Sorry, you need to enable JavaScript to visit this website.

സിദ്ദീഖിന്റെ കൊലപാതകം; പ്രതികളുമായി തെളിവെടുപ്പ് തുടങ്ങി

തിരൂര്‍-കോഴിക്കോട്ടെ ഹോട്ടല്‍ വ്യാപാരി തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദീഖിനെ (58) ലോഡ്ജ് മുറിയില്‍ നിഷ്ഠൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍
പ്രതികളെ പെരിന്തല്‍മണ്ണക്കടുത്തു അങ്ങാടിപ്പുറം പരിയാപുരം റോഡില്‍  ചീരട്ടാമലയിലെത്തിച്ചു തെളിവെടുപ്പ് നടത്തി. കൊലപാതകത്തിനു ശേഷം ഉപേക്ഷിച്ചുവെന്നു പറയുന്ന ഈ സ്ഥലത്ത് നിന്നു ശരീരഭാഗങ്ങള്‍ മുറിക്കാന്‍ ഉപയോഗിച്ച കട്ടറും ചെറിയ കത്തിയും തുണിയും ചുറ്റികയും ചെരിപ്പും രണ്ട് എ.ടി.എം കാര്‍ഡും കണ്ടെടുത്തു. ശേഷം മലപ്പുറത്ത് നിന്നുള്ള ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സാമ്പിളുകള്‍ ശേഖരിച്ചു. മലപ്പുറം എസ്.പി എസ്. സുജിത്ദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്. വരും ദിവസങ്ങളില്‍ പ്രതികളുമായി കൂടുതല്‍ തെളിവെടുപ്പുകള്‍ നടത്തുമെന്നു എസ്.പി അറിയിച്ചു.
കൊലപാതകത്തിനു പിന്നില്‍ ഹണിട്രാപ്പ് ആയിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സിദ്ദിഖിനെ നഗ്‌നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമവും അതിനെ എതിര്‍ത്തതുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ദാസ് വ്യക്തമാക്കി.സിദ്ദീഖിന്റെ പണം തട്ടിയെടുക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും എസ്.പി. പറഞ്ഞു. സിദ്ദീഖിന്റെ എ.ടി.എം കാര്‍ഡും മൃതദേഹം മുറിക്കാന്‍ പ്രതികള്‍ ഉപയോഗിച്ച ഇലക്ട്രിക് കട്ടറും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പ്രതികളുമായി നടത്തിയ തെളിവെടുപ്പില്‍ കണ്ടെടുത്തു. പ്രതികളെ തിരൂര്‍ ഡിവൈഎസ്പി ഓഫീസില്‍ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ സാന്നിധ്യത്തിലാണ് ഇന്നലെ ചോദ്യം ചെയ്തത്.
പാലക്കാട് വല്ലപ്പുഴ അച്ചീരിത്തൊടി വീട്ടില്‍ മുഹമ്മദ് ഷിബിലി (22), സുഹൃത്ത് ഒറ്റപ്പാലം ചളവറ കൊറ്റോടി വീട്ടില്‍ ഖദീജത്ത് ഫര്‍ഹാന (19), ഫര്‍ഹാനയുടെ സുഹൃത്തും നാട്ടുകാരനുമായ ആഷിക് (ചിക്കു-23) എന്നിവരാണ് കേസില്‍ നിലവില്‍ പ്രതിസ്ഥാനത്തുള്ള മൂന്നു പേര്‍. സിദ്ദിഖും ഫര്‍ഹാനയുടെ പിതാവും നേരത്തെ സുഹൃത്തുക്കളാണ്. അതുവഴി സിദ്ദിഖിന് ഫര്‍ഹാനയെ നേരത്തെ അറിയാം. ഇതില്‍ ഷിബിലി, സിദ്ദിഖിന്റെ ഹോട്ടലിലെ ജോലിക്കാരനായിരുന്നു. ഫര്‍ഹാന പറഞ്ഞതനുസരിച്ചാണ് സിദ്ദിഖ്, ഷിബിലിക്ക് ജോലി നല്‍കിയത്. സിദ്ദിഖ് കോഴിക്കോട്ടെ എരഞ്ഞിപ്പാലത്തെ ഡി കാസ ഹോട്ടലില്‍ മുറിയെടുത്തതു ഫര്‍ഹാന പറഞ്ഞിട്ടു തന്നെയായിരുന്നു. സിദ്ദിഖിനെ ഫര്‍ഹാനയാണ് ലോഡ്ജിലേക്ക് ക്ഷണിച്ചത്.പ്രതിസ്ഥാനത്തുള്ള ഈ മൂന്നുപേരും ഒരുമിച്ചാണ് ഹണിട്രാപ്പ് പദ്ധതി ആസൂത്രണം ചെയ്തത്.
