തൃശൂര്‍ - കാല്‍നൂറ്റാണ്ടിന്റെ നിറവില്‍ കുടുംബശ്രീയുടെ സംസ്ഥാന കലോത്സവം 'അരങ്ങ് 2023 ഒരുമയുടെ പലമ' ജൂണ്‍ രണ്ടു മുതല്‍ നാലുവരെ തൃശൂരില്‍ നടക്കുമെന്ന് കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ കെ. രതീഷ്‌കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വി.കെ.എന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം, കേരള സംഗീത നാടക അക്കാദമി, ജവഹര്‍ ബാലഭവന്‍, സാഹിത്യ അക്കാദമി, വൈഡബ്ല്യുസിഎ എന്നിവിടങ്ങളിലായി ഒരുക്കിയ ഒമ്പതോളം സ്‌റ്റേജുകളിലായാണു കലാമത്സരങ്ങള്‍ നടക്കുക. 14 ജില്ലകളില്‍നിന്നായി മൂവായിരംപേര്‍ മാറ്റുരയ്ക്കും. 66 ഇനങ്ങളിലായാണു മത്സരങ്ങള്‍. ഇതില്‍ 16 സ്റ്റേജ് ഇതര ഇനങ്ങളും 50 സ്‌റ്റേജിന മത്സരങ്ങളും ഉള്‍പ്പെടും. കണ്ണേറുപാട്ട്, എരുതുകളി, അലാമിക്കളി, മറയൂരാട്ടം, ശിങ്കാരിമേളം, നാടന്‍പാട്ട്, മരംകൊട്ടു പാട്ട്, കൂളിപ്പാട്ട് തുടങ്ങി നാടന്‍ കലാപ്രകടനങ്ങള്‍ക്കു പ്രത്യേകം ശ്രദ്ധയൂന്നിക്കൊണ്ടാണ് ഇത്തവണത്തെ സംസ്ഥാന കലോത്സവം നടക്കുന്നത്. രണ്ടിനു വൈകിട്ട് നാലിന് വി.കെ.എന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിക്കും. മന്ത്രി ആര്‍. ബിന്ദു മുഖ്യാതിഥിയായിരിക്കും. മേയര്‍ എം.കെ. വര്‍ഗീസ് വിശിഷ്ടാതിഥിയാകും. കെ. രതീഷ്‌കുമാര്‍ പരിപാടികള്‍ വിശദീകരിക്കും. മികച്ച ലോഗോയ്ക്കുള്ള സമ്മാനവിതരണം എ.സി. മൊ!യ്തീന്‍ എംഎല്‍എ നിര്‍വഹിക്കും. ഉദ്ഘാടനത്തിനു മുന്നോടിയായി ജില്ലയിലെ അയ്യായിരത്തോളം കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ഘോഷയാത്ര ഉച്ചതിരിഞ്ഞു മൂന്നിന് നടുവിലാല്‍ പരിസരത്തുനിന്ന് ആരംഭിക്കും. ജൂണ്‍ നാലിനു വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ആര്‍. ബിന്ദു അധ്യക്ഷത വഹിക്കും. മേയര്‍ എം.കെ. വര്‍ഗീസ് മുഖ്യാതിഥി ആയിരിക്കും. വിജയികള്‍ക്കു മന്ത്രി കെ. രാജന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.