തിരൂര്‍-ഹോട്ടല്‍ വ്യാപാരി സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ഫര്‍ഹാനയും ഷിബിലിയും തമ്മില്‍ വര്‍ഷങ്ങളുടെ പരിചയമാണുള്ളതെന്ന് ഫര്‍ഹാനയുടെ മാതാവിന്റെ വെളിപ്പെടുത്തല്‍. റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഫര്‍ഹാന ആദ്യമായി സിദ്ദീഖിനെ പരിചയപ്പെടുന്നത്. ഈ പരിചയത്തിന്റെ ഭാഗമായാണ് ഫര്‍ഹാന ഷിബിലിക്ക് ജോലി വാങ്ങി കൊടുക്കുന്നത്. ഫര്‍ഹാനയും ഷിബിലിയും തമ്മില്‍ ഏഴാംക്ലാസ് മുതല്‍ ഇഷ്ടത്തിലായിരുന്നു. പിന്നീട് 2021- ല്‍ ഷിബിലിക്കെതിരെ ഫര്‍ഹാന തന്നെ പോക്സോ കേസ് നല്‍കിയിരുന്നു. തുടര്‍ന്ന് ഷിബിലി ജയിലിലായി. പിന്നീട് ഇരുവരും വീണ്ടും പ്രണയത്തിലായി.
ഫര്‍ഹാന ആരെയും കൊല്ലില്ലെന്ന് ഫര്‍ഹാനയുടെ മാതാവ് പറയുന്നു. 'ഷിബിലി ചെയ്യിച്ചതാകും എല്ലാം. ഫര്‍ഹാനയെ എല്ലാത്തിനും പ്രേരിപ്പിക്കുന്നത് ഷിബിലിയാണ്. ഫര്‍ഹാനയെ കടക്കാരിയാക്കിയതും ഷിബിലിയാണ്. മോഷ്ടിക്കാന്‍ പ്രേരിപ്പിച്ചതും ഷിബിലിയാണ്'- മാതാവ് പറയുന്നു. ഷിബിലിയാണ് ഫര്‍ഹാനയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തിയത്. ഷിബിലിയുടെ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട രേഖകള്‍ ശരിയാക്കാനാണ് ഫര്‍ഹാനയെ കൊണ്ടുപോയതെന്നും
ഇതല്ലാതെ തങ്ങള്‍ക്ക് കേസുമായി ബന്ധപ്പെട്ട് ഒന്നുമറിയില്ലെന്നും ഫര്‍ഹാനയുടെ മാതാവ് പറഞ്ഞു. അതേ സമയം ഫര്‍ഹാനയുടെ പിതാവ് വഴിയാണ് സിദ്ദീഖിനെ പരിചയമെന്നും ആ പരിചയത്തിലാണ് ഷിബിലിക്കു ജോലി ശരിയാക്കിയതെന്നും പോലീസ് പറഞ്ഞു.
ഫര്‍ഹാനയും ഷിബിലിയും തമ്മില്‍ വിവാഹം കഴിക്കാന്‍ വേണ്ടി സമീപിച്ചെന്ന് ചളവറ മഹല്ല് കമ്മിറ്റി സെക്രട്ടറി പറഞ്ഞു. കഴിഞ്ഞ നോമ്പിന് മുന്നോടിയായി വിവാഹം നടത്താനായിരുന്നു ആവശ്യം. എന്നാല്‍ ഷിബിലിയുടെ മഹല്ലില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. അതുകൊണ്ട് വിവാഹം നടത്തി കൊടുത്തില്ല. മറ്റൊന്നും തങ്ങള്‍ക്ക് അറിയില്ലെന്നും മഹല്ല് കമ്മിറ്റി സെക്രട്ടറി ഹസന്‍ വ്യക്തമാക്കി.