കൊച്ചി-സ്പാര്‍ക്ക് പ്ലഗ് എറിഞ്ഞ് കാറിന്റെ ഗ്ലാസ് പൊട്ടിച്ച് സ്വര്‍ണവും പണവും കവര്‍ച്ച ചെയ്ത പ്രതികള്‍ അറസ്റ്റിലായി. എറണാകുളം ഇടപ്പള്ളിയിലുള്ള വ്യാപാരസ്ഥാപനത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ഗാളാസ്സ് തകര്‍ത്ത് മോഷണം നടത്തിയ തിരുവന്തപുരം നാഗക്കോട് പുളിയറക്കോണം ശ്രീശൈലം വീട്ടില്‍ ശശികുമാര്‍ മകന്‍ ശരത്ത്(36), കോട്ടയം മുണ്ടക്കയം പുഞ്ചവയല്‍ തോട്ടക്കാട് വീട്ടില്‍ തങ്കച്ചന്‍ മകന്‍ റിനു(44) എന്നിവരെയാണ് കളമശേരി എസ് എച്ച് ഒ വിപിന്‍ദാസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
മോട്ടോര്‍ ബൈക്കുകളുടെ സ്പാര്‍ക്ക് പ്‌ളഗ്ഗ് ഉപയോഗിച്ചാണ് പ്രതികള്‍ ഗ്ലാസിന്റെ ചില്ല് തകര്‍ത്തിരുന്നത്. സ്പാര്‍ക്ക് പ്‌ളഗ്ഗ് എറിഞ്ഞ് വാഹനത്തിന്റെ ഗ്‌ളാസ്സ് പൊട്ടിക്കുന്ന ഈ രീതി യൂട്യൂബ് വീഡിയോയില്‍ നിന്നാണ് പഠിച്ചതെന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തി. മോട്ടോര്‍ സൈക്കിള്‍ വര്‍ക്ക് ഷോപ്പുകളില്‍ നിന്നാണ് ഇതിനായുള്ള സ്പാര്‍ക്ക് പ്‌ളഗ്ഗുകള്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ 10 ദിവസമായി കൊച്ചിയില്‍ തമ്പടിച്ചാണ് പ്രതികള്‍ കുറ്റകൃത്യം നടത്തിയത്. എറണാകുളം മറൈന്‍ ഡ്രൈവിലും ഇത്തരത്തില്‍ ഗ്‌ളാസ്സ് പൊട്ടിച്ച് മോഷണം നടത്തിയിട്ടുണ്ടെന്നും, ചേരാനെല്ലൂര്‍ അമൃത ആശുപത്രിയിലെ രോഗിയുടെ കൂട്ടിയിരിപ്പുകാരനെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നിട്ടുണ്ടെന്നും പ്രതികള്‍ കുറ്റസമ്മതം നടത്തി. പ്രതികള്‍ കവര്‍ച്ച ചെയ്ത സ്വര്‍ണ്ണവും, പണവു പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.