ജിദ്ദ- സൗദി അറേബ്യന്‍ സമ്പദ്ഘടന വീണ്ടും വളര്‍ച്ചയുടെ പാതയില്‍. ഇടക്കാലത്ത് വളര്‍ച്ചാ നിരക്കിലുണ്ടായ മുരടിപ്പിനുശേഷം ഈവര്‍ഷം ആദ്യാപദത്തില്‍ മൊത്തം ആഭ്യന്തര ഉല്‍പാദനം (ജി.ഡി.പി) 1.2 ശതമാനം വളര്‍ച്ച കൈവരിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്ക് വ്യക്തമാക്കുന്നു. നാല് പാദങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടായ തിരിച്ചടിക്കുശേഷമാണ് മാര്‍ച്ചില്‍ അവസാനിച്ച ആദ്യപാദത്തില്‍ വീണ്ടും വളര്‍ച്ചയിലെത്തിയത്.
2017 ലുണ്ടായ മുരടിപ്പിനുശേഷം സൗദി സമ്പദ്ഘടന കൈവരിച്ചിരിക്കുന്ന പുരോഗതി എണ്ണ വില തകര്‍ച്ചയെ അതിജീവിക്കാനും ഘടനപരമായ പരിഷ്‌കാരങ്ങളുമായി മുന്നോട്ടു പോകാനും കരുത്തു പകരുന്നതാണ്.
എണ്ണ മേഖലയിലും എണ്ണ ഇതര മേഖലയിലും ഒരുപോലെ നേടാനായ വളര്‍ച്ചയാണ് സമ്പദ്ഘടനയുടെ തിരിച്ചുവരവിന് സഹായകമായത്. 2018 ആദ്യ പാദത്തില്‍ എണ്ണ മേഖല 0.6 ശതമാനമാണ് വളര്‍ച്ച കൈവരിച്ചത്. നാല് വര്‍ഷം മുമ്പ് എണ്ണ വില ഇടിഞ്ഞു തുടങ്ങിയതിനുശേഷം ഇപ്പോള്‍ എണ്ണ വില കയറിത്തുടങ്ങിയതാണ് ഈ മേഖലക്ക് സഹായകമായത്. 2017 ല്‍ ഈ കാലയളവില്‍ ജി.ഡി.പിയില്‍ എണ്ണ മേഖല 4.3 ശതമാനം തകര്‍ച്ചയാണ് കാണിച്ചിരുന്നത്.
എണ്ണ ഇതര മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള പദ്ധതികളും നയങ്ങളും 1.6 ശതമാനം വളര്‍ച്ച കൈവരിക്കുന്നതിലേക്ക് നയിച്ചു. 2017 ആദ്യ പാദത്തില്‍ 1.3 ശതമാനമായിരുന്ന എണ്ണ ഇതര മേഖലയുടെ വളര്‍ച്ച. നിര്‍മാണ, മൈനിംഗ് മേഖലകള്‍ യഥാക്രമം 4.6, 6.3 ശതമാനം വളര്‍ച്ച നേടി. വിഷന്‍ 2030 പ്രകാരം ഈ മേഖലകളാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ നയിക്കുകയെന്നും സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പ്രതീക്ഷിക്കുന്നു.