റിയാദ്- ബഹിരാകാശത്ത് എല്ലാ ദിവസവും സൗദി ഖഹവ കുടിക്കുകയും സഖ്ഇ ഈത്തപ്പഴം കഴിക്കുകയും ചെയ്യുന്നുണ്ടെന്ന് സഞ്ചാരികളായ റയാന അൽബർനാവിയും അലി അൽഖർനിയും പറഞ്ഞു. ഭൂമിയിൽ നിന്ന് പുറപ്പെടുമ്പോൾ സൗദി ഈത്തപ്പഴവും സൗദി ഖഹവയും കൂടെ കരുതിയിരുന്നു. ബഹിരാകാശ നിലയിത്തൽ എല്ലാ ദിവസവും ഇവർ ഖഹവ തയ്യാറാക്കും.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ആദ്യമായി വെള്ളവും പൊടിയും ചേർത്ത് സൗദി ഖഹവ തയ്യാറാക്കിയത് ഞങ്ങളാണ്. രണ്ട് രീതിയിലാണ് ഞങ്ങളുടെ ഭക്ഷണം. ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ വെള്ളത്തിലിട്ട് വെച്ചാണ് കഴിക്കുന്നത്. റെഡിമെയ്ഡ് ഭക്ഷണങ്ങൾ ഓവനിൽ വെച്ച് ചൂടാക്കും. എല്ലാ ദിവസവും ഖഹവയും ഈത്തപ്പഴവും കഴിക്കും. അവർ പറഞ്ഞു.
ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും ആതിഥ്യമര്യാദയുടെയും ചരിത്രമുള്ള സൗദി സംസ്‌കാരവുമായി സൗദി ഖഹവ ബന്ധപ്പെട്ടുകിടക്കുന്നു. സൗദി അറേബ്യയുടെ ജനകീയ സംസ്‌കാരത്തിലും പൈതൃകത്തിലും ഖഹവ ഇന്ന് പ്രധാന ഘടകവുമാണ്. ബഹിരാകാശ നിലയത്തിലെ റേഡിയോ വഴിയാണ് ഇവർ പുറംലോകവുമായി സംവദിക്കുന്നത്.