കണ്ണൂര്‍- കണ്ണൂര്‍ വിമാനത്താവളത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, വിദേശ വിമാന സര്‍വ്വീസിന് അനുവാദം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ എല്‍.ഡി.എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 2023 ജൂണ്‍ എട്ടിന് കാലത്ത് 10 മണിക്ക് മട്ടന്നൂരില്‍ ജനരപ്രതിനിധികളും, പ്രവര്‍ത്തകരും പങ്കെടുക്കുന്ന ബഹുജന സദസ്സ് സംഘടിപ്പിക്കും.
വിദേശ രാജ്യങ്ങളില്‍ ജോലിചെയ്യുന്നവര്‍ വലിയ തോതിലുള്ള പ്രദേശമാണ് വടക്കന്‍ മലബാര്‍ മേഖല. കുടക് പ്രദേശത്തെ വലിയൊരു വിഭാഗം ജനങ്ങളും വിദേശ രാജ്യങ്ങളില്‍ ജോലിചെയ്യുന്നു. ഇവര്‍ക്കെല്ലാം ആശ്രയിക്കാവുന്ന വിമാനത്താവളമെന്ന നിലയിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കണ്ണൂരില്‍ വിമാനത്താവളത്തിന് തുടക്കം കുറിച്ചത്. ഏറ്റവും വലിയ റണ്‍വെ അടക്കമുള്ള സൗകര്യങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്. നിലവിലുള്ള റണ്‍വേ ദീര്‍ഘിപ്പിക്കുന്നതിനും ആലോചിക്കുന്നുണ്ട്. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന് സഹായകരമായ നിലപാടല്ല കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
വിദേശ വിമാനങ്ങള്‍ സര്‍വീസ് തുടങ്ങിയാലേ വിമാനത്താവളം ഉദ്ദേശിക്കുന്ന നിലയില്‍ ഉപയോഗപ്രദവും ലാഭകരവുമാവുകയുള്ളൂ. ചില വിദേശ രാജ്യങ്ങളും വിമാനക്കമ്പനികളും സര്‍വ്വീസ് നടത്താനുള്ള അനുവാദത്തിനായി കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നിട്ടും അനുമതി നല്‍കാതെ നിഷേധ നിലപാട് സ്വീകരിക്കുകയാണ്. ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് ഇപ്പോഴും ഡയരക്ട് സര്‍വ്വീസ് ഇല്ല. അതും വിമാനത്താവള വികസനത്തിന് തടസ്സമാവുന്നുണ്ട്. മലബാറിലെയും, കുടക് അടക്കമുള്ള മേഖലയിലെയും കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുള്ള നല്ല സാധ്യതയുണ്ടെങ്കിലും അതിനുള്ള സൗര്യങ്ങളും ഇപ്പോഴില്ല. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസന സാധ്യത പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താന്‍ ആവശ്യമായ അനുവാദവും പദ്ധതികളും കേന്ദ്ര സര്‍ക്കാര്‍ നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. അതിനായി ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണമെന്ന് ജില്ലാ കമ്മിറ്റി യോഗം അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ സി.പി സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. എം.വി ജയരാജന്‍, വി.കെ ഗിരിജന്‍, ബാബുരാജ് ഉളിക്കല്‍, കെ. സുരേശന്‍, പി. കുഞ്ഞിക്കണ്ണന്‍, കെ.കെ ജയപ്രകാശ്, ഇ.പി.ആര്‍ വേശാല, ഹമീദ് ചെങ്ങളായി, ജോജി ആനിത്തോട്ടം, കെ.പി അനില്‍ കുമാര്‍, ജോസ് ചെമ്പേരി, രതീഷ് ചിറക്കല്‍, കെ.സി ജേക്കബ് മാസ്റ്റര്‍, അനന്തന്‍ പി.പി, എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ എന്‍. ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.