മലപ്പുറം ജില്ലയിലെ അതിവേഗം വളരുന്ന നഗരമാണ് പെരിന്തൽമണ്ണ. കോഴിക്കോട്-പാലക്കാട് യാത്രക്കാർക്ക് പണ്ടേ ഒരിടത്താവളമായിരുന്നു വള്ളുവനാടൻ പട്ടണം. പൊതുഗതാഗതം സജീവമായ അക്കാലത്ത് കോഴിക്കോട് -പെരിന്തൽമണ്ണ യാത്രാ സമയം നാല് മണിക്കൂറിനടുത്ത് വരും. ഇരു ദിശയിലെ ബസ് സർവീസുകളും
രണ്ടു മണിക്കൂർ ഓടി ക്ഷീണം തീർക്കുന്നത് ഈ നഗരത്തിലെ ഭോജനശാലകൾക്ക് മുമ്പിലായിരുന്നു. ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പിണഞ്ഞ അബദ്ധം പോലെ മലബാറിലെ തലയെടുപ്പുള്ള കെ.എസ്.ആർ.ടി.സി ഡിപ്പോയും ഇതിനടുത്ത് തന്നെ. യാത്രക്കാർക്ക് നല്ല സസ്യാഹാരം വിളമ്പിയ ഭോജനശാലകൾ.
പെരിന്തൽമണ്ണ ദുബായിയോ, ജിദ്ദയോ പോലെ ആയി മാറിയപ്പോൾ ഇതെല്ലാം വിസ്മൃതിയിലായി. പഞ്ചനക്ഷത്ര ഹോട്ടലുകൾക്കടുത്ത് ഫുഡ് സ്ട്രീറ്റ് തന്നെയുണ്ടിപ്പോൾ. വർമയോട് ബഹുമാന പുരസ്സരം ശ ചേർത്തു വിളിക്കുന്ന സാധനം മുതൽ കുഴിമാന്തി പോലുള്ള സകലതും സുലഭം. പാലക്കാട് റോഡിലുണ്ടായിരുന്ന വെജ് ഹോട്ടലുകളിൽ പലതും കാണാനില്ല. കാലത്തിന്റെ ശക്തമായ പ്രവാഹത്തിലും പിടിച്ചു നിന്ന ഒരെണ്ണം മാത്രം ഇപ്പോഴുമുണ്ട്. അതും പക്ഷേ, പഴയ രൂപത്തിലല്ല. ടൈൽസൊക്കെ പാകി മോഡേൺ ആയിട്ടുണ്ട്. മെനുവും പരിഷ്‌കരിച്ചു. ഉച്ച നേരത്ത് ഊണൊന്നും ലഭിക്കില്ല. വേണേൽ വെജിറ്റബിൾ ബിരിയാണി കിട്ടും. ദോഷം പറയരുതല്ലോ, വൈകുന്നേരങ്ങളിൽ സർവ് ചെയ്യുന്ന മസാലദോശ ശരിക്കും ഗൃഹാതുരത്വമുണർത്തും. കീപ്പ് ഇറ്റ് അപ്പ്. ഈ കെട്ടിടത്തിൽ ശ്രദ്ധയാകർഷിച്ചത് അതൊന്നുമല്ല. വക്കീലന്മാർക്കും ഡോക്ടർമാർക്കും മാസ വാടകയ്ക്ക് ഓഫീസ് മുറികൾ നൽകുമെന്ന ഇവിടെ കണ്ട ബോർഡ് ശ്രദ്ധേയമായി. ഇതൊരു പഴയ കീഴ്്‌വഴക്കത്തിന് എതിരാണല്ലോ. വക്കീലന്മാർക്ക് മുറി കൊടുക്കാൻ സാധാരണ ആരും താൽപര്യപ്പെടാറില്ല. കാരണം, ഒഴിപ്പിച്ചെടുക്കുകയെന്നത് വലിയ പുലിവാലായിരിക്കുമെന്നത് തന്നെ. ഏതായാലും ഇതൊരു നല്ല മാറ്റം തന്നെ.
ഇതിനിടയ്ക്കാണ് കൊച്ചിയിൽ മുസ്്‌ലീങ്ങൾക്ക് വാടക വീടുകൾ അന്യമാകുന്നുവെന്ന് ഏഴുത്തുകാരൻ ഷാജി കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. ഭാഗ്യം, അച്ചടി മാധ്യമങ്ങൾ ഇതേറ്റു പിടിച്ചില്ല.