18-ാം തിയതി ഷൊര്‍ണൂരില്‍ നിന്നാണ് ഫര്‍ഹാന കോഴിക്കോട്ടേക്ക് എത്തുന്നത്. പിന്നാലെ ചിക്കു എന്നു വിളിക്കുന്ന ആഷിക്കുമെത്തി. രണ്ടു പേരും ട്രെയിനിലാണ് വന്നത്.ഹോട്ടലിലെ ജോലിയില്‍ നിന്നു സിദ്ദിഖ് അന്ന് ഉച്ചക്ക് പറഞ്ഞുവിട്ട ഷിബിലി കോഴിക്കോട്ടുണ്ടായിരുന്നു. സംഭവം നടക്കുമ്പോള്‍ മൂന്നുപേരും ഈ ഹോട്ടലിലുണ്ടായിരുന്നു. ഹോട്ടല്‍ മുറിയില്‍ സിദ്ദിഖും ഫര്‍ഹാനയും സംസാരിക്കുമ്പോള്‍ അവിടേക്കെത്തിയ ആഷിക്കും ഷിബിലിയും ബലം പ്രയോഗിച്ച് സിദ്ദിഖിന്റെ നഗ്നചിത്രം പകര്‍ത്താന്‍ ശ്രമിച്ചു. ഇതിനിടെ പണത്തിന്റെ കാര്യം പറഞ്ഞും ഭീഷണിപ്പെടുത്തി. ഇതോടെ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കവും സംഘര്‍ഷവുമായി. ബലപ്രയോഗത്തിനിടെ സിദ്ദിഖ് താഴെവീണു. എന്തു തന്നെ സംഭവിച്ചാലും സിദ്ദിഖിനെ നേരിടുന്നതിനായി ഫര്‍ഹാന ഒരു ചുറ്റിക കൈവശം കരുതിയിരുന്നു. തര്‍ക്കത്തിനിടെ ഫര്‍ഹാന നല്‍കിയ
ഈ ചുറ്റിക കൊണ്ടു ഷിബിലി സിദ്ദിഖിനെ ആഞ്ഞടിച്ചു. തലക്കാണ് അടിച്ചത്. ഇതിനിടെ കൂടെയുണ്ടായിരുന്ന ആഷിഖ് സിദ്ദിഖിന്റെ നെഞ്ചില്‍ പലതവണ ചവിട്ടി. ഈ ചവിട്ടേറ്റു സിദ്ദിഖിന്റെ വാരിയെല്ല് തകര്‍ന്നു. തുടര്‍ന്നു മൂന്നു പേരും സംഘം ചേര്‍ന്നു സിദ്ദിഖിനെ ആക്രമിച്ചു. ഇതു ശ്വാസകോശത്തെ ബാധിച്ചു.നിരന്തരമുള്ള ആക്രമണമാണ്  മരണത്തിനിടയാക്കിയതെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ മനസിലാകുന്നുവെന്നും എസ്.പി
സുജിത്ത്ദാസ് പറഞ്ഞു.
