തിരുവനന്തപുരം - കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തൂരിന്റെ 'ചെങ്കോൽ' ട്വീറ്റിലെ നീരസം പരസ്യമാക്കി യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. ചെങ്കോൽ സംബന്ധിച്ച ശശി തരൂരിന്റെ ട്വീറ്റ് അത്ഭുതപ്പെടുത്തിയെന്ന് ഹസൻ പറഞ്ഞു.
ശശി തരൂരിനെ മതേതരവാദി എന്ന നിലയിലാണ് അറിയുന്നതെന്നും അങ്ങനെയുള്ള തരൂരിൽ നിന്ന് ഇങ്ങനെയൊരു ട്വീറ്റ് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ പാർല്ലമെന്ററിൽ സ്ഥാപിച്ച ചെങ്കോൽ സംബന്ധിച്ച വിവാദത്തിൽ ഇരു വിഭാഗങ്ങളുടെയും വാദങ്ങളിലൽ കഴമ്പുണ്ടെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.
കോൺഗ്രസിൽ അഞ്ചു ഗ്രൂപ്പ് ഉണ്ടെന്ന മുതിർന്ന നേതാവ് വി.എം സുധീരന്റെ പരാമർശത്തിലും ഹസൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷൻ പാർട്ടികളെ രജിസ്റ്റർ ചെയ്യും പോലെ കെ.പി.സി.സി ആസ്ഥാനത് ഗ്രൂപ്പ് രജിസ്റ്റർ ചെയ്യാറില്ല. അഞ്ചു ഗ്രുപ്പൊക്കെ ഉണ്ടെന്നത് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും ആ കാര്യമാകും സുധീരൻ പറഞ്ഞതെന്നും ഹസൻ ചൂണ്ടിക്കാട്ടി. രണ്ടു ഗ്രുപ്പിനെ തന്നെ താങ്ങാനുള്ള ശക്തി പാർട്ടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.