പണ്ടിത് പോലെ മുംബൈയിൽ നിന്നും ഉത്തരേന്ത്യൻ നഗരങ്ങളിൽ നിന്നൊക്കെ വാർത്ത വരാറുണ്ടായിരുന്നു.
എന്നാൽ കൊച്ചിയുടെ കാര്യമായതിനാൽ പല വിധ സംശയങ്ങൾ ഉന്നയിക്കുന്ന ചിലരേയും കണ്ടു. സിനിമ-ഡ്രഗ്‌സ് ബന്ധത്തിന് കുപ്രസിദ്ധമാണ് സ്ഥലം. ഏതാനും മാസങ്ങൾക്കപ്പുറമാണ് ഒരു മിസ് കേരളയും മിസ് കേരള റണ്ണർ അപ്പും അർധരാത്രി വാഹനാപകടത്തിൽ മരിച്ചത്. 25,000 കോടിയുടെ മയക്കുമരുന്നുമായി വന്ന കപ്പൽ മുങ്ങിയെന്നൊക്കെ കേട്ടു. ഭാവിയിൽ പ്രശ്‌നങ്ങളുണ്ടാവേണ്ടെന്ന് കരുതി സിനിമക്കാരെ ഏതെങ്കിലും ജന്മി ഒഴിവാക്കിയാൽ അവരെ കുറ്റം പറയാനാവില്ല. കൊച്ചി വളരെ സെക്കുലറായ നഗരമാണെന്ന് തോന്നിയിട്ടുണ്ട്. അടുത്തിടെ കാക്കനാട് ഇൻഫോപാർക്ക് വഴി കടന്നു പോകുമ്പോൾ പാതയോരത്ത് കണ്ട ബോർഡ് ഇത്തയുടെ വീട്ടിലെ അതേ രുചിയുള്ള ഊൺ എന്നാണ്. കളമശേരി, ആലുവ, മട്ടാഞ്ചേരി പ്രദേശങ്ങളിൽ ന്യൂനപക്ഷ സമുദായക്കാരനായതിനാൽ വീട് കിട്ടാതാവുമോ..
**** **** ****
2016 ലെ കോടതിയലക്ഷ്യക്കേസിൽ ഡൽഹി ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് റിപ്പബ്ലിക് ടിവി മാനേജിംഗ് ഡയറക്ടറും എഡിറ്റർ ഇൻ ചീഫുമായ അർണാബ് ഗോസ്വാമി. അന്തരിച്ച പരിസ്ഥിതി പ്രവർത്തകനും എനർജി ആൻഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റിയൂട്ട് മുൻ മേധാവിയുമായ ആർ പച്ചൗരി നൽകിയ ഹർജിയിലാണ് അർണബ് ഗോസ്വാമി നിരുപാധികം മാപ്പ് പറഞ്ഞത്.
പച്ചൗരിക്കെതിരെ ഉയർന്ന ലൈംഗികാതിക്രമ ആരോപണത്തെ സംബന്ധിച്ച വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് കോടതി തടഞ്ഞിരുന്നു. എന്നാൽ ഇത് ഗൗനിക്കാതെ വാർത്ത പ്രസിദ്ധീകരിച്ച സംഭവത്തിലാണ് അർണബ് ഗോസ്വാമി മാപ്പ് പറഞ്ഞിരിക്കുന്നത്. 2016 ൽ ആണ് പച്ചൗരി കോടതിയലക്ഷ്യക്കേസ് ഫയൽ ചെയ്തത്. ഈ സമയത്ത് ടൈംസ് നൗവിൽ ആയിരുന്നു അർണബ് ഗോസ്വാമി. ബെന്നറ്റ് ആൻഡ് കോൾമാൻ, എൻഡിടിവി മുൻ പ്രൊമോട്ടർ പ്രണോയ് റോയ് എന്നിവർക്കെതിരെയും പച്ചൗരി കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്തിരുന്നു. തന്നെ അകാരണമായി മാധ്യമ വിചാരണയ്ക്ക് വിധേയനാക്കുകയാണെന്ന് പച്ചൗരി പറഞ്ഞിരുന്നു.
കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മാപ്പപേക്ഷിച്ച അർണബ് ഗോസ്വാമി തനിക്കെതിരായ നടപടികൾ ഉടനടി അവസാനിപ്പിക്കണമെന്നും അഭ്യർഥിച്ചു.