ഷിബിലിയുടെ കൈവശം ഒരു കത്തിയുമുണ്ടായിരുന്നു. ഇതുവച്ചാണ് ഭീഷണിപ്പെടുത്തിയത്. സിദ്ദിഖ് മരിച്ചതോടെ
ഇവര്‍ കോഴിക്കോട് മാനാഞ്ചിറയില്‍ പോയി ഒരു ട്രോളി ബാഗ് വാങ്ങി. എന്നാല്‍ ഒറ്റ ബാഗില്‍ മൃതദേഹം കയറില്ലെന്ന് മനസിലായപ്പോള്‍ പിറ്റേന്നു ഒരു ഇലക്ട്രിക് കട്ടര്‍ വാങ്ങി. അതും കോഴിക്കോട്ടു നിന്നാണ് വാങ്ങിയത്.തുടര്‍ന്നു മൃതദേഹം കഷ്ണങ്ങളാക്കാന്‍ തീരുമാനിച്ചു. നേരത്തെ വാങ്ങിയ കടയില്‍ നിന്നു തന്നെ വീണ്ടുമൊരു ട്രോളിബാഗു കൂടി വാങ്ങി. തുടര്‍ന്നു കൊലപ്പെടുത്തിയ ജി- 4 മുറിയുടെ ബാത്ത്‌റൂമില്‍ വച്ചാണ് മൃതദേഹം കഷ്ണങ്ങളാക്കിയത്. ബാഗുകളിലാക്കിയ മൃതദേഹാവശിഷ്ടങ്ങള്‍ കാറില്‍ കയറ്റി അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ചു. ആയുധങ്ങളും രക്തംപുരണ്ട വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ളവ മറ്റൊരിടത്ത് വലിച്ചെറിഞ്ഞു. സിദ്ദിഖിന്റെ കാറും വഴിയില്‍ ഉപേക്ഷിച്ചു. കേസുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കളും തെളിവുനശിപ്പിക്കാനായി ഇവര്‍ ഉപേക്ഷിച്ചു.  
ഇതിനിടെ സിദ്ദിഖിനെ കാണാതായ മേയ് 18ന് തന്നെ ഇദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. സിദ്ദിഖിനെ കാണാതാവുകയും പിന്നാലെ അക്കൗണ്ടില്‍ നിന്നു എ.ടിയഎം ഉപയോഗിച്ച് പണം പിന്‍വലിക്കുകയും ഗൂഗിള്‍ പേ വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തതായി തിരിച്ചറിഞ്ഞ കുടുംബം 22ന് തിരൂര്‍ പോലീസില്‍ പരാതി നല്‍കി. സിദ്ദിഖിന്റെ മകന്റെ ഫോണിലേക്കായിരുന്നു എ.ടി.എം മെസേജുകള്‍ വന്നിരുന്നത്. ഹോട്ടലില്‍ വിശ്വസ്തനായി നിന്ന് ഷിബിലി, സിദ്ദിഖിന്റെ എ.ടി.എമ്മിന്റെ പാസ് വേര്‍ഡ് മനസിലാക്കിയിരുന്നു. ഇങ്ങനെയാണ് പണം പിന്‍വലിച്ചത്. ഇതിനിടെ കോഴിക്കോട്ടെ എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ സിദ്ദിഖ് മുറിയെടുത്തെന്ന വിവരം ലഭിച്ച തിരൂര്‍ പോലീസ് അന്വേഷണം ഷിബിലിയെ കേന്ദ്രീകരിച്ചാണ് മുന്നോട്ടുകൊണ്ടുപോയത്. ഇതോടെ കുടുങ്ങുമെന്നു മനസിലായ ഷിബിലിയും ഫര്‍ഹാനയും ട്രെയിന്‍ മാര്‍ഗം 24-ന് പുലര്‍ച്ചെ  ചെന്നൈയിലേക്കു കടന്നു. വൈകീട്ട് ചെന്നൈയിലെത്തി. അവിടെ നിന്നു ആസാമിലേക്ക് കടക്കാന്‍ പോകാന്‍ ശ്രമിക്കവെയായിരുന്നു അറസ്റ്റ്. ആഷിഖാണ് അട്ടപ്പാടിയില്‍ മൃതദേഹം തള്ളാനുള്ള പദ്ധതിയിട്ടത്. ചുരത്തിന്റെ ഏറ്റവും മുകളില്‍ കൊണ്ടുപോയി ഉപേക്ഷിക്കാനായിരുന്നു തീരുമാനം. ഇവര്‍ സഞ്ചരിച്ച കാര്‍ ചെറുതുരുത്തിയില്‍ നിന്നു കണ്ടെത്തിയിരുന്നു.

Latest News