Sorry, you need to enable JavaScript to visit this website.

ഹാളന്റിന്റെ വിശേഷങ്ങൾ

നോർവെക്കാരനാണെങ്കിലും എർലിംഗ് ഹാളന്റ് ജനിച്ചത് ഇംഗ്ലണ്ടിലെ ലീഡ്‌സിലാണ്, 2000 ജൂലൈ 21 ന്. അക്കാലത്ത് എർലിംഗിന്റെ പിതാവ് ആൽഫ് ഇൻഗെ ഹാളന്റ് ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ലീഡ്‌സ് യുനൈറ്റഡിന് കളിക്കുകയായിരുന്നു. നോർവെയിലെ ബ്രൈനിൽ വളർന്ന ഹാളന്റ് ചെറുപ്രായത്തിൽ ഫുട്‌ബോൾ കളിയാരംഭിച്ചു. 
2017 ൽ മോൾഡ എഫ്.കെയിൽ ചേർന്നു. മോൾഡക്കു വേണ്ടിയാണ് നോർവെ ലീഗിൽ അരങ്ങേറിയത്. അരങ്ങേറ്റ മത്സരത്തിൽ നാലു ഗോളടിച്ചു. അതോടെ ഓസ്ട്രിയൻ വമ്പന്മാരായ റെഡ്ബുൾ സാൽസ്ബർഗ് ഹാളന്റിനെ റാഞ്ചി. സാൽസ്ബർഗിൽ ദ്രുതഗതിയിലുള്ള വളർച്ചയായിരുന്നു. 
2019 ൽ ജർമൻ ബുണ്ടസ്‌ലിഗയിൽ ബൊറൂസിയ ഡോർട്മുണ്ടുമായി ഹാളന്റ് കരാറൊപ്പിട്ടു. സാൽസ്ബർഗിന്റെ സഹോദര ക്ലബ്ബായ ആർ.ബി ലെയ്‌സ്പിഷിന്റെ ഓഫർ ഹാളന്റ് നിരസിക്കുകയായിരുന്നു. ലെയ്‌സ്പിഷിനെതിരായ ആദ്യ മത്സരത്തിൽ ഹാളന്റ് അഞ്ചു ഗോളടിച്ചു. 
ഡോർട്മുണ്ടിൽ അടിവെച്ചടി മുന്നേറ്റമായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ ഓഗ്‌സ്ബർഗ് എഫ്.സിക്കെതിരെ ഹാട്രിക് നേടി. പിന്നീടങ്ങോട്ട് ആ ബൂട്ട് വിശ്രമിച്ചില്ല. 2020-21 സീസണിൽ യൂറോപ്പിലെ കിടയറ്റ സ്‌ട്രൈക്കർമാരിലൊരാളായി. 28 ജർമൻ ലീഗ് മത്സരങ്ങളിൽ 27 ഗോളടിച്ചു. ടോപ്‌സ്‌കോറർ പട്ടികയിൽ ബയേൺ മ്യൂണിക്കിന്റെ റോബർട് ലെവൻഡോവ്‌സ്‌കിക്കു പിന്നിൽ രണ്ടാം സ്ഥാനത്തെത്തി. ചാമ്പ്യൻസ് ലീഗിൽ പത്തു ഗോളടിച്ചു. പി.എസ്.ജിയുടെ കീലിയൻ എംബാപ്പെക്കൊപ്പം ടോപ്‌സ്‌കോറർ സ്ഥാനം പങ്കിട്ടു. അതോടെ 2022 ൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തി. സിറ്റിയിൽ കോച്ച് പെപ് ഗാഡിയോളക്കു കീഴിൽ അവിശ്വസനീയമായിരുന്നു ഹാളന്റിന്റെ വളർച്ച. ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ ആദ്യ സീസണിൽ എല്ലാ ഗോളടി റെക്കോർഡുകളും ഹാളന്റ് ഭേദിച്ചു. 
പരമ്പരാഗതവും ആധുനികവുമായ ശൈലികളുടെ സമ്മേളനമാണ് ഹാളന്റിൽ കാണുക. ഫിനിഷിംഗിലെ കൃത്യത അമ്പരപ്പിക്കുന്നതാണ്. ആറടി നാലിഞ്ച് ഉയരമുണ്ട്. അതിനൊത്ത കരുത്തും വേഗവും ചടുലതയും. രണ്ടു കാലു കൊണ്ടും തല കൊണ്ടും ഗോളടിക്കാൻ മിടുക്കൻ. ശൂന്യതയിൽ നിന്നു വരെ ഗോൾ സൃഷ്ടിക്കും. ലോക ഫുട്‌ബോൾ കണ്ട എക്കാലത്തെയും മികച്ച സ്‌ട്രൈക്കർമാരിലൊരാളായി വളരുകയാണ് ഈ യുവ താരം. 