**** **** ****
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ലണ്ടനിൽ. യുകെയിലെ ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനയായ സമീക്ഷ യു.കെയുടെ ആറാം ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം എത്തിയത്. ഷർട്ട് 'ടക്ക് ഇൻ' ചെയ്ത് സാധാരണ വേഷത്തിൽനിന്ന് വ്യത്യസ്തമായാണ് എംവി ഗോവിന്ദൻ ലണ്ടനിലെ വിമാനത്താവളത്തിലെത്തിയത്. ലണ്ടൻ ഗ്വാറ്റിക് വിമാനത്താവളത്തിൽ വച്ച് എം.വി ഗോവിന്ദന് കിട്ടിയ സ്വീകരണത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
വിമാനത്താവളത്തിൽ എത്തിയ ചിത്രം എം. വി. ഗോവിന്ദൻ ഫേസ്ബുക്കിലാണ് പങ്കുവെച്ചിരുന്നത്. എം. വി. ഗോവിന്ദനൊപ്പം ഭാര്യ പി. കെ. ശ്യാമള, ചലച്ചിത്ര സംവിധായകൻ ആഷിഖ് അബു എന്നിവരും ലണ്ടനിൽ എത്തിയിട്ടുണ്ട്. ലണ്ടൻ ഗ്വാറ്റിക് വിമാനത്താവളത്തിൽ വച്ച് സമീക്ഷ യുകെ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, നാഷണൽ പ്രസിഡന്റ് ശ്രീകുമാർ ഉള്ളപ്പിള്ളിൽ എന്നിവർ ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു. പ്രശസ്ത സിനിമാ സംവിധായകൻ ആഷിക് അബുവും ഒപ്പമുണ്ടായിരുന്നു- എം വി ഗോവിന്ദൻ ഫേസ്ബുക്കിൽ വ്യക്തമാക്കി. റിയാസ് മന്ത്രി പറഞ്ഞത് പോലെ എല്ലാവരും വിദേശങ്ങളിൽ പോകുന്നത് നല്ലതാണ്. ലണ്ടനിലാവുമ്പോൾ കാറൽ മാർക്‌സിന്റെ കബറിടം സന്ദർശിക്കാമെന്ന ഗുണവുമുണ്ട്.
**** **** ****
കേരളാ സർക്കാരിന്റെ ദൽഹിയിലെ പ്രത്യേക പ്രതിനിധിയായ മുൻ കോൺഗ്രസ് നേതാവ് കെ വി തോമസിന് മാസം ഒരു ലക്ഷം രൂപാ ഓണറേറിയം അനുവദിച്ചു. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തിരുമാനം. തനിക്ക് ശമ്പളം വേണ്ടെന്നും ഓണറേറിയം മതിയെന്നും കെ വി തോമസ് സർക്കാരിനെ നേരത്തെ അറിയിച്ചിരുന്നു.
പ്രൊഫസർ, എം പി, എം എൽ എ എന്നിവയുടെ പെൻഷൻ കെ വി തോമസിന് ലഭിക്കുന്നുണ്ട്. ശമ്പളം വാങ്ങിച്ചാൽ അത് നഷ്ടപ്പെടും. അത് കൊണ്ടാണ് ശമ്പളത്തിന് പകരം ഓണറേറിയം മതിയെന്ന് കെ വി തോമസ് ആവശ്യപ്പെട്ടത്. നേരത്തെ തന്നെ ഇക്കാര്യത്തിൽ വലിയ വിമർശനം ഉയർന്നിരുന്നു. 20 ലോകസ്ഭാ എം പിമാരും ഒമ്പത് രാജ്യസഭാ എം പിമാരും നിരവധി ഉദ്യോഗസ്ഥരും ദൽഹിയിൽ ഉണ്ടായിട്ടും എന്തിനാണ് പിന്നെ കെ വി തോമസിനെ സർക്കാർ പ്രത്യേക പ്രതിനിധിയായി വച്ചതെന്ന ചോദ്യവും ഉയർന്നിരുന്നു.
