കോട്ടയം - സംസ്ഥാനത്തെ ആദ്യ ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന കലക്ടറേറ്റായി കോട്ടയം. ഐ.എസ്.ഒ 9001: 2015 സര്‍ട്ടിഫിക്കേഷനാണ് കോട്ടയം ജില്ലാ കലക്ടറുടെ കാര്യാലയത്തിന് ലഭിച്ചത്. പൊതുജനങ്ങള്‍ക്ക് മികവാര്‍ന്നതും ഗുണനിലവാരമാര്‍ന്നതുമായ സേവനങ്ങള്‍ സമയബന്ധിതമായി ലഭിക്കുന്നതിനും മറ്റ് അടിസ്ഥാന സൗകര്യങ്ങളിലെ മികവിനുമാണ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്റെ ഗുണമേന്മ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്.
റെക്കോഡുകളുടെ ആധുനിക രീതിയിലുള്ള ഡിജിറ്റല്‍ പരിപാലനം, അപേക്ഷകളിലും പരാതികളിലും സമയ ബന്ധിതമായ തീര്‍പ്പാക്കല്‍, ഓഫീസില്‍ എത്തുന്ന പൊതുജനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍, ജീവനക്കാരുടെ വിവരങ്ങളും ദൈനംദിന ഹാജരും പ്രദര്‍ശിപ്പിക്കല്‍, ജീവനക്കാര്‍ക്കുള്ള തുടര്‍ച്ചയായ പരിശീലനങ്ങള്‍ തുടങ്ങി സേവനങ്ങള്‍ ലഭ്യമാക്കുന്നതിലെ മികവ് പരിശോധിച്ചാണ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. ഇതിനായി ഓഫീസ് സംവിധാനം നവീകരിച്ചിരുന്നു. ഐ. സ്.ഒ. സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനം മേയ് 30 ന് രാവിലെ കലക്ടറേറ്റില്‍ മന്ത്രി അഡ്വ. കെ. രാജന്‍ നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ സ്ഥാനത്തുനിന്നു ജയശ്രീ 31 നു വിരമിക്കുകയാണ്. 2021 ലാണ് കോട്ടയം ജില്ലാ കലക്ടറായി പി.കെ ജയശ്രീ നിയമിതയായത്്.