പാരമ്പര്യം
കായിക പാരമ്പര്യമുണ്ട് ഹാളന്റിന്. പിതാവ് ആൽഫെ ഇൻഗെ പ്രൊഫഷനൽ ഫുട്‌ബോളറായിരുന്നു. മാഞ്ചസ്റ്റർ സിറ്റിയുൾപ്പെടെ ക്ലബ്ബുകൾക്ക് കളിച്ചിട്ടുണ്ട്. 2001 ൽ ആൽഫെക്കെതിരെ മാഞ്ചസ്റ്റർ യുനൈറ്റഡിനെ റോയ് കീൻ വൃത്തികെട്ട ടാക്ലിംഗ് നടത്തിയിരുന്നു. ഹാളന്റിന്റെ അമ്മ ഗ്രയ് മരിയ ബ്രൗൺ തൊണ്ണൂറുകളിൽ നോർവെയുടെ ദേശീയ ഹെപ്റ്റാത്തലൺ ചാമ്പ്യനായിരുന്നു. മുത്തച്ഛൻ അറിയപ്പെടുന്ന ദീർഘദൂര ഓട്ടക്കാരനായിരുന്നു. 
ഹാന്റ്‌ബോളിന്റെ നഷ്ടം
ഒരുപാട് കായിക ഇനങ്ങളിൽ തൽപരനായിരുന്നു ഹാളന്റ്. പതിനാലാം വയസ്സാവുമ്പോഴേക്കും ഹാന്റ്‌ബോളിലും അത്‌ലറ്റിക്‌സിലും ക്രോസ്‌കൺട്രി സ്‌കീയിംഗിലും മികവു കാട്ടി. ഹാന്റ്‌ബോളിലെ കഴിവു കണ്ട് ഒരുപാട് കോച്ചുമാർ ഹാളന്റിന്റെ പിറകെ കൂടിയിരുന്നു. ഹാളന്റ് മുൻനിര കളിക്കാരനാവുമെന്ന് നോർവെയുടെ ദേശീയ ഹാന്റ്‌ബോൾ കോച്ച് വിശ്വസിച്ചു.
ലോക റെക്കോർഡ്
അഞ്ചാം വയസ്സിൽ ഹാളന്റ് ലോക റെക്കോർഡ് സൃഷ്ടിച്ചിരുന്നു. സ്റ്റാന്റിംഗ് ജമ്പിൽ. 2006 ജനുവരി 22 ന് ഹാളന്റ് ചാടിയത് 1.63 മീറ്ററായിരുന്നു. 17 വർഷം പിന്നിട്ടിട്ടും ആ റെക്കോർഡ് നിലനിൽക്കുന്നു. ഫുട്‌ബോളിൽ ഹാളന്റിന്റെ ടവറിംഗ് ഹെഡറുകളും സൈഡ് വോളികളും കാണുമ്പോൾ ഓർക്കുക, അഞ്ചാം വയസ്സിൽ റെക്കോർഡ് ചാട്ടം കാഴ്ചവെച്ച പയ്യനാണ് ഇത്. 
കൈവിട്ട ഇംഗ്ലണ്ട് ജഴ്‌സി
ഹാളന്റിന് ഇതുവരെ ലോകകപ്പിൽ കളിക്കാനായിട്ടില്ല. നോർവെ യോഗ്യത നേടാതിരുന്നതാണ് കാരണം. നോർവെക്ക് വേണ്ടി 23 കളികളിൽ 21 ഗോളടിച്ചിട്ടുണ്ട്. എന്നാൽ വേണമെങ്കിൽ ഇംഗ്ലണ്ടിന് കളിക്കാമായിരുന്നു ഹാളന്റിന്. ലീഡ്‌സിലാണ് ജനിച്ചത് എന്ന കാരണത്താൽ. എന്നാൽ പിതാവിനെ പോലെ നോർവെയും മാഞ്ചസ്റ്റർ സിറ്റിയുമാണ് ഹാളന്റ് തെരഞ്ഞെടുത്തത്. ഹാളന്റും ഹാരി കെയ്‌നും തമ്മിലുള്ള കൂട്ടുകെട്ട് യാഥാർഥ്യമായിരുന്നുവെങ്കിൽ ഇംഗ്ലണ്ട് ഖത്തറിൽ ലോകകപ്പ് നേടുമായിരുന്നോ? 
