തിരുവനന്തപുരം- എ ഐ ക്യാമറ വിവാദത്തില്‍ പ്രതികരണവുമായി മുന്‍ ഗതാഗത കമ്മീഷണര്‍ ആര്‍ ശ്രീലേഖ. ശ്രീലേഖയും കെല്‍ട്രോണുമാണ് ആദ്യ കരാറില്‍ ഒപ്പിട്ടത്. പോലീസില്‍ നടപ്പിലാക്കിയത് പോലെ ബിഒടി അടിസ്ഥാനത്തില്‍ നടപ്പാക്കാനായിരുന്നു ശുപാര്‍ശ. എന്നാല്‍ സര്‍ക്കാര്‍ ബൂട്ട് അടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ച് കെല്‍ട്രോണിന് കൈമാറി. ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ടെക്നിക്കല്‍ കമ്മിറ്റിയാണ് എല്ലാം തീരുമാനിച്ചത്. കെല്‍ട്രോണ്‍ തയ്യാറാക്കിയ ധാരണാപത്രം സര്‍ക്കാര്‍ അംഗീകരിച്ചാണ് ഒപ്പിട്ടതെന്നും ശ്രീലേഖ പറയുന്നു.
സംസ്ഥാനത്തെമ്പാടും എഐ ക്യാമറ സംബന്ധിച്ചതുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യത്തിന് കെല്‍ട്രോണ്‍ ചെയര്‍മാന്‍ മറുപടി നല്‍കിയില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട് നാണംകെട്ട മറുപടിയാണ് കെല്‍ട്രോണ്‍ എം ഡി നല്‍കിയത്. ഇടപാടില്‍ ഗുരുതര അഴിമതി നടന്നുവെന്ന് ആരോപിച്ച അദ്ദേഹം ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകളും പുറത്തുവിട്ടിരുന്നു.
എഐ ക്യാമറ ഇടപാടിന്റെ ഗുണഭോക്താവ് മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുക്കളാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. അവരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് കെല്‍ട്രോണ്‍ ക്യാമറകളുടെ വിലവിവരം പുറത്തുപറയാന്‍ പറ്റില്ലെന്ന് അറിയിച്ചത്. ഈ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഇതുവരെ മുഖ്യമന്ത്രി മിണ്ടിയിട്ടില്ലെന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.