കമ്പം - ഒരു വ്‌ളോഗര്‍ ഒപ്പിച്ച പണിയാണ് അരിക്കൊമ്പനെ പിടികൂടാനുള്ള ശ്രമം തകര്‍ത്തത്. കമ്പം ടൗണില്‍ രാവിലെ മുതല്‍ ആക്രമണം നടത്തിയ അരിക്കൊമ്പന്‍ പിന്നീടി പുളിമരത്തോട്ടത്തില്‍ നിലയുറപ്പിച്ചിരുന്നു. പുളിമരത്തോട്ടത്തില്‍വച്ച് മയക്കുവെടിവച്ച് ആരിക്കൊമ്പനെ പിടികൂടാനായിരുന്നു തമിഴ്‌നാട് വനംവകുപ്പിന്റെ പദ്ധതി. എന്നാല്‍ ആനയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ രണ്ട് വ്‌ളോഗര്‍മാര്‍ ഡ്രോണ്‍ പറത്തിയതോടെ ആന തിരിച്ചറിങ്ങി. ഇതോടെ ആനയെ പിടികൂടാനുള്ള തമിഴ്‌നാട് വനം വകുപ്പിന്റെ നീക്കം പാളുകയായിരുന്നു. ആനയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യൂട്യൂബ് ചാനല്‍ നടത്തുന്ന ഒരാളെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അരിക്കൊമ്പനെ മയക്കുവെടിവച്ചു പിടികൂടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ആനയെ മേഘമല കടുവാസങ്കേതത്തിനുള്ളില്‍ വിടാനാണ് ഉത്തരവ്. അതേസമയം കമ്പം ടൗണില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതു ലംഘിച്ച 20 പേര്‍ക്കെതിരെ കേസെടുത്തു.അരിക്കൊമ്പനെ നാളെ പിടികൂടി മാറ്റാനാണ് ഇപ്പോഴത്തെ തീരുമാനം. നിലവില്‍ ആന നില്‍ക്കുന്നത് കമ്പം ബൈപാസിന് സമീപം തെങ്ങിന്‍ തോപ്പിലാണ്. ദൗത്യത്തിനായി ആനമലയില്‍നിന്നു മൂന്നു കുങ്കിയാനകളെ എത്തിക്കും.