കോഴിക്കോട് -പ്രസവ ശസ്ത്രക്രിയക്കിടയില്‍ വയറ്റില്‍ അകപ്പെട്ട കത്രികയുമായി അഞ്ചു വര്‍ഷം ദുരിതമനുഭവിച്ച ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ നടത്തുന്ന സമരത്തിന് ബി.ജെ.പിയുടെ ഐക്യ ദാര്‍ഢ്യം. ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവനും,മഹിളാമോര്‍ച്ച നേതാക്കളും സമരപന്തലില്‍ നേരിട്ടെത്തി ഹര്‍ഷിനയുമായി സംസാരിച്ചു. സര്‍ക്കാരും ആരോഗ്യമന്ത്രിയും ഹര്‍ഷിനയോട് നീതികേടാണ് കാണിച്ചതെന്ന് ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.സജീവന്‍ പറഞ്ഞു.സര്‍ജ്ജറിക്കിടയില്‍ വയറില്‍ കത്തി കുടുങ്ങി 5 വര്‍ഷം നരകയാതന അനുഭവിക്കേണ്ടി വന്ന യുവതിക്ക് ഒടുവില്‍ സര്‍ക്കാരിന്റേയും ആരോഗ്യമന്ത്രിയുടേയും വഞ്ചനയും നേരിടേണ്ടി വന്നിരിക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ മതിയായ നഷ്ടപരിഹാരവും,നീതിയും തേടി ഹര്‍ഷിന നടത്തുന്ന രണ്ടാം ഘട്ട അനിശ്ചിതകാല സത്യാഗ്രഹ പന്തല്‍ സന്ദര്‍ശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു സജീവന്‍.കഴിഞ്ഞ മാര്‍ച്ച് 4ന് മെഡിക്കല്‍ കോളേജിന് മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിക്കുന്നതിനായി ആരോഗ്യമന്ത്രി നേരിട്ട് സമരപന്തലില്‍ വന്ന് നടത്തിയ ചര്‍ച്ചയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തത് കാരണമാണ് വീണ്ടും സമരത്തിറങ്ങേണ്ടി വന്നതെന്ന് ഹര്‍ഷിന പറഞ്ഞു. ബിജെപി ജില്ലാ സെക്രട്ടറിയും ചക്കോരത്തുകുളം കൗണ്‍സിലറുമായ അനുരാധ തായാട്ട്,മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ.രമ്യമുരളി,സംസ്ഥാന ട്രഷറര്‍ സി.സത്യലക്ഷ്മി, നേതാക്കളായ ശോഭാ സുരേന്ദ്രന്‍, ലീനദിനേശ്,പ്രഭാദിനേശന്‍, കെ.പി. ഷൈജു,പി.രജിത്കുമാര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.