കോഴിക്കോട് - കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ 18-കാരൻ മുങ്ങി മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അമൽ ആണ് മരിച്ചത്. ഇന്ന് (ഞായർ) വൈകിട്ട് മൂന്നോടെയാണ് സംഭവം.
കുളിക്കുന്നതിനിടെ കയത്തിൽ അകപ്പെടുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അപകട സാധ്യതയുള്ളതിനാൽ പതങ്കയത്തേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു.
ഇവിടേക്കുള്ള വഴി കെട്ടി അടക്കുകയും ഹോം ഗാർഡിനെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇത് മറികടന്ന് ആനക്കാംപൊയിൽ ഭാഗത്തുകൂടെ എത്തിയാണ് സംഘം പുഴയിലിറങ്ങിയത്.
പത്തനംതിട്ട അച്ചൻകോവിലാറിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികളും ഇന്ന് മുങ്ങിമരിച്ചു. വെട്ടൂർ സ്വദേശികളായ അഭിലാഷ്, അഭിരാജ് എന്നിവരാണ് മരിച്ചത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.