കാബിനറ്റ് മന്ത്രിയുടെ റാങ്കോടെയാണ് കെ വി തോമസിനെ ദൽഹിയിൽ നിയമിച്ചത്. അത് കൊണ്ട് തന്നെ രണ്ട് അസിസ്റ്റന്റുമാർ, ഒരു ഓഫീസ് അറ്റൻഡന്റ്, ഒരു ഡ്രൈവർ എന്നിവരെ നിയമിക്കാനും അനുമതി നൽകിയിട്ടുണ്ട്. ഇവർക്ക് രണ്ടുവർഷം കഴിഞ്ഞാൽ പെൻഷനും ലഭിക്കും. സമ്പത്തിനു പകരമാണ് കെ വി തോമസിനെ കേരളാ സർക്കാരിന്റെ ദൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. മറ്റു പെൻഷനുകൾ മുടങ്ങാതെ പുതിയ പ്രതിഫലമായ ഒരു ലക്ഷം യാതൊരു കുറവുമില്ലാതെ കോൺഗ്രസിൽ നിന്ന് കമ്യൂണിസ്റ്റായ തോമസ് മാഷുക്ക് കിട്ടും. ഇതാണ് യഥാർഥ കരുതൽ.
**** **** ****
കെ എസ് ചിത്ര എന്നാൽ മലയാളികൾക്ക് ചിത്ര ചേച്ചിയാണ്. മലയാളി ജീവിതത്തിന്റെ ഭാഗമായി മാറിയ ശബ്ദം. മലയാളത്തിൽ മാത്രമല്ല പാടിയ ഭാഷകളിലെല്ലം കയ്യടികളും ആരാധകരേയും നേടിയ ഗായിക.
രാജ്യം പത്മശ്രീയും പദ്മഭൂഷനും നൽകിയ ആദരിച്ച പ്രതിഭയാണ് ചിത്ര. ചിരിച്ച മുഖത്തോടെ മാത്രമേ ചിത്രയെ കണ്ടിട്ടുള്ളൂ. എന്നാൽ അപൂർവ്വം ചില നിമിഷങ്ങളിൽ ചിത്ര ദേഷ്യപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ ഒരിക്കൽ തന്നോട് ചിത്ര ദേഷ്യപ്പെട്ടതിനെക്കുറിച്ച് സംഗീത സംവിധായകൻ ശരത് തുറന്ന് പറയുകയാണ്. ബിഹൈൻഡ് വുഡ്സിന് ചിത്ര നൽകിയ അഭിമുഖത്തിൽ വീഡിയോ സന്ദേശമായി എത്തിയാണ് ശരത്തിന്റെ തുറന്ന് പറച്ചിൽ. ചിത്രയ്ക്കുള്ള ചോദ്യമായിട്ടാണ് ശരത്ത് സംഭവം പറഞ്ഞത്. എപ്പോഴും ചിരിച്ചു മാത്രം കണ്ടിട്ടുള്ള ചിത്ര ചേച്ചി അന്ന് കഥാപുസ്തകത്തിലെ കാലിയയുടെ പുരികം പോലെ പുരികമൊക്കെ വളച്ച് പിടിച്ച് തന്നോട് ദേഷ്യപ്പെട്ടുവെന്നാണ് ശരത് പറയുന്നത്. പിന്നാലെ ചിത്ര തന്നെ സംഭവം വിവരിക്കുകയാണ്. പൊതുവെ ഞാൻ സിസ്റ്റമാറ്റിക് ആണ്. വീട്ടിൽ എന്തെങ്കിലും സാധനം വച്ചാൽ അത് അവിടെ തന്നെ വേണം. വൃത്തിയുണ്ട്. ഒസിഡിയാണെന്ന് വേണമെങ്കിൽ പറയാം. എനിക്ക് അതുപോലെ തന്നെ വേണം. അത്തരം സന്ദർഭങ്ങളിൽ എനിക്ക് ദേഷ്യം വരാറുണ്ടെന്നാണ് ചിത്ര പറയുന്നത്.
ഒരു പ്രോഗ്രാം ചാർട്ട് ചെയ്യുമ്പോൾ ഒരു ഫ്ളോയിലാണ് ചെയ്യുക. ഗായകർ മാറി മാറി വരണം, ഒരേ ടെമ്പോയിലാകരുത്, വേരിയേഷൻ വേണം എന്നൊക്കെയുണ്ട്. അങ്ങനൊരു ഫോർമാറ്റ് ഉണ്ടാക്കി അതിനനുസരിച്ച് പാട്ടുകൾ ഒരുക്കിയാണ് അവതരിപ്പിക്കുക. ഒരു പാട്ട് കഴിഞ്ഞ അടുത്ത പാട്ടിലേക്ക് പോകാൻ വൈകരുത്, കേൾവിക്കാർ കാത്തു നിൽക്കേണ്ടി വരരുത്. അങ്ങനെയെങ്കിൽ കേൾക്കുന്നവർക്കും രസകരമായിരിക്കും, നമുക്കും സമയത്ത് തീർക്കാം- ചിത്ര പറയുന്നു.
