തിരുവനന്തപുരം- സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിന്ന് തൊട്ടടുത്ത നഗരങ്ങളിലേക്ക് കെഎസ്ആര്‍ടി പുതിയ എസി ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നു. 42 സീറ്റുള്ള എസി ബസുകളാണ് ഫ്‌ളൈ ബസ് എന്ന പേരിലുളള സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നത്. മറ്റു സര്‍വീസുകളെ അപേക്ഷിച്ച് സമയനിഷ്ട പാലിക്കുന്നവയായിരിക്കും ഈ സര്‍വീസെന്ന് അധികൃതര്‍ പറയുന്നു. യാത്രക്കാര്‍ക്ക് ഹൃദ്യമായ പരിചരണം, മികച്ച വൃത്തി എന്നിവയും ഇവയുടെ പ്രത്യേകതകളായി പറയുന്നു. ലഗേജുകള്‍ക്ക് ഒരു പരിധി വരെ സൗജന്യവും ലഭിക്കും. ഫ്‌ളൈ ബസ് സര്‍വീസുകളുടെ സമയക്രമം വിമാനത്താവളങ്ങളിലും അതതു നഗരങ്ങളിലെ ബസ് സ്റ്റാന്‍ഡുകളിലും പ്രദര്‍ശിപ്പിക്കും. ആദ്യ ഫ്‌ളൈ ബസ് സര്‍വീസ് ചൊവ്വാഴ്ച വൈകുന്നേരം 4.30-ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഫഌഗ് ഓഫ് ചെയ്യും.
വിമാനത്താവളങ്ങളിലെ ആഭ്യന്തര, രാജ്യാന്തര ടെര്‍മിനലുകളിലെ ആഗമന, പുറപ്പെടല്‍ പോയിന്റുകളെ ബന്ധപ്പെടുത്തിയാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഓരോ 45 മിനിറ്റിലും ഫ്‌ളൈ ബസിന്റെ 24 മണിക്കൂര്‍ സര്‍വീസ് ഉണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തെ കോഴിക്കോട് നഗരവുമായി ബന്ധപ്പെടുത്തുന്ന സര്‍വീസ് ഒരു മണിക്കൂര്‍ ഇടവേളകളിലും നെടുമ്പാശ്ശേരിയില്‍ നിന്ന് ഓരോ അര മണിക്കൂറിലും സര്‍വീസുണ്ട്.
എസി ലോ ഫളോര്‍ ബസുകളുടെ ചാര്‍ജ് തന്നെയാണ് ഫ്‌ളൈ ബസ് സര്‍വീസും ഈടാക്കുക. എയര്‍പോര്‍ട്ടിലെ മറ്റു ചാര്‍ജുകളൊന്നും ഈടാക്കുന്നില്ല. ഭാവിയില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളെ വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ച് ഫ്‌ളൈ സര്‍വീസ് വിപുലപ്പെടുത്താനും പദ്ധതിയുണ്ട്.