കോഴിക്കോട് / മലപ്പുറം - സി.പി.എം ഭരിക്കുന്ന പുളിക്കൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ സാംസ്‌കാരിക പ്രവർത്തകൻ റസാഖ് പയമ്പ്രോട്ട് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ മുഹമ്മദ്.
ഫാക്ടറി വിഷയത്തിൽ റസാഖ് പയമ്പ്രോട്ട് നിയമത്തിന്റെ വഴി തേടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റിനേയും ഭരണസമിതിയേയും പ്രതിക്കൂട്ടിൽ നിർത്തി അധിക്ഷേപിക്കാനാണ് റസാഖ് ശ്രമിച്ചത്. പ്ലാസ്റ്റിക് ഫാക്ടറിക്ക് അനുമതി നൽകിയത് എൽ.ഡി.എഫ് അല്ല, യു.ഡി.എഫ് ഭരണസമിതിയുടെ കാലത്താണ്. റസാഖ് പയമ്പ്രോട്ടിന്റെ സഹോദരൻ അഹമ്മദ് ബഷീർ മരിച്ചത് പ്ലാസ്റ്റിക് മാലിന്യപ്രശ്‌നം മൂലമാണെന്ന പ്രചാരണത്തിന് ശാസ്ത്രീയ തെളിവുകൾ ഇല്ലെന്നും പ്രസിഡന്റ് വാദിച്ചു.
അതേസമയം മരണത്തിൽ യു.ഡി.എഫ് നേതൃത്വത്തിലുള്ള പ്രതിഷേധം ഇന്നും നടക്കും. സാമൂഹ്യപ്രവർത്തകൻ തൂങ്ങിമരിക്കാൻ ഇടയായ സംഭവത്തിൽ കുറ്റക്കാരായ പഞ്ചായത്ത് ഭരണസമിതി, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. മരണത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. റസാഖിന് നീതി ലഭിക്കണമെന്നും സ്വന്തം സ്വത്തുക്കളെല്ലാം പാർട്ടിക്ക് തീറെഴുതി കൊടുത്ത ഒരു സി.പി.എം പ്രവർത്തകന് പോലും ഇതാണ് അവസ്ഥയെങ്കിൽ എന്തായാരിക്കും മറ്റുള്ളവരുടെ സ്ഥിതിയെന്ന് പ്രതിഷേധക്കാർ ചോദിക്കുന്നു. പ്രദേശത്ത് ആരോഗ്യ പരിസ്ഥിതി പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന കൊട്ടപ്പുറത്തെ സ്വകാര്യ പ്ലാസ്റ്റിക് പ്ലാന്റിനെതിരെ നടപടി എടുക്കാതെ പഞ്ചായത്ത് കൈ കഴുകുന്നത് അംഗീകരിക്കാനാവില്ല.
പ്ലാന്റ് കാരണം പരിസര പ്രദേശങ്ങളിൽ ശ്വാസകോശ സംബന്ധമായ പല രോഗങ്ങളും പടരുന്നത് ചൂണ്ടിക്കാട്ടി പഞ്ചായത്തിനും വിവിധ വകുപ്പുകൾക്കും റസാഖ് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. തന്റെ മൂത്ത സഹോദരൻ ശ്വാസകോശരോഗം ബാധിച്ച് മരിച്ചത് പ്ലാന്റിലെ പുക ശ്വസിച്ചാണെന്ന പരാതിയും ഇദ്ദേഹം പല തവണ ഉയർത്തി. എന്നാൽ പഞ്ചായത്ത് ഭരണ സമിതി ഈ വിഷയത്തിൽ ഒരു നടപടിയും എടുത്തില്ലെന്നാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും പക്ഷം.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്നായിരുന്നു റസാഖിന്റെ ജ്യേഷ്ഠൻ ബഷീറിന്റെ മരണം. ഇതേക്കുറിച്ച് റസാഖ് സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ എഴുതിയിരുന്നു. ഈ വിഷയത്തിൽ പഞ്ചായത്തിൽ നല്കിയ പരാതികളെല്ലാം കഴുത്തിൽ കെട്ടിയായിരുന്നു റസാഖ് ജീവനൊടുക്കിയത്. സി.പി.എമ്മിന്റെ സജീവ പ്രവർത്തകനായിരുന്ന റസാഖ് ഇ.എം.എസ് മന്ദിരത്തിനായി വീടും സ്ഥലവുമുൾപ്പെടെ ദാനം ചെയ്തിരുന്നു.
പോസ്റ്റ്‌മോർട്ടം നടപടികൾക്കു ശേഷം റസാഖിന്റെ മൃതദേഹം കോഴിക്കോട് ലളിത കലാ അക്കാദമിയിൽ പൊതുദർശനത്തിന് വച്ചു. സാംസ്‌കാരിക പ്രവർത്തകർ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ഒട്ടേറെ പേർ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് മാവൂർ റോഡിലെ വൈദ്യുത ശ്മശാനത്തിൽ സംസ്‌കരിച്ചു. റസാഖിന്റെ മരണം എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. ജീവനെടുക്കാൻ ഇടയാക്കിയ കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്ന വികാരമാണ് റസാഖിനെ സ്‌നേഹിക്കുന്നവരെല്ലാം പങ്കുവെച്ചത്.