നോംപെന്‍- കംബോഡിയയില്‍ മുതലകളുടെ കുളത്തില്‍ വീണ വയോധികനെ നാല്‍പതോളം മുതലകള്‍ ചേര്‍ന്ന് കഷണങ്ങളാക്കി. കുടുംബത്തിന്റെ ഫാമില്‍ മുട്ടയിട്ട കൂട്ടില്‍ നിന്ന് ഒരു മുതലയെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 72 കാരനായ ലുവന്‍ നാമിനെ വടിയില്‍ പിടിച്ച് വലിച്ച് കുളത്തില്‍ വീഴ്ത്തിയത്.
മുട്ടയിടുന്ന കൂട്ടില്‍ നിന്ന് ഒരു മുതലയെ ഓടിച്ചുകൊണ്ടിരുന്നപ്പോള്‍ മുതല വടിയില്‍ പിടിച്ചതിനാലാണ് വീഴാന്‍ കാരണമായതെന്ന് സീം റീപ്പ് കമ്യൂണിലെ പോലീസ് മേധാവി മെയ് സാവ്രി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇയാളുടെ ഒരു കൈ മുതല കടിച്ച് വിഴുങ്ങിയെന്നും കഷണങ്ങളാക്കിയ നിലയിലാണ് മൃതദേഹം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക മുതല കര്‍ഷകരുടെ സംഘടനയുടെ പ്രസിഡന്റായിരുന്നു ലുവാന്‍ നാം. ഇഴജന്തുക്കളെ വളര്‍ത്തുന്നത് നിര്‍ത്തണമെന്ന് വര്‍ഷങ്ങളായി കുടുംബം അദ്ദേഹത്തോട് ആവശ്യപ്പെട്ടു വരികയായിരുന്നു. 2019 ല്‍ ഇതേ ഗ്രാമത്തിലെ കുടുംബത്തിന്റെ ഫാമില്‍ വഴിതെറ്റി എത്ിതയ രണ്ട് വയസ്സുകാരിയെ മുതലകള്‍ കൊന്ന് തിന്നിരുന്നുവെന്ന് പോലീസ് മേധാവി പറഞ്ഞു.
മുട്ട, തൊലി, മാംസം എന്നിവയ്ക്കും കുഞ്ഞുങ്ങളെ വില്‍ക്കാനുമാണ് കമ്പോഡിയക്കാര്‍ മുതലകളെ വളര്‍ത്തുന്നത്.