച്ചന്‍,
എസ്‌സിപിഒ ഷൗക്കത്ത്, രാകേഷ്, മിഥുന്‍, സിപിഒ സല്‍മാന്‍ പള്ളിയാല്‍തൊടി, സജീര്‍ മുതുകുര്‍ശി, അജിത്ത്, സൗമ്യ
എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. യുവതിയെ പെരിന്തല്‍മണ്ണ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അതേ സമയം യുവതിയുടെ പരാതിയില്‍ എതിര്‍കക്ഷിക്കെതിരേ പെരിന്തല്‍മണ്ണ പോലീസ് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

Latest News