തൃശൂര്‍ - കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരത്തിന് അരങ്ങുണര്‍ന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പത്തു നാടകങ്ങളാണ് മത്സരത്തിനുള്ളത്. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന നാടകോത്സവത്തില്‍ രാവിലെ 10.30നും വൈകീട്ട് ആറിനുമാണ് നാടകാവതരണങ്ങള്‍.
മന്ത്രി ഡോ.ആര്‍.ബിന്ദു നാടകമത്സരം ഉദ്ഘാടനം ചെയ്തു. പി.ബാലചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂര്‍ മുരളി സംബന്ധിച്ചു.
മനോജ് നാരായണന്‍ സംവിധാനം ചെയ്ത അപരാജിതര്‍ ആയിരുന്നു ആദ്യദിനത്തില്‍ ആദ്യം അരങ്ങിലെത്തിയത്. വൈകീട്ട് രാജേഷ് ഇരുളം സംവിധാനം ചെയ്ത കടലാസിലെ ആന എന്ന നാടകം അവതരിപ്പിച്ചു.
രണ്ടാം നാളില്‍ ഇ.എ. രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചന്ദ്രികക്കുമുണ്ടൊരു കഥ, വത്സന്‍ നിസരി സംവിധാനം ചെയ്ത ജലം എന്നിവ അരങ്ങിലെത്തും.
മനോജ് നാരായണന്‍ സംവിധാനം ചെയ്ത ഞാന്‍, രാജീവന്‍ മമ്മിളിയുടെ നത്ത് മാത്തന്‍ ഒന്നാം സാക്ഷി എന്നിവ 31നും ജൂണ്‍ ഒന്നിന് രാജീവന്‍ മമ്മിളിയുടെ പണ്ട് രണ്ട് കൂട്ടുകാരികള്‍, സുരേഷ് ദിവാകരന്‍ സംവിധാനം ചെയ്ത മൂക്കുത്തി എന്നീ നാടകങ്ങളും കാണികള്‍ക്ക് മുന്നിലെത്തും.
സമാപന ദിവസമായ ജൂണ്‍ രണ്ടിന് രാജേഷ് ഇരുളം സംവിധാനം ചെയ്ത രണ്ടു നാടകങ്ങളാണ് അവതരിപ്പിക്കുക. രണ്ടു നക്ഷത്രങ്ങള്‍, വേട്ട എന്നിവയാണ് അവസാനദിവസത്തെ നാടകങ്ങള്‍