കല്‍പറ്റ-രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയിലാണെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവ്. പുളിയാര്‍മലയില്‍ എല്‍.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാറിന്റെ വസതിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനാ സ്ഥാപനങ്ങളെ ഹൈജാക്ക് ചെയ്യുകയാണ്. അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷ നേതാക്കളെ ഒതുക്കാന്‍ ദുരുപയോഗപ്പെടുത്തുന്നു. കേന്ദ്ര സര്‍ക്കാരിന് ആര്‍.എസ്.എസിന്റെതായ അജണ്ടയുണ്ട്. ഭരണഘടനക്കുപകരം ആര്‍.എസ്.എസ് ചിന്തകളാണ് രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നത്.
യഥാര്‍ഥ പ്രശ്നങ്ങളല്ല ബി.ജെ.പി ചര്‍ച്ച ചെയ്യുന്നത്. പാവപ്പെട്ടവരുടെ ഉന്നമനത്തെക്കുറിച്ചോ കര്‍ഷകരെക്കുറിച്ചോ തൊഴിലില്ലായ്മയെക്കുറിച്ചോ സംസാരിക്കുന്നില്ല. തെരഞ്ഞെടുപ്പ് വരുമ്പോഴൊക്കെ മുസ്‌ലിം,ഹിന്ദു, പള്ളി, ക്ഷേത്രം, കശ്മീര്‍,പാക്കിസ്ഥാന്‍ എന്നൊക്കെയാണ് ബി.ജെ.പി പറയുന്നത്.
ഫാസിസത്തിനെതിരെ ആര്‍.ജെ.ഡിയും എല്‍.ജെ.ഡിയും ഒരുമിച്ച് പ്രവര്‍ത്തിക്കും. സാമൂഹികനീതിയും ഫാസിസസത്തിനെതിരായ പോരാട്ടവുമാണ് പ്രധാനം. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരു പ്ലാറ്റ്ഫോമിലേക്ക് വരണമെന്നാണ് ആര്‍.ജെ.ഡിയുടെ അഭിപ്രായം. അടുത്ത 12ന് പാട്നയില്‍ ചേരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തിനു പ്രസക്തി ഏറെയാണെന്നും തേജസ്വി യാദവ് പറഞ്ഞു.
ആര്‍.ജെ.ഡി. രാജ്യസഭാ കക്ഷിനേതാവ് മനോജ് ഝാ എം.പി ഒപ്പമുണ്ടായിരുന്നു.
ആര്‍.ജെ.ഡിയും എല്‍.ജെ.ഡിയും ഒരേ മരത്തിന്റെ ശിഖരങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. എല്‍.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാറും പങ്കെടുത്തു.