ഹാളന്റിന്റെ പ്രിയ താരം
നിരവധി കളിക്കാരെ ഹാളന്റ് പേരെടുത്തു പറഞ്ഞിട്ടുണ്ട്. ലിയണൽ മെസ്സിയും ക്രിസ്റ്റ്യാനൊ റൊണാൾഡോയുമൊക്കെ അതിൽ പെടും. എന്നാൽ ഏറ്റവുമധികം ആവർത്തിക്കുന്നത് സ്ലാറ്റൻ ഇബ്രഹിമോവിച്ചിന്റെ പേരാണ്. 2022 സെപ്റ്റംബറിൽ മുൻ ക്ലബ്ബ് ഡോർട്മുണ്ടിനെതിരെ നേടിയ കരാട്ടെ കിക്ക് ഗോൾ സ്ലാറ്റനെ ഓർമിപ്പിക്കുന്നതാണ്. ഈ ഫോമിൽ ഹാളന്റിന് ബാലൻഡോർ ദൂരെയല്ല. ഒരുപക്ഷേ അടുത്ത സീസണിൽ തന്നെ ലഭിച്ചേക്കാം. സ്ലാറ്റന് ഇതുവരെ സാധിക്കാത്ത നേട്ടമാണ് അത്. 
മാൻചൈൽഡ്
23 വയസ്സ് തികഞ്ഞിട്ടില്ലെങ്കിലും ഭയപ്പെടുത്തുന്നതാണ് ഹാളന്റിന്റെ സാന്നിധ്യം. ഈ വളർച്ച പെട്ടെന്നുണ്ടായതല്ല. മോൾഡ് യൂത്ത് ടീമിൽ കളിക്കുമ്പോൾ തന്നെ അതികായനായിരുന്നു ഹാളന്റ്. കൂട്ടുകാർ മാൻചൈൽഡ് എന്നാണ് വിളിച്ചിരുന്നത്. 
പ്രയാസകരമായ തുടക്കം
ആദ്യ കാലത്ത് ഇത്ര പ്രശസ്തനായിരുന്നില്ല ഹാളന്റ്. അഞ്ചാം വയസ്സിൽ നോർവെയിലെ ബ്രയ്ൻ അക്കാദമിയിലായിരുന്നു തുടക്കം. പതിനഞ്ചാം വയസ്സിൽ ആദ്യമായി സീനിയർ ടീമിനു കളിച്ചു. 
ഓസ്‌ലൊ ടീമിനെതിരായ അരങ്ങേറ്റത്തിൽ ബ്രയ്ൻ തോൽക്കുന്നതു കാണാൻ ആകെ എത്തിയത് 1649 പേരായിരുന്നു. ആദ്യ 16 കളികളിൽ ഗോളടിക്കാനായില്ല. എങ്കിലും നോർവെയിലെ ഏറ്റവും പ്രമുഖ ക്ലബ്ബായ മോൾഡ എഫ്.കെ ആ പ്രതിഭ തിരിച്ചറിഞ്ഞു. ഓലെ ഗുണ്ണർ സോൾസ്‌ക്ജയറായിരുന്നു അക്കാലത്ത് മോൾഡ കോച്ച്. 
ഒരു കളിയിൽ ഒമ്പത് ഗോൾ
സാൽസ്ബർഗിലെത്തിയതു മുതൽ ഗോളടി യന്ത്രമാണ് ഹാളന്റ്. ഒരു കളിയിൽ ഒമ്പത് വരെ ഗോളടിച്ചിട്ടുണ്ട്. അണ്ടർ-20 ലോകകപ്പിൽ ഹോണ്ടൂറാസിനെതിരെയാണ് ഹാട്രിക്കുകളുടെ ഹാട്രിക് സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ നോർവെ പുറത്തായെങ്കിലും ഹാളന്റ് ടോപ്‌സ്‌കോറർക്കുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. 
അലാറം ബെൽ
ചാമ്പ്യൻസ് ലീഗ് രാത്രികൾക്കു വേണ്ടിയാണ് ഹാളന്റ് ജീവിക്കുന്നത്. ചാമ്പ്യൻസ് ലീഗ് ഗാനമാണ് ഹാളന്റിന്റെ പ്രഭാത അലാറം. ചാമ്പ്യൻസ് ലീഗിൽ ജൂൺ പത്തിന് മാഞ്ചസ്റ്റർ സിറ്റി ഫൈനൽ കളിക്കുകയാണ്, ഇന്റർ മിലാനെതിരെ. ഹാളന്റ് സ്വപ്‌നനേട്ടത്തിന് തൊട്ടരികിലാണ്. 

മിക്ക അത്‌ലറ്റുകളും ഭക്ഷണത്തിൽ ജാഗ്രത കാണിക്കും. ഹാളന്റും പോഷകാംശമുള്ള ഭക്ഷണം ധാരാളം കഴിക്കും. ഡയറ്റിഷ്യന്മാരുടെ ഉപദേശത്തെക്കാൾ ഹാളന്റിന് ഇഷ്ടം ക്രിസ്റ്റ്യാനോയുടെ ഭക്ഷണ രീതികൾ പിന്തുടരാനാണ്. മത്സ്യവും ചിക്കനും പാസ്റ്റയുമാണ് ഇഷ്ടം. ഉപ്പും സോസും തൊടില്ല. 
