തിരുവനന്തപുരം - സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിലൂടെ പോലിസ് സേനയിലെ നിയമനോത്തരവ് ഏറ്റുവാങ്ങാൻ എത്തിയ 74 പേരിൽ ഒരാൾ ചന്ദ്രികയായിരുന്നു. അട്ടപ്പാടിയിൽ വിശപ്പടക്കാൻ നിവൃത്തിയില്ലാതെ ആഹാരം മോഷ്ടിച്ചെന്ന് പറഞ്ഞ് മർദ്ദിച്ചുകൊന്ന മധുവിന്റെ സഹോദരി. ഫെയ്‌സ്ബുക്ക് പേജുകളിൽ നിറഞ്ഞുനിന്ന ദൈന്യതയാർന്ന ആരും അത്രപെട്ടെന്ന് മറക്കാത്ത മുഖം. ചന്ദ്രിക എത്തിയത് അമ്മ മല്ലി, ഭർത്താവ് മുരുകൻ, നാലുവയസ്സുകാരി മകൾ അനുഷ്‌ക എന്നിവരോടൊപ്പമായിരുന്നു.
'ജോലികിട്ടിയതിൽ ഏറെ സന്തോഷമുണ്ട്. അതോടൊപ്പം ഏട്ടൻ ഇതുകാണാൻ ഇല്ലല്ലോ എന്ന സങ്കടവും'. ചന്ദ്രികയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
'കുഞ്ഞുന്നാളിലേ ഉള്ള ആഗ്രഹമാണ് പോലീസ് ആകണമെന്ന്. ഓരോകാര്യവും വളരെ സൂക്ഷ്മതയോടെ ചെയ്യുന്നത് കാണുമ്പോൾ വീട്ടുകാർ പറയുമായിരുന്നു ഇവൾ പോലീസാകുമെന്ന്. ഏട്ടൻ മരിച്ചതിന്റെ പിറ്റേന്നായിരുന്നു അഭിമുഖം. പോകേ#െണ്ടന്നാണ് വിചാരിച്ചത്. എല്ലാവരും നിർബന്ധിച്ച് പറഞ്ഞയയ്ക്കുകയായിരുന്നു. അട്ടപ്പാടി അഹാർഡ്‌സിൽ വെച്ചായിരുന്നു അഭിമുഖം. മധുവിന്റെ സഹോദരിയാണെന്ന് അറിഞ്ഞ് ആദ്യമേ തന്നെ അഭിമുഖത്തിന് വിളിച്ചു- പോലീസിലേക്കുവന്നതിനെ കുറിച്ച് ചന്ദ്രിക പറഞ്ഞു.
സ്വന്തം സമുദായത്തിലുള്ളവർക്ക് കൂടുതൽ സഹായങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. ഏട്ടന് എന്തുപറ്റിയതാണെന്ന് ഇപ്പോഴും അറിയില്ല- മധുവിനെ കുറിച്ച് ചന്ദ്രിക പറഞ്ഞു. 15 വയസ്സ് കഴിഞ്ഞപ്പോൾ ജോലിക്ക് പോകാൻ തുടങ്ങിയതാണ്. പിന്നീടെപ്പോഴോ ആണ് ചേട്ടനിൽ മാറ്റം കണ്ടുതുടങ്ങിയത്. മാനസികമായി ആകെ തകർന്ന നിലയിലായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സ തേടി. പോലിസിനെയും പേടിയായിരുന്നു. അടിപിടി കേസിൽ പെട്ടു എന്നാണ് അറിഞ്ഞത്. കൂടുതലൊന്നും അറിയില്ല. ആശുപത്രിയിൽ കൊണ്ടുപോകുമെന്ന് പേടിച്ച് പിന്നെ വീട്ടിൽ വരാതെയായി. ഏട്ടൻ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിൽ നിന്ന് വീട്ടുകാർ കരകയറുന്നതേയുള്ളു. ജോലികിട്ടിയതിൽ വളരെയധികം സന്തോഷമുണ്ട്. ഞങ്ങളെ സഹായിച്ച എല്ലാവരോടും നന്ദിയുമുണ്ട്. ഭർത്താവ് മുരുകൻ മണ്ണാർക്കാട് താലൂക്ക് ഓഫീസിലെ ക്ലാർക്കാണ്'-ചന്ദ്രിക പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമന ഉത്തരവ് കൈമാറിയത്. പരിപാടിയിൽ പിന്നാക്ക ക്ഷേമ മന്ത്രി എ. കെ. ബാലൻ അധ്യക്ഷത വഹിച്ചു. വി.എസ്. ശിവകുമാർ എം.എൽ.എ, മേയർ വി.കെ. പ്രശാന്ത്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവർ പങ്കെടുത്തു.