കോഴിക്കോട്-വര്‍ഷങ്ങളായി വാടക വീട്ടില്‍ കഴിയുന്ന വീട്ടുജോലിക്കാരിക്ക് വീട് നിര്‍മിച്ച് നല്‍കി ഒരു കുടുംബം. 14 വര്‍ഷമായി വാടകവീട്ടില്‍ കഴിയുന്ന ജന്മനാ ഇരു കണ്ണിനും കാഴ്ച പരിമിതിയിയുള്ള തോട്ടുമുക്കം മാടാമ്പി സ്വദേശി രാജു പൊയിലും ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബത്തിനാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. തോട്ടുമുക്കം നെല്ലിത്താനത്ത് സിറിയക് ജോസും കുടുംബവുമാണ് അഞ്ച് സെന്റ് സ്ഥലം വാങ്ങി ഇവര്‍ക്കായി വീട് വെച്ചത്.
നാല് മാസം മുമ്പാണ് ഒരു പാവപ്പെട്ട കുടുംബത്തിന് വീടുവച്ചു നല്‍കാനുള്ള ആഗ്രഹം സിറിയകും സഹോദരി മേരിക്കുട്ടിക്കും വന്ന് തുടങ്ങിയത്. കുടുംബവും അവരുടെ ആഗ്രഹത്തിനൊപ്പം നിന്നു. ആയിടെയാണ് വീട്ടിലെ ജോലിക്കാരിയായ സിന്ധുവിന്റെ കഥ അറിഞ്ഞത്. അവരെ കുറിച്ച് കൂടുതല്‍ പഠിച്ചപ്പോള്‍ അര്‍ഹയാണെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് അവര്‍ക്ക് വീടു വച്ച് നല്‍കാനുള്ള ഒരുക്കം തുടങ്ങി.
തോട്ടുമുക്കം ഭാഗത്തെ പല സ്ഥലങ്ങളിലും വീട് നിര്‍മിക്കാന്‍ സ്ഥലം അന്വേഷിച്ചെങ്കിലും ലഭ്യമായില്ല. തുടര്‍ന്ന്
ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ എടക്കാട്ട് പറമ്പില്‍ അഞ്ച് സെന്റ് സ്ഥലവും വീടും കണ്ടെത്തുകയായിരുന്നു. 'ഞങ്ങളുടെ വലിയ സ്വപ്നമായിരുന്നു ഒരു വീട്, ഇപ്പൊള്‍ അത് ലഭിച്ചതില്‍ വളരെ അധികം സന്തോഷമുണ്ട് ', സിന്ധുവും ഭര്‍ത്താവ് രാജുവും പറഞ്ഞു.
കൊടിയത്തൂര്‍ കോപറേറ്റിവ് അര്‍ബന്‍ സൊസൈറ്റി കളക്ഷന്‍ ജീവനക്കാരന്‍ കൂടിയാണ് സിറിയക് ജോസ്. ആര്‍ഭാടമില്ലാതെ നടന്ന ചടങ്ങില്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജോ ആന്റണി വീടിന്റെ താക്കോല്‍ കൈമാറി. വാര്‍ഡ് മെമ്പര്‍ ബഷീര്‍ ആധാരവും കൈമാറി.