ഹജ്ജ് ഒരിക്കലേ നിര്‍ബന്ധമുള്ളൂ. എന്നാല്‍ ഒന്നിലേറെ ഹജ്ജ് ചെയ്യാന്‍ പാടില്ല എന്ന് വിലക്കൊന്നുമില്ല. ഹജ്ജിനെ ടൂറിസമോ പിക്‌നിക്കോ ആക്കാന്‍ പാടില്ല. മറ്റ് ബാധ്യതകളൊന്നും മര്യാദക്ക് നിര്‍വഹിക്കാതെ അടിക്കടി ഹജ്ജിന്ന് പോകുന്നത് തികച്ചും അനഭിലഷണീയമാണ്. വിശിഷ്യാ വളരെയേറെ പേര്‍ക്ക് നിര്‍ബന്ധമായ ഹജ്ജ് ചെയ്യാന്‍ പോലും അവസരം കിട്ടാതെ പോകുന്ന മക്കയിലും പരിസരത്തും അസാധാരണമാം വിധ തിക്കും തിരക്കും വര്‍ധിച്ച ചുറ്റുപാടില്‍.
എന്നാല്‍ മുന്‍ഗാമികളായ ധാരാളം പേര്‍ ഒന്നിലേറെ ഹജ്ജ് ചെയ്തവരാണ്. അന്നാരും അതിനെ വിലക്കിയിട്ടില്ല. പല കാരണങ്ങളാല്‍ ഒന്നിലേറെ ഹജ്ജ് ചെയ്യേണ്ടി വന്നേക്കാം. അങ്ങനെയുള്ളവരെ അന്ധമായി അധിക്ഷേപിക്കുന്നത് ഒട്ടും ശരിയല്ല. താനനുഷ്ഠിച്ച ഹജ്ജില്‍ അപൂര്‍ണത വരും വിധം അബദ്ധങ്ങള്‍ സംഭവിച്ചതിനാല്‍ ഹജ്ജ് വീണ്ടും ചെയ്യേണ്ടി വരുന്ന ചുറ്റുപാടുണ്ടാകാം. മാതാപിതാക്കള്‍ക്കു വേണ്ടി ഹജ്ജ് ചെയ്യുന്നവരുണ്ടാകാം. ഭാര്യ, പെങ്ങള്‍ തുടങ്ങിയവരോടൊപ്പം നിര്‍ബന്ധമായും അനുയാത്ര നടത്തേണ്ട നിര്‍ബന്ധാവസ്ഥയില്‍ പോകുന്നവരുണ്ടാകാം. യുവാവായിരിക്കെ ഹജ്ജ് ചെയ്ത് പിന്നീട് ദീര്‍ഘ കാലത്തിനു ശേഷം ആത്മീയ ദാഹത്താല്‍ വീണ്ടും ഒരു ഹജ്ജ് കൂടി എന്നതും ഉണ്ടാവാം. ചുരുക്കത്തില്‍ ഹജ്ജിനെ നിസ്സാരവല്‍ക്കരിക്കാനും ഹജ്ജിന്ന് പോകുന്നവരെ ശരിക്കും വിലയിരുത്താതെ അടച്ചാക്ഷേപിക്കാനും തുനിയുന്നവര്‍ ഇസ്‌ലാമിക സൗധത്തിന്റെ സുപ്രധാന സ്തംഭത്തെ തകര്‍ക്കാന്‍ പല മാര്‍ഗേണ യത്‌നിക്കുന്ന നിര്‍മത നിരീശ്വര വാദികളുടെ കുപ്രചരണത്തിന് ഇന്ധനം പകരുന്ന ഗതികേടിലേക്കും വഴികേടിലേക്കും ചെന്നെത്താനിടയുണ്ട്.
ഹജ്ജ് ഒരു ഉലയാണ്. ഉലയില്‍ സ്വര്‍ണം സ്ഫുടീകരിക്കപ്പെടും പോലെ സത്യവിശ്വാസി ഹജ്ജിലൂടെ സ്ഫുടീകരിക്കപ്പെടും. പക്ഷേ ഇന്ന് ഹജ്ജ് യാത്രയുടെ നടത്തിപ്പുകാരും സംഘാടകരും ടൂറിസം വ്യാപാരത്തിലേര്‍പ്പെട്ടിട്ടുള്ള ട്രാവല്‍ ഏജന്‍സികളാണ്. അവരുടെ കൂടെ ഹജ്ജിന് പോകുന്നവര്‍ക്ക് ശരിയായ ഹജ്ജ് പൂര്‍ണതയോടെ അനുഷ്ഠിക്കാന്‍ സാധിക്കാതെ പലപ്പോഴും പരമാബദ്ധങ്ങള്‍ പിണഞ്ഞ് കഷ്ട നഷ്ടങ്ങള്‍ക്കിരയായി കഴിയേണ്ടിവരുന്നത് പലരുടെയും സ്വകാര്യ ദു:ഖമാണ്. ഇത്തരക്കാരില്‍ പലരും പിന്നെയും ഹജ്ജിന്ന് പോയി തങ്ങളുടെ അബദ്ധങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക സ്വാഭാവികമാണ്.