**** **** ****
മമ്മൂട്ടി നിലപാടുള്ളയാളാണെന്ന് മാധ്യമപ്രവർത്തകനും സിപിഎമ്മിന്റെ രാജ്യസഭാ എംപിയുമായ ജോൺ ബ്രിട്ടാസ്. നിലപാട് കൊണ്ട് അദ്ദേഹത്തിന് നഷ്ടങ്ങൾ മാത്രമെ ഉണ്ടായിട്ടുള്ളൂ. ഞാനും മമ്മൂക്കയും തമ്മിൽ നല്ല കെമസ്ട്രിയാണ്. യഥാർത്ഥത്തിൽ സഹോദര തുല്ല്യമായ ബന്ധമാണ്. ഈ ബന്ധത്തിന് കാരണം അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിൽ ഇടപെടുന്നില്ല എന്ന കാരണത്തിലായിരിക്കും. പല ആൾക്കാരും എന്റെ അടുത്ത് മമ്മൂട്ടിയുടെ കോൾഷീറ്റ് എടുത്ത് തരുമോയെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, അതു നടക്കില്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയാണ് ഉണ്ടായതെന്നും ബ്രിട്ടാസ് പറഞ്ഞു.
മിക്കവാറും ദിവസങ്ങളിൽ സംസാരിക്കുകയും ആശയങ്ങൾ കൈമാറുകയും ചെയ്യും. അദ്ദേഹം എല്ലാ പരിപാടിയിലും പങ്കെടുക്കും, ഒരു രൂപ വാങ്ങിക്കില്ല. അദ്ദേഹം നല്ലൊരു മനുഷ്യ സ്നേഹിയാണ്. കേരളത്തിന്റെ സാഹോദര്യം സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ആളാണ് മമ്മൂട്ടി.
മമ്മൂട്ടി ഒരു രാഷ്ട്രീയ പാർട്ടിയുടെയും ലേബലിൽ നിൽക്കുന്ന ആളല്ല. പല നിലപാടുകൾ കൊണ്ട് അദേഹത്തിന് നഷ്ടങ്ങൾ ഉണ്ടായി. മമ്മൂട്ടിക്ക് ഒരു പദ്മശ്രീ കിട്ടിയിട്ട് എത്ര നാളായി. ബോളിവുഡിലെ ചെറിയചെറിയ പിള്ളേർക്ക് പത്മഭൂഷൺ ഒക്കെ വാരിക്കോരി കൊടുക്കുമ്പോൾ മമ്മൂക്കയെ പോലുള്ള ഇന്ത്യയുടെ വലിയൊരു അടയാളപ്പെടുത്തലിനെ നാം കാണുന്നില്ല. മമ്മൂട്ടി പക്ഷേ, ഇക്കാര്യം പറയില്ല. ഞാൻ പറഞ്ഞുകൊണ്ടേയിരിക്കുമെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.
**** **** ****
ബോളിവുഡിലെ ഖാൻമാരിൽ ഏറ്റവും പ്രൊഫഷണലായ നടൻ ആമിർ ഖാനാണെന്ന് ആരും സമ്മതിക്കും. എല്ലാ സിനിമയിലും ഓടിക്കയറി അഭിനയിക്കില്ല. വളരെ സെലക്ടീവായി വർഷത്തിൽ ഒന്ന് എന്ന നിലയിലേ ഏറിയാൽ അദ്ദേഹത്തിന്റെ സിനിമ വരാറുള്ളു. സബ്ജക്റ്റിന്റെ പേരിൽ ചർച്ച ചെയ്യപ്പെടുന്ന നിലവാരം പുലർത്തുന്ന സിനിമയായിരിക്കും ആമിറിന്റേത്. സൗത്തിൽ കമൽഹാസനെ പറ്റി പറഞ്ഞത് പോലെയാണ് ആമിറും. ഈ പറഞ്ഞ ചിട്ടയൊന്നും വിവാഹ-കുടുംബ ജീവിതത്തിൽ കാണില്ല. പലപ്പോഴും ആമിർ ഖാൻ ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത് ഡേറ്റിങ്, വിവാഹം എന്നിവയുമായി ബന്ധപ്പെട്ടാണ്. അമ്പത്തിയെട്ടുകാരനായ ആമിർ ഖാൻ ഇതുവരെ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. അത് രണ്ടും വിവാഹമോചനത്തിൽ കലാശിക്കുകയും ചെയ്തു.
