ജിദ്ദ- യന്ത്രത്തകരാറും കാലപ്പഴക്കവും കൊണ്ട് സൗദി പൗരൻ തുഛവിലക്ക് വിറ്റൊഴിവാക്കിയ കാർ ചില്ലറ മോടിപിടിപ്പിക്കൽ നടത്തി അദ്ദേഹത്തിനു തന്നെ വിൽക്കാൻ ജിദ്ദ കാർ ഹറാജിലെ ബ്രോക്കർമാരുടെ ശ്രമം. യൂസ്ഡ് കാറന്വേഷിച്ച് കാർ ഹറാജിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ അമ്പരപ്പിച്ച സംഭവമുണ്ടായത്. എൻജിനും ഗിയറുമൊക്കെ തകരാറിലായതിനെ തുടർന്ന് താൻ ഉപേക്ഷിച്ച കാർ വിൻഡോ ഗ്ലാസിലും ബോഡിയിലും അല്ലറ ചില്ലറ മാറ്റങ്ങൾ വരുത്തി അവിടെ വിൽപനക്കു വെച്ചിരിക്കുന്നു. 21,000 റിയാൽ വില പറഞ്ഞ് ദല്ലാളുമാർ കൂടെ കൂടി. ഒറ്റനോട്ടത്തിൽ തന്നെ തന്റെ പഴയ കാർ തിരിച്ചറിഞ്ഞ സ്വദേശി പൗരൻ ഈ വാഹനത്തിന്റെ എൻജിനും മറ്റുമൊക്കെ തകരാറിലായതിനാൽ താൻ ഉപേക്ഷിച്ചതാണെന്ന് പറഞ്ഞെങ്കിലും ബ്രോക്കർമാർ വിട്ടില്ല. ഇതിന്റെ ബോണറ്റിൽ ചെറിയൊരു തട്ടലുണ്ടെന്നതല്ലാതെ ബാക്കിയെല്ലാം ഉഗ്രനെന്നു പറഞ്ഞ് കച്ചവടമുറപ്പിക്കാൻ വില പറയാൻ തുടങ്ങി. തർക്കത്തിനൊടുവിൽ ഇത്തരം മോശമായ പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കാൻ അദ്ദേഹം ബ്രോക്കർമാരെ ഉപദേശിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.