ഹജ്ജ് വ്യാപാരവല്‍ക്കരിക്കപ്പെട്ടതിനാല്‍ 'ഉലയെ' ശീതീകരിപ്പിക്കും വിധം കേവല ടൂറിസത്തിന്റെ ഫൈവ്സ്റ്റാര്‍ കള്‍ച്ചര്‍ ഹജ്ജിലേക്ക് കടത്തി വിടുന്നു, ഹജ്ജ് കച്ചവടം വിജയകരമാക്കാന്‍. ഉലയെ ശീതീകരിച്ചാല്‍ പിന്നെ സ്ഫുടീകരണം നടക്കുന്നതെങ്ങനെ? ഇല്ലാത്തത് കടത്തി വിടാനും ഉണ്ടാവേണ്ടതിനെ ഫലത്തില്‍ ഇല്ലാതാക്കും വിധം മാറ്റി മറിക്കാനും പൗരോഹിത്യത്തിന്റെ ജാടകളാല്‍ ഞങ്ങളുടെ ഗ്രൂപ്പില്‍ 'സ്‌പെഷ്യല്‍ ഐറ്റംസ്' ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനും പലരും വിദഗ്ധമായി ശ്രമിക്കുന്നുണ്ട്. പലരും വളരെ വൈകിയാണ് ഹജ്ജില്‍ തങ്ങള്‍ക്ക് പിണഞ്ഞ അമളിയും നഷ്ടവും മനസ്സിലാക്കുന്നത്.
നബി (സ) ഒരൊറ്റ ഹജ്ജേ നിര്‍വഹിച്ചിട്ടുള്ളൂ. പഞ്ച സ്തംഭങ്ങളില്‍ ഏറ്റവും ഒടുവിലാണ് ഹജ്ജ് നിര്‍ബന്ധമായത്. ആദ്യ വര്‍ഷം സിദ്ധീഖുല്‍ അക്ബറിന്റെ നേതൃത്വത്തില്‍ നബിയുടെ അനുയായികള്‍ ഹജ്ജനുഷ്ഠിച്ചു. പിറ്റെ വര്‍ഷം നബി (സ) യുടെ നേതൃത്വത്തില്‍ വളരെ വലിയ സംഘം ഹജ്ജിന്ന് പോയി. അതു കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞപ്പോള്‍ നബി ഇഹലോക വാസം വെടിഞ്ഞു. ഹജ്ജ് ഒന്നേ പാടുള്ളുവെന്ന് നബി (സ) പറഞ്ഞിട്ടില്ല. എന്നാല്‍ സത്യ വിശ്വാസികള്‍ തങ്ങളുടെ സല്‍കര്‍മങ്ങളില്‍ തഖ്‌വയോടെ മുന്‍ഗണനാക്രമം ദീക്ഷിക്കേണ്ടതുണ്ട്.
ഹജ്ജ് ഒരു പാപനാശിനി കര്‍മമാണെന്ന ധാരണയാല്‍ ഹജ്ജ് കൂടുതല്‍ ചെയ്യുന്നവരുണ്ടെങ്കില്‍ അത് അത്ര ശരിയല്ല. റബ്ബിങ്കല്‍ സ്വീകാര്യമായ ഹജ്ജിന്റെ പല സല്‍ഫലങ്ങളില്‍ ഒന്ന് മാത്രമാണ് അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ പാപങ്ങള്‍ പൊറുക്കപ്പെടുമെന്നത്. പാപം പരിഹരിക്കാനും പൊറുപ്പിക്കാനും വേണ്ടി ഹജ്ജ് ചെയ്യണമെന്നില്ല. വേറെയും പല കര്‍മങ്ങളിലൂടെയും ദോഷങ്ങള്‍ റബ്ബിന്റെ കൃപയാല്‍ പൊറുക്കപ്പെടും. 'നിശ്ചയം സുകൃതങ്ങള്‍ തിന്മകളെ മായ്ച്ചു കളയും.' (വി.ഖു) നിഷ്‌കളങ്കമായ പശ്ചാത്താപം, പല നിലക്കും സല്‍ക്കര്‍മങ്ങള്‍ ഭക്തിപൂര്‍വം വര്‍ധിപ്പിക്കല്‍, ദാനധര്‍മങ്ങള്‍ തുടങ്ങിയവ പാപപരിഹാര വഴികളാണ്. അത്തരം പശ്ചാത്താപ പരിഹാര പ്രവര്‍ത്തനങ്ങള്‍ വിളംബം വിനാ ചെയ്യേണ്ടതുമാണ്. എന്നോ അനുഷ്ഠിക്കാവുന്ന ഒരു ഹജ്ജ് വരെ അത് നീട്ടി വെക്കേണ്ടതുമില്ല.