അസാധാരണ വേഗം
വലിയ ചുവടുകളിൽ കുതിക്കാൻ ഹാളന്റിന് സാധിക്കും. അസാധാരണ വേഗമാണ്. 2020 ൽ പി.എസ്.ജിക്കെതിരായ ചാമ്പ്യൻസ് ലീഗിലെ കുതിപ്പ് അമ്പരപ്പിക്കുന്നതായിരുന്നു. 2018 ലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ 60 മീറ്റർ ഓട്ടത്തിന് യോഗ്യത നേടാൻ മാത്രം വേഗമുണ്ടായിരുന്നു. മണിക്കൂറിൽ 36 കിലോമീറ്റർ വേഗം. 
തുടരെ അഞ്ചെണ്ണം
ചാമ്പ്യൻസ് ലീഗിൽ ഹാളന്റിന്റെ തുടക്കം അവിശ്വസനീയമായിരുന്നു. 14 മത്സരങ്ങളിൽ 20 ഗോളടിച്ചു. ഏറ്റവും വേഗത്തിൽ 20 ഗോളടിച്ച കളിക്കാരനായി, ഏറ്റവും ചെറിയ പ്രായത്തിലും. ഈ റെക്കോർഡ് ആരെങ്കിലും മറികടക്കുമായിരിക്കാം. എന്നാൽ മറ്റൊരു റെക്കോർഡ് തകർക്കുക ഏതാണ്ട് അസാധ്യമാണ്. ഗെൻകിനെതിരായ മത്സരത്തിൽ റിസർവ് ബെഞ്ചിൽ നിന്ന് വന്ന് ഹാളന്റ് സ്‌കോർ ചെയ്തു. തുടർച്ചയായ അഞ്ചാമത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിലാണ് ഹാളന്റ് ഗോളടിച്ചത്. ആദ്യമായാണ് ഒരു ടീനേജർ ഈ നേട്ടം കൈവരിക്കുന്നത്. തുടർച്ചയായി അഞ്ചു കളികളിൽ ഗോളടിക്കാൻ സാധിച്ച മറ്റുള്ളവരാരെന്നറിയേണ്ടേ -നെയ്മാർ, റൊണാൾഡൊ, ലെവൻഡോവ്‌സ്‌കി, അലസാന്ദ്രൊ ദെൽപിയറൊ
മിന്നൽ വേഗത്തിൽ അഞ്ച്
ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അഞ്ച് ഗോളടിച്ച മൂന്നു കളിക്കാരിലൊരാളാണ്. ലിയണൽ മെസ്സിയും അഡ്രിയാനോയുമാണ് മറ്റുള്ളവർ. 
ലെയ്പ്‌സിഷിനെതിരായ സിറ്റിയുടെ 7-0 വിജയത്തിലായിരുന്നു ഹാളന്റിന്റെ ഗോളുകൾ. 57 മിനിറ്റേ വേണ്ടിവന്നുള്ളൂ അഞ്ചു ഗോളിന്. 
മെസ്സിക്ക് 84 മിനിറ്റും അഡ്രിയാനോക്ക് 82 മിനിറ്റിലുമാണ് അത് സാധിച്ചത്. 
30 ഗോളിലേക്ക് കുതിപ്പ്
വെറും 25 കളികളേ വേണ്ടിവന്നുള്ളൂ ചാമ്പ്യൻസ് ലീഗിൽ 30 ഗോളടിക്കാൻ. ഏറ്റവും വേഗത്തിലും ഏറ്റവും ചെറുപ്പത്തിലും ഈ നേട്ടം കൈവരിക്കാൻ സാധിച്ചു. വേഗത്തിന്റെ കാര്യത്തിൽ റൂഡ് വാൻനിസ്റ്റൽറൂയിയുടെ റെക്കോർഡാണ് മറികടന്നത്. പ്രായത്തിൽ മെസ്സിയുടെ റെക്കോർഡും.  
പന്തുകളുമായി ഉറക്കം
പന്തുകളെ തൊട്ടുതലോടിയാണ് ഹാളന്റ് ഉറങ്ങുക. സാൽസ്ബർഗിലായിരിക്കുമ്പോൾ മുതലുള്ള ശീലമാണ്. അഞ്ച് പന്തുകൾ വരെ കിടക്കയിലുണ്ടാവും. ഹാട്രിക് നേടിയാൽ ലഭിക്കുന്ന പന്തുമായി ഉറങ്ങാൻ കിടക്കും. ഹാട്രിക് നേടുന്ന വേഗം കണക്കിലെടുക്കുമ്പോൾ കിടക്കക്ക് വലിയ വിസ്താരം വേണ്ടിവന്നേക്കാം. 

Latest News