പെരിന്തല്‍മണ്ണ-ആഴമുള്ള കുളത്തില്‍ വീണ ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള ഐഫോണ്‍ അഗ്നിശമന സേനാംഗങ്ങള്‍ പുറത്തെടുത്തു. അങ്ങാടിപ്പുറം ഏറാംതോട് മീന്‍കുളത്തിക്കാവ് ക്ഷേത്രക്കുളത്തിലാണ് പാണ്ടിക്കാട് ഒറവംപുറത്തുള്ള എറിയാട് ശരത്തിന്റെ വിലപിടിപ്പുള്ള ഐഫോണ്‍ അബദ്ധത്തില്‍ വീണത്. ശരത്തും സുഹൃത്തുക്കളും ഏറെനേരം തെരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ ലഭിക്കാതെ വന്നപ്പോള്‍ പെരിന്തല്‍മണ്ണ അഗ്‌നിശമന നിലയത്തില്‍ വിവരം അറിയിക്കുകയായിരുന്നു. എട്ടു മീറ്ററോളം ആഴമുള്ളതും ചളി നിറഞ്ഞതുമായ കുളത്തില്‍ ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. തുടര്‍ന്നു സ്‌കൂബ സെറ്റിന്റെ സഹായത്തോടെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ മുഹമ്മദ് ഷിബിന്‍, എം. കിഷോര്‍ എന്നിവര്‍ പത്തു മിനിറ്റോളം തെരച്ചില്‍ നടത്തി ചളിയില്‍ കുടുങ്ങിക്കിടന്നിരുന്ന ഐഫോണ്‍
പുറത്തെടുത്തു ഉടമയ്ക്ക് നല്‍കുകയായിരുന്നു. വിലകൂടിയ ഫോണ്‍ ആയതിനാല്‍ യാതൊരു കേടുപാടുകളുമില്ലാതെ പ്രവര്‍ത്തിക്കാനായതില്‍ ശരത് സന്തോഷം പ്രകടിപ്പിച്ചു. ഓഫീസര്‍മാരായ അഷറഫുദീന്‍, പി. മുരളി എന്നിവര്‍ നേതൃത്വം നല്‍കി.