പലരും ഹജ്ജ് ജീവിതത്തിലെ സായം സന്ധ്യയിലേക്ക് നീട്ടി വെക്കുന്നത് ഹജ്ജിനെ പാപനാശിനി പരി പ്രേക്ഷ്യത്തിലൂടെ മാത്രം ദര്‍ശിക്കുന്നതിനാലാണ്. യഥാര്‍ഥത്തില്‍ പരിശുദ്ധ ഹജ്ജ് ജഗന്നിയന്ഥാവായ റബ്ബിനോടുള്ള ബാധ്യതാ നിര്‍വഹണമാണ്. തമ്പുരാന്റെ വിളിക്ക് അടിയാന്‍ നല്‍കുന്ന വിനീതമായ ഉത്തരമാണത്. ജീവിതത്തിന്റെ അന്ത്യ ഘട്ടം വരെ നീട്ടി വെക്കാന്‍ പാടുളളതല്ല. ആയുസ്സിന്റെ അനിശ്ചിതത്വവും സൗകര്യവും സാഹചര്യവും എപ്പോഴും അങ്ങനെത്തന്നെ തുടരണമെന്നില്ല എന്ന അനുഭവ യാഥാര്‍ഥ്യവും വെച്ച് ചിന്തിക്കുമ്പോള്‍ ഹജ്ജ് കഴിവതും നേരത്തെ നിര്‍വഹിക്കണമെന്ന് നാം തിരിച്ചറിയുന്നു. എന്നാല്‍ ശിഷ്ട ജീവിതത്തില്‍ അതിന്റെ ഫലങ്ങള്‍ തനിക്കും കുടുംബത്തിനും സമൂഹത്തിനും അനുഭവിക്കാനാകും. വാര്‍ധക്യ കാലത്തില്‍ വേച്ച് വേച്ച് കിതപ്പും ക്ഷീണവുമായി ഹജ്ജ് അനുഷ്ഠിക്കുമ്പോള്‍ മഹത്തായ ഹജ്ജിനെ നന്നായി ആസ്വദിച്ചനുഭവിച്ച് പൂര്‍ണതയോടെ അനുഷ്ഠിക്കാനാവാതെ വരും. അങ്ങനെ വരുമ്പോള്‍ ഇവിടെ പുലരേണ്ട പല വിധ നന്മകളും വേണ്ടത്ര പുലരാതെ വരും.
ഇന്നത്തെ കാലത്ത് നമ്മള്‍ പണിയുന്ന വീടന്റെ ആഢംബരം കുറച്ചാല്‍ അല്ലെങ്കില്‍ ഒരു മുറി പിന്നീട് പണിയാമെന്ന് വെച്ചാല്‍ അല്ലെങ്കില്‍ വീടിന്നായി വാങ്ങുന്ന ഭൂമി രണ്ടോ മൂന്നോ സെന്റ് കുറച്ചാല്‍ ഹജ്ജ് നിര്‍വഹിക്കാന്‍ സാധിച്ചേക്കും. അങ്ങേയറ്റം സമ്പന്നത കൈവരിച്ച് എല്ലാ ആഡംബരങ്ങളും സ്വരൂപിച്ച് സകല മോഹങ്ങളും നടപ്പാക്കി ഒടുവില്‍ ചെയ്യേണ്ട ഒരു ചടങ്ങ് മാത്രമായി ഹജ്ജിനെ കാണാന്‍ പാടില്ലാത്തതാണ്. വളരെ കഷ്ടപ്പെട്ട് ഹജ്ജിനു പോകുന്നവരില്‍ പലരും സ്വന്തത്തില്‍ ഹജ്ജ് നിര്‍ബന്ധം ഇല്ലാത്തവരാണ്. മരുമകന്റെ കൈയിലോ അമ്മോശന്റെ കൈയിലോ സമ്പത്ത് ഉള്ളതിനാല്‍ അവരുടെ ഔദാര്യം സ്വീകരിച്ച് അനാരോഗ്യം ഉള്‍പ്പെടെയുള്ള വിഷമതകള്‍ പരിഗണിക്കാതെ ഹജ്ജിനു പോകുന്നവരുണ്ട്. അവരില്‍ പലരും സ്വന്തത്തില്‍ തീരെ കഴിവില്ലാത്തവരാണ്. ആ പുണ്യ സ്ഥലങ്ങള്‍ കാണുക എന്ന ആഗ്രഹപൂര്‍ത്തീകരണമാണ് പലരും ലാകാക്കുന്നത്. അത്തരം ആളുകള്‍ക്ക് സൗകര്യമുള്ള കാലഘട്ടത്തില്‍ സാവകാശം ഉംറ ചെയ്താല്‍ മതിയാവില്ലേ എന്നതും ചിന്തിക്കേണ്ട കാര്യമാണ്.
(കേരള സ്‌റ്റേറ്റ് ഹജ്ജ് കമ്മിറ്റി അംഗമായിരുന്നു ലേഖകൻ )