കല്‍പറ്റ-ഹിന്ദുത്വ ആശയങ്ങള്‍ക്കുമുമ്പില്‍ പ്രധാനമന്ത്രി സാഷ്ടാംഗം പ്രണമിക്കുകയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ. നഗരത്തില്‍ എല്‍.ഡി.എഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മതേതര രാജ്യമായ ഇന്ത്യയുടെ പാര്‍ലമെന്റ് മന്ദിരം വികലമായാണ് ഉദ്ഘാടനം ചെയ്തത്. എവിടെനിന്നോ കുറെ സന്യാസിമാരെ കൊണ്ടുവന്ന് യാഗവും പൂജയും നടത്തി.
സംസ്ഥാനത്ത് മതേതരത്വം സംരക്ഷിക്കുന്ന ഉരുക്കുകോട്ടയാണ് എല്‍.ഡി.എഫ്. ഇവിടെ ആരും ചരിത്രം തിരുത്തുന്നില്ല. രാഷ്ട്രപിതാവിനെ പാഠപുസ്തകത്തില്‍നിന്ന് പുറത്താക്കുന്നില്ല.
വായ്പാപരിധി കേന്ദ്രം വെട്ടിക്കുറച്ചിട്ടും കോണ്‍ഗ്രസ് ഒരക്ഷരം മിണ്ടുന്നില്ല. ആങ്ങള ചത്താലും വേണ്ടില്ല, നാത്തൂന്റെ കണ്ണീര് കണ്ടാല്‍ മതിയെന്ന നിലപാടാണവര്‍ക്ക്. കേരളത്തിന്റെ നേട്ടങ്ങളെല്ലാം ഇല്ലാതാക്കാനാണ് കേന്ദ്ര ശ്രമം. ഇതിനൊപ്പമാണ് വലതു മുന്നണിയെന്നും ശൈലജ പറഞ്ഞു.
സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു അധ്യക്ഷത വഹിച്ചു. നേതാക്കളായ പി. ഗഗാറിന്‍, ഇ.ഡി.ദാമോദരന്‍, കെ.ജെ.ദേവസ്യ, വി.പി.വര്‍ക്കി, കെ.പി.ശശികുമാര്‍, എന്‍. കെ.രാധാകൃഷ്ണന്‍, എ.പി.അഹമ്മദ്, ജോസഫ് മാണിശേരിയില്‍, എസ്.ബിന്ദു എന്നിവര്‍ പ്രസംഗിച്ചു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനന്‍ സി.കെ.ശശീന്ദ്രന്‍ സ്വാഗതവും സി. എം.ശിവരാമന്‍ നന്ദിയും പറഞ്ഞു.