Sorry, you need to enable JavaScript to visit this website.

പയസ്വിനിക്ക് കുറുകെ ചൊട്ട പാലത്തിന്റെ നിർമാണം തുടങ്ങി

ചൊട്ട പാലത്തിന്റെ നിർമാണ പ്രവൃത്തി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു.

കാസർകോട്- ചൊട്ട പാലത്തിന്റെ നിർമാണ പ്രവൃത്തി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പയസ്വിനിപ്പുഴക്ക് കുറുകെ തന്നെയുള്ള രണ്ടു പാലങ്ങളുടെ നിർമാണ പ്രവൃത്തിയാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. മുളിയാർ ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചൊട്ടപ്പാലം ഒന്നരവർഷംകൊണ്ട് യാഥാർഥ്യമാകും.
പൊതുമരാമത്ത് ടൂറിസം പ്രവൃത്തികൾ സംബന്ധിച്ച് ഒട്ടേറെ വികസന പ്രവർത്തനങ്ങൾ ഉദുമ എം.എൽ.എ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മണ്ഡലത്തിനൊപ്പം എന്നും വകുപ്പും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷനായി. കെആർ.എഫ്.ബി എക്‌സിക്യൂട്ടീവ് എൻജിനീയർ എ. പ്രദീപ്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രമണി, ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. മാധവൻ, ബേഡഡുക്ക പഞ്ചായത്ത് അംഗം ഡി. വത്സല, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ എം. അനന്തൻ, എം. മാധവൻ, കുഞ്ഞികൃഷ്ണൻ മാടക്കല്ല്, പി.കെ. മുഹമ്മദ് കുഞ്ഞി, കെ. ഗോപാലൻ, പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ കെ.ആർ.എഫ്.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ എം. സജിത്ത് സ്വാഗതവും കെ.ആർ.എഫ്.ബി അസിസ്റ്റന്റ് എൻജിനീയർ രവി നന്ദിയും പറഞ്ഞു. കുണ്ടംകുഴി ഇരിയണ്ണി റോഡിൽ ബേഡഡുക്ക ഗ്രാമപഞ്ചായത്തിനെയും മൂളിയാർ പഞ്ചായത്തിനെയും ബന്ധിപ്പിച്ചുകൊണ്ട് പയസ്വിനി പുഴയ്ക്ക് കുറുകെ 15 കോടി രൂപ ചിലവിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന പദ്ധതിയാണ് ചൊട്ടപാലം. 129.700 മീറ്റർ ആണ് പാലത്തിന്റെ നീളം. 7.5 മീറ്റർ വീതിയോട് കൂടിയ ഗ്യാരേജുവേയും 1.5 മീറ്റർ വീതിയുള്ള നടപ്പാതകളും ഉൾപ്പെടെ പാലത്തിന് 11 മീറ്റർ വീതിയുണ്ട്. കുണ്ടംകുഴി ഭാഗത്ത് 1032 മീറ്റർ അപ്പ്രോച്ച് റോഡ്, മുളിയാർ പഞ്ചായത്തിലെ ഇരിയെണ്ണി ഭാഗത്ത് 863 മീറ്റർ അപ്പ്രോച്ച് റോഡ് എന്നിവ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ആവശ്യമായ ഭാഗങ്ങളിൽ പാർശ്വഭിത്തിയും മഴവെള്ളം ഒഴുകിപ്പോകാനുള്ള ഡ്രൈനേജുകളും നിർമിക്കാനുള്ള തുക കൂടി പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

Latest News