ഇപ്പോൾ താരം നടി ഫാത്തിമ സന ഷെയ്ഖുമായി പ്രണയത്തിലാണെന്നും വൈകാതെ വിവാഹമുണ്ടാകുമെന്നുമാണ് പാപ്പരാസികൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഫാത്തിമയ്ക്കൊപ്പം പിക്കിൾ ബോൾ കളിക്കുന്ന ആമിർ ഖാന്റെ വീഡിയോയും ഫോട്ടോയും വൈറലായിരുന്നു. ദംഗലിൽ ഒരുമിച്ച് അഭിനയിച്ച ശേഷം ഫാത്തിമയും ആമിറും തമ്മിൽ നല്ലൊരു ബന്ധമുണ്ടെന്നും അത് തഗ്സ് ഓഫ് ഹിന്ദുസ്ഥാനിലേക്ക് എത്തിയപ്പോൾ കൂടുതൽ ആഴത്തിലുള്ളതായി മാറി എന്നുമാണ് ബോളിവുഡിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ. ഫാത്തിമയ്ക്കൊപ്പം ഗെയിം കളിക്കുന്ന ആമിർ ഖാന്റെ വീഡിയോ അടുത്തിടെ വൈറലായതോടെ ലവ് ബേർഡ്സിനെപ്പോലെയാണ് ഇരുവരേയും കാണാനെന്നാണ് ആരാധകർ കമന്റ് ചെയ്തത്.
**** **** ****
ഇടതുപക്ഷ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി,ഡി സതീശന്റെ ഓഫീസ് കേന്ദ്രീകരിച്ച് മാധ്യമ ഗൂഢാലോചന നടക്കുന്നുവെന്ന പി.വി അൻവർ എംഎൽഎയുടെ ആരോപണം നിഷേധിച്ച് ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാർ. ഒരേ വാർത്ത ഒരക്ഷരം വിടാതെ സമാനമായി 'ജയ്ഹിന്ദ്'ടിവിയിലും 'ഏഷ്യാനെറ്റി'ലും വന്നത് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം പി.വി അൻവർ ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചത്. ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ബ്യൂറോയിലെ സീനിയർ റിപ്പോർട്ടറായ അഖില. ഒരു പാർട്ടി ഓഫീസിൽ നിന്നും നിർദ്ദേശം കിട്ടിയിട്ട് വേണ്ട വാർത്ത എഴുതാൻ. കണ്ട കാര്യങ്ങളിൽ ബോദ്ധ്യമുള്ളത് സ്വന്തം ഭാഷയിൽ പറയാനും എഴുതാനും കഴിയുമെന്ന ആത്മവിശ്വാസം ഉള്ളത് കൊണ്ടാണ് ഈ തൊഴിൽ തുടങ്ങിയതും തുടരുന്നതുമെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു.
ഇടതുപക്ഷ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഓഫീസ് കേന്ദ്രീകരിച്ച് മാധ്യമ ഗൂഢാലോചന നടക്കുന്നുവെന്ന പി.വി അൻവർ എംഎൽഎയുടെ ആരോപണത്തെ കെ.ടി ജലീലും പിന്തുണച്ചു. മലയാള പത്രങ്ങളിലും ഇതുപോലെ അദ്ഭുതകരമായ സാമ്യത വാർത്തകൾ പ്രസിദ്ധീകരിക്കുന്നേടത്ത് ഉണ്ടായത് താനോർക്കുന്നുണ്ടെന്ന് ജലീൽ പറയുന്നു.
**** **** ****
മലയാളം ചാനൽ റേറ്റിങ്ങിൽ വീണ്ടും ഏറ്റവും പിന്നിലേക്ക് പോയി കൈരളി ടിവി. 20 ആഴ്ചയിലെ ജിആർപി റേറ്റിങ്ങ് പുറത്തുവന്നപ്പോൾ ഏറ്റവും പിന്നിൽ കൈരളി ടിവിയാണ്. പതിവ് പോലെ ഏറ്റവും മുന്നിലുള്ളത് ഏഷ്യാനെറ്റാണ്. 687 പോയിന്റുകളാണ് ചാനൽ സ്വന്തമാക്കിയത്് സീരിയലുകളുടെ പിൻബലത്തിലാണ് ചാനൽ ഇക്കുറിയും ഒന്നാം സ്ഥാനം നിലനിർത്തിയത്. സാന്ത്വനം സീരിയലിനാണ് ഏറ്റവും കൂടുതൽ പ്രേക്ഷകർ ഉള്ളത്. 13.4 പോയിന്റാണ് ബാർക്കിൽ ഈ സീരിയലിനുള്ളത്.
കുടുംബവിളക്കിന് 12.1, മൗനരാഗത്തിന് 12, ഗീതാ ഗോവിന്ദത്തിന് 11, പത്തരമാറ്റ് സീരിയലിന് 10.1, കൂടെവിടെയ്ക്ക് 4.8, നമ്മൾ സീരിയലിന് 2.2 പോയിന്റുകളുമാണ് ബാർക്ക് റേറ്റിങ്ങിൽ ഉള്ളത്.സൂര്യയെയും മഴവിൽ മനോരമയെയും മറികടന്ന് 20 ആഴ്ചയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് എത്തിയത് സീ കേരളമാണ്. 249 പോയിന്റുകളുമായി ചാനൽ വലിയ കുതിപ്പാണ് റേറ്റിങ്ങിൽ കാഴ്ചവെച്ചിരിക്കുന്നത്. സീയുടെ ചരിത്രത്തിൽ ആദ്യമായാണ് രണ്ടാം സ്ഥാനം നേടുന്നത്. സീരിയലുകളും റിയാലിറ്റി ഷോകളുമാണ് ചാനലിനെ ഈ നേട്ടത്തിന് തുണച്ചത്. ശ്യാമാംബരം സീരിയൽ 4.40 പോയിന്റും മിഴി രണ്ടിലും 4.18, കുടുംബശ്രീ ശാരദ 4.27 പോയിന്റും നേടിയിട്ടുണ്ട്. പ്രൈംടൈമിൽ ഏഷ്യാനെറ്റിലെ സീരിയലുകളെ കടത്തിവെട്ടുന്ന പ്രകടനമാണ് സീ ചാനലിലെ പരമ്പരകൾ നടത്തിയിരിക്കുന്നത്.
ചാനലിലെ റിയാലിറ്റി ഷോകളായ വൈഫ് ബ്യൂട്ടിഫുൾ 2.23 പോയിന്റും ഡ്രാമ ജൂനിയേഴ്സ് 2.21 പോയിന്റും കരസ്ഥമാക്കിയത് ചാനൽ കുതിപ്പിനെ സഹായിച്ചിട്ടുണ്ട്.ചാനൽ റേറ്റിങ്ങിൽ മൂന്നാം സ്ഥാനം ഫ്ളവേഴ്‌സിനാണ്. 229 പോയിന്റാണ് ചാനൽ സ്വന്തമാക്കിയിരിക്കുന്നത്. സൂര്യ 195 പോയിന്റുമായി നാലാം സ്ഥാനത്തുണ്ട്.
അജഗജാന്തരം സിനിമ പ്രീമിയർ റിലീസായി നൽകിയിട്ടും ചാനലിന് റേറ്റിങ്ങ് ഉയർത്താൻ സാധിച്ചിട്ടില്ല. അഞ്ചാം സ്ഥാനത്തുള്ള മഴവിൽ മനോരമയ്ക്ക് 186 പോയിന്റുകളാണുള്ളത്. ആറാം സ്ഥാനത്തുളള്ളത് ഏഷ്യാനെറ്റ് മൂവിസാണ്. 183 പോയിന്റാണ് ചാനലിനുള്ളത്. മലയാളം ചാനലുകളിൽ ഏറ്റവും പിന്നിൽ ഇക്കുറി കൈരളിയാണ്. ബാർക്കിൽ 143 പോയിന്റ് നേടാനെ കൈരളിക്ക് സാധിച്ചിട്ടുള